ന്യൂദല്‍ഹി- ഇന്ത്യയില്‍ മോശമായിക്കൊണ്ടിരിക്കുന്ന കോവിഡ് സാഹചര്യം കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണെന്നും വലിയ ആശങ്കയാണിതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ്. കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സംസ്ഥാനങ്ങള്‍ ടെസ്റ്റുകള്‍ വര്‍ധിപ്പിക്കണമെന്നും കൂടുതലായി ആര്‍ടി-പിസിആര്‍ ടെസ്റ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. രോഗം സംശയിക്കുന്നവരെ ഐസൊലേറ്റ് ചെയ്യല്‍, സമ്പര്‍ക്കമുള്ളവരെ കണ്ടെത്തല്‍, ആരോഗ്യപരിരക്ഷാ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കല്‍ തുടങ്ങിയ നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തണമെന്നും നിര്‍ദേശം നല്‍കി.
ഏതാനും ആഴ്ചകളായി സാഹചര്യങ്ങള്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. നമുക്ക് നിയന്ത്രിക്കാമെന്ന് തോന്നുമ്പോഴും വൈറസ് ഇപ്പോഴും വളരെ സജീവമാണെന്നും വീണ്ടും പടരുകയാണെന്നും നാഷണല്‍ എക്‌സ്‌പെര്‍ട്ട് കമ്മിറ്റി ഓണ്‍ വാക്‌സിന്‍ അഡ്മിനിസ്‌ട്രേഷന്‍ ചെയര്‍മാന്‍ വി കെ പോള്‍ പറഞ്ഞു.
മഹാരാഷ്ട്ര, കര്‍ണാടക, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ത്യയിലെ 84 ശതമാനം പുതിയ കോവിഡ് കേസുകളും റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. പഞ്ചാബിലും മഹാരാഷ്ട്രയിലും സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി വരികയാണ്. ഏപ്രില്‍ ഒന്നുമുതല്‍ പുതിയ കോവിഡ് പ്രതിരോധ നടപടിച്ചട്ടങ്ങള്‍ നടപ്പിലാക്കാനിരിക്കുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍.






