ലണ്ടൻ- നോവൽ കൊറോണ വൈറസ് പടർന്നത് വവ്വാലുകളിൽ നിന്നു തന്നെയാകാമെന്നും എന്നാൽ അത് നേരിട്ടായിരിക്കണമെന്നില്ലെന്നും ലോകാരോഗ്യ സംഘടന. വവ്വാലുകളിൽ നിന്നും മറ്റൊരു ജീവിയിലേക്ക് വൈറസ് പകരുകയും ആ ജീവിയിലൂടെ മനുഷ്യരിലേക്ക് പകരുകയും ചെയ്തതാകാം എന്നാണനുമാനം. അതെസമയം, ചൈനയിലെ ഏതോ ലാബിൽ നിന്നും ചോർന്നതാകാം ഈ വൈറസെന്ന സിദ്ധാന്തത്തെ ലോകാരോഗ്യ സംഘടന തള്ളിക്കളഞ്ഞു. ചൈനയിൽ കോവിഡിന്റെ ഉറവിടം കണ്ടെത്താനായി പോയ അന്തർദ്ദേശീയ വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ടാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ഈ റിപ്പോർട്ട് ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
വൈറസ് ലാബിൽ നിന്നും പുറത്തുചാടിയതാകാമെന്ന സാധ്യതയെ ഈ റിപ്പോർട്ട് തള്ളിക്കളയുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധരും ചൈനയിൽ നിന്നുള്ള വിദഗ്ധരുമടങ്ങുന്ന സംഘമാണ് ഈ റിപ്പോർട്ട് തയ്യാറാക്കാൻ പഠനങ്ങൾ നടത്തിയത്. വുഹാനിലെ വെറ്റ് മാർക്കറ്റ് കേന്ദ്രീകരിച്ച് വൈറസിന്റെ ആദ്യത്തെ പൊട്ടിപ്പുറപ്പെടലുണ്ടായത് എന്ന സിദ്ധാന്തമാണ് പരക്കെ നിലവിലുള്ളത്. എങ്ങനെയാണ് ഈ വൈറസ് ആദ്യമായി മനുഷ്യശരീരത്തിലേക്ക് കയറിയതെന്നത് സംബന്ധിച്ച് പുതിയ റിപ്പോർട്ടും ഉറപ്പിച്ചൊരു ഉത്തരം നൽകുന്നില്ല.
ഏറെ ബുദ്ധിമുട്ടിയാണ് ലോകാരോഗ്യ സംഘടന ഈ പഠനം പൂർത്തീകരിച്ചത്. തുടക്കത്തിൽ തന്നെ തങ്ങളുടെ വിദഗ്ധരെ ചൈനയിലേക്ക് എത്തിക്കാൻ ഏറെ പാടുപെടുകയുണ്ടായി. നയതന്ത്രശ്രമങ്ങൾ ഏറെ നടത്തിയാണ് ഇത് സാധ്യമാക്കിയത്. വൈറസ് പരക്കാൻ തുടങ്ങി ഏതാണ്ട് ഒരു വർഷത്തോളം കഴിയുമ്പോഴാണ് ലോകാരോഗ്യ സംഘടനയുടെ വിദഗ്ധർക്ക് ഈ പഠനത്തിനായി ചൈനയിലെത്താൻ കഴിഞ്ഞത്. ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു ഇത്.






