ന്യൂയോർക്ക്- ന്യൂയോർക്ക് ഗവർണർ ആൻഡ്ര്യൂ ക്വോമോ തന്നെ ബലപ്രയോഗത്തിലൂടെ കവിളത്ത് ചുംബിച്ചെന്നാരോപിച്ച് ഷെറി വിൽ എന്ന സ്ത്രീ രംഗത്ത്. ഈ സംഭവത്തിന്റെ വീഡിയോ ഫൂട്ടേജിൽ നിന്നുള്ള ഒരു സ്ക്രീൻഷോട്ട് അടക്കം പുറത്തുവിട്ടാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. തന്റെ അനുവാദമില്ലാതെയാണ് ഈ ചുംബനപ്രകടനം നടത്തിയത്. 2017ൽ തന്റെ വീട്ടിൽ സന്ദർശനം നടത്തുമ്പോഴായിരുന്നു ക്വോമോ ഈ അതിക്രമം കാണിച്ചതെന്ന് ഷെറി വിൽ പറയുന്നു. തന്റെ മകനും ഭർത്താവും വീട്ടിലുള്ളപ്പോഴായിരുന്നു ഇത്. ഗവർണർ കൈകൾ കൂട്ടിപ്പിടിക്കുകയും പിന്നീട് കവിളുകളിൽ ചുംബിക്കുകയും ചെയ്തു. രണ്ട് കവിളിലും ചുംബിച്ചു. തന്റെ അനുവാദം വാങ്ങാതെയായിരുന്നു ഈ നടപടികൾ.
ഗവർണറുടെ ചുംബനം ഏറെ ലൈംഗികത പ്രകടിപ്പിക്കുന്ന രീതിയിലുള്ളതായിരുന്നെന്ന് വിൽ ആരോപിക്കുന്നു. രണ്ട് കവിളിലും ചുംബിച്ചത് താൻ ഒട്ടും പ്രതീക്ഷിച്ചതുമില്ല. ഇറ്റലിക്കാർ ചെയ്യുന്ന രീതിയിലുള്ള ചുംബനമായിരുന്നു അത്. ഗവർണറെപ്പോലെ താനും ഇറ്റലിക്കാരിയാണെന്ന് വിൽ പറയുന്നു.
ഈ സംഭവത്തിനു ശേഷം തനിക്ക് അസ്വസ്ഥതയുളവാക്കുന്ന മറ്റൊരു സംഭവം കൂടിയുണ്ടായി. ഗവർണറുടെ ഒരു സ്റ്റാഫ് തന്നെ ബന്ധപ്പെടുകയും ഒരു പരിപാടിയിലേക്ക് ഗവർണർ തന്നെ ക്ഷണിക്കുന്നതായി പറയുകയും ചെയ്തു. താൻ ആ ക്ഷണത്തോട് പ്രതികരിച്ചില്ലെന്ന് വിൽ പറഞ്ഞു. ന്യൂയോർക്ക് ഗവർണറെപ്പറ്റി ലൈംഗികാതിക്രമ പരാതി ഉന്നയിക്കുന്ന പത്താമത്തെ സ്ത്രീയാണ് ഷെറി വിൽ. മുതിർന്ന വനിതകളുടെ അവകാശപരമായ വക്കാലത്തുകളേറ്റെടുക്കുന്ന ഗ്ലോറിയ അൽറെഡ് ആണ് ഷെറി വില്ലിനു വേണ്ടി രംഗത്തുള്ളത്.