Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹരിതക്കൊടിയുടെ വീര്യം  കാക്കുന്ന മലപ്പുറം  


സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നിയമസഭാ മണ്ഡലങ്ങളുള്ള ജില്ല  മലപ്പുറമാണ്-  പതിനാറ്. സംസ്ഥാനത്ത് ഇടതുതരംഗമുണ്ടായ 2016 ൽ പോലും 10 സീറ്റിൽ ലീഗാണ് വിജയിച്ചത്.  പൊന്നാനി, തവനൂർ, നിലമ്പൂർ, താനൂർ സീറ്റുകളിൽ സിപിഎം വിജയിച്ചു. ഇത്തവണ പലയിടത്തും സ്വതന്ത്രരെയാണ് എൽഡിഎഫ് മത്സരിപ്പിക്കുന്നത്.  എൻഡിഎക്ക് നിർണായകമായ സ്വാധീനം ഒരു മണ്ഡലത്തിലുമില്ല എന്നു പറയാം. 


സ്പീക്കർ പി ശ്രീരാമകൃഷ്ണൻ കഴിഞ്ഞ രണ്ടു തവണയും വിജയിച്ച പൊന്നാനിയാണ് തീപ്പാറുന്ന മത്സരം നടക്കുന്ന ഒരു മണ്ഡലം. കഴിഞ്ഞ 15 വർഷമായി ഇടതിന്റെ കൈവശമാണ് പൊന്നാനി. തുടർച്ചയായി രണ്ടിൽ കൂടുതൽ തവണ ഒരാൾ മത്സരിക്കേണ്ട എന്ന സിപിഎമ്മിന്റെ അപ്രതീക്ഷിത തീരുമാനത്തിന്റെ ഭാഗമായി ഇവിടെ സ്പീക്കർ പി ശ്രീരാമകൃഷ്ണന് മാറി നിൽക്കേണ്ടിവന്നു.  മുതിർന്ന നേതാവ് ടി. നന്ദകുമാറാണ് സിപിഎം സ്ഥാനാർഥി. കോൺഗ്രസാകട്ടെ, യുവനേതാവ് രോഹിത്തിനെയാണ് രംഗത്തിറക്കിയത്. അനുഭവ സമ്പത്തും യുവത്വവും തമ്മിലാണ് ഇവിടത്തെ ഏറ്റുമുട്ടൽ. നിലമ്പൂരിലും നടക്കുന്നത് ചെറിയ പോരാട്ടമല്ല. സിറ്റിംഗ് എംഎൽഎ പി.വി അൻവറിനെതിരെ ഡിസിസി പ്രസിഡന്റും നാട്ടുകാരനുമായ വി വി പ്രകാശിനെയാണ് കോൺഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്. അൻവർ കഴിഞ്ഞ അഞ്ചു വർഷം ഏറെ ആരോപണങ്ങൾക്ക് വിധേയനായിരുന്നു. നിയമ വിരുദ്ധമായി നിർമിച്ചു എന്നാരോപിക്കപ്പെടുന്ന തടയണ പ്രശ്‌നം ഇപ്പോഴും പരിഹരിച്ചിട്ടില്ല. വാണിജ്യാവശ്യത്തന് മാസങ്ങളോളം വിദേശത്ത് കഴിഞ്ഞതും വലിയ വിവാദത്തിനു തിരി കൊളുത്തിയിരുന്നു. കോൺഗ്രസിലാകട്ടെ ഏറെക്കാലം ആര്യാടൻ മുഹമ്മദിന്റെയും പിന്നീട് മകൻ ആര്യാടൻ ഷൗക്കത്തിന്റെയും കുത്തകയായിരുന്നു നിലമ്പൂർ.  ആര്യാടൻ ഷൗക്കത്തിനായി ഇക്കുറിയും പാർട്ടിയിൽ ശബ്ദമുയർന്നു. എന്നാലദ്ദേഹത്തെ താൽക്കാലികമായി ഡിസിസി പ്രസിഡന്റായി നിയമിച്ചിരിക്കുകയാണ്. 


തവനൂരിൽ ശക്തനായ മന്ത്രി കെ.ടി ജലീൽ തന്നെയാണ് ഇക്കുറിയും ഇടതു സ്ഥാനാർത്ഥി. ജലീലിനെ നേരിടാൻ കോൺഗ്രസ് കണ്ടെത്തിയത് ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലിനെയാണ്. 2016 ൽ 17000 ത്തോളമാണ് ജലീലിനു ഭൂരിപക്ഷം ലഭിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കുറഞ്ഞിട്ടുണ്ട്. 


യൂത്ത് ലീഗ് നേതാവ് നജീബ് കാന്തപുരവും ലീഗ് ടിക്കറ്റിൽ വിജയിച്ച് മലപ്പുറം നഗരസഭ ചെയർമാനാകുകയും ഇപ്പോൾ ഇടത്തോട്ടു മാറുകയും ചെയ്ത കെ.പി മുസ്തഫയും തമ്മിലാണ് പെരിന്തൽമണ്ണയിൽ മത്സരം. നേതാക്കൾ പലരുമുള്ളപ്പോൾ ലീഗ് വിമതനു സീറ്റ് നൽകിയതിൽ ഇടത് അണികളിൽ അസ്വാരസ്യമുണ്ട്. നേരത്തെ എൽഡിഎഫിലായിരുന്ന മഞ്ഞളാംകുഴി അലിയിലൂടെയാണ് യുഡിഎഫ് ഈ മണ്ഡലം തിരിച്ചുപിടിച്ചതെന്നത് വേറെ കാര്യം. 2016 ൽ കേവലം 579 വോട്ടുമാത്രമായിരുന്നു അലിയുടെ ഭൂരിപക്ഷം. അലി ഇക്കുറി മങ്കടയിലാണ് മത്സരിക്കുന്നത്. ലീഗ് കോട്ടയായ താനൂരിൽ 2016 ൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി വി അബ്ദുൾ റഹ്മാന്റെ വിജയം അപ്രതീക്ഷിതമായിരുന്നു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസിനെയാണ് യുഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്  മുസ്‌ലിം ലീഗിന്റെ ശക്തിദുർഗമായ  കൊണ്ടോട്ടിയിൽ ലീഗ് പ്രതിനിധികളല്ലാതെ ആരും  നിയമസഭയിലെത്തിയിട്ടില്ല. 2016 ൽ വിജയിച്ച ലീഗ് നേതാവ് ടിവി ഇബ്രാഹിമാണ് ഇത്തവണയും മത്സരിക്കുന്നത്.  സുലൈമാൻ ഹാജിയെയാണ് ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാർഥിയായി രംഗത്തിറക്കിയിരിക്കുന്നത്. 
ജില്ലയിലെ ശ്രദ്ധേയ മണ്ഡലമാണ് പി.കെ കുഞ്ഞാലിക്കുട്ടി മൽസരിക്കുന്ന വേങ്ങര. അഖിലേന്ത്യാ തലത്തിൽ ഫാസിസത്തിനെതിരെ പോരാടുമെന്നു പ്രഖ്യാപിച്ച് ലോക്‌സഭയിലേക്കു പോയ അദ്ദേഹം രാജിവെച്ച് വീണ്ടും നിയമസഭയിലേക്ക് ജനവിധി തേടുന്നതിൽ ഒരു വിഭാഗത്തിന് അമർഷമുണ്ട്. മുസ്‌ലിം ലീഗ് അനുഭാവി കെ.പി സബാഹ് ഇതിനെതിരെ  സ്വതന്ത്രനായി ജനവിധി തേടുന്നു.  ഇടതുപക്ഷ സ്ഥാനാർഥിയായി ഡിവൈഎഫ്ഐ നേതാവ് പി ജിജിയാണ് മത്സരിക്കുന്നത്. 


വിജയിച്ച ഒരാളൊഴികെ എല്ലാവരും മന്ത്രിമാരായ ചരിത്രമാണ് തിരൂരങ്ങാടിയ്‌ടേത്. എ കെ ആന്റണിയും  അവുക്കാദർകുട്ടി നഹയും  യു എ ബീരാനും കെ കുട്ടി അഹമ്മദ് കുട്ടിയും പി കെ അബ്ദുറബ്ബുമൊക്കെ അതിൽ പെടും. ഇക്കുറി സംസ്ഥാന സെക്രട്ടറി കെ പി എ മജീദിനെയാണ് ലീഗ് രംഗത്തിറക്കിയത്. കഴിഞ്ഞ തവണ മികച്ച പോരാട്ടം കാഴ്ച വെച്ച നിയാസ് പുളിക്കലകത്താണ് സിപിഐ സ്ഥാനാർത്ഥി. യുഡിഎഫിന്റെ ഉരുക്കു കോട്ടയാണ് വണ്ടൂർ. 1977 ൽ രൂപീകൃതമായ ശേഷം ഒരു തവണ മാത്രമേ വണ്ടൂരിൽ ചെങ്കൊടി പാറിയുട്ടുള്ളൂ, 1996 ൽ. 
സിറ്റിങ് എംഎൽഎ പന്തളം സുധാകരനെ അടിച്ചിരുത്തി സിപിഎമ്മിന്റെ എൻ.കണ്ണൻ ജയിച്ചു.  എന്നാൽ 2001 ൽ കണ്ണനെ പരാജയപ്പെടുത്തി എ.പി അനിൽ കുമാർ രംഗത്തെത്തി. ഇത്തവണ അനിൽ കുമാറിനെതിരെ സിപിഎം കളത്തിലിറക്കിയത് മുസ്‌ലിം ലീഗ് പിന്തുണയിൽ പഞ്ചായത്ത് പ്രസിഡന്റായ പി മിഥുനയെ ആണ്. 


തിരൂരിലാകട്ടെ, നാട്ടുകാർ തമ്മിലാണ് പോരാട്ടം. ലീഗ് പ്രാദേശിക നേതാവ് കുറുക്കോളി മൊയ്തീൻ യുഡിഎഫിനും സിപിഎം സ്വതന്ത്രൻ ഗഫൂർ പി ലില്ലീസ് എൽഡിഎഫിനുമായി മത്സരിക്കുന്നു. കാലിക്കറ്റ് സർവകലാശാല മുൻ വിസി ഡോ എം അബ്ദുൽ സലാമിനെ എൻഡിഎ രംഗത്തിറക്കിയിട്ടുണ്ട്. ലീഗ് കോട്ടകളായ കൊണ്ടോട്ടി, മഞ്ചേരി, മങ്കട, മലപ്പുറം, ഏറനാട്, വള്ളിക്കുന്ന്, കോട്ടക്കൽ തുടങ്ങിയ മണ്ഡലങ്ങളില്ലാം ശക്തമായ പോരാട്ടത്തിനുള്ള ശ്രമമാണ് എൽഡിഎഫ് നടത്തുന്നത്. 

Latest News