രാഹുല്‍ ഗാന്ധിക്കെതിരെ അശ്ലീല പരാമർശം; ജോയ്‌സ് ജോര്‍ജിനെ അറസ്റ്റ് ചെയ്യണം-ചെന്നിത്തല

കട്ടപ്പന- രാഹുല്‍ ഗാന്ധിക്കെതിരായ അശ്ലീല പരാമര്‍ശത്തില്‍ ജോയ്‌സ് ജോര്‍ജിനെതിരേ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധിക്കെതിരേ ജോയ്‌സ്‌ ജോര്‍ജ് നടത്തിയത് അങ്ങേയറ്റം മോശമായ പരാമര്‍ശമാണ്.

രാഹുല്‍ ഗാന്ധിയുടെ പര്യടന പരിപാടികളില്‍ ലക്ഷണക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്നത് കണ്ട് വിറളി പൂണ്ടിയിരിക്കുകയാണ് സിപിഎം. അതുകൊണ്ടാണ് ജോയ്‌സ്‌ ജോര്‍ജിനെപ്പോലൊരു മുന്‍ എംപി ഇത്തരം തരംതാണ പ്രസംഗം നടത്തിയത്. ഒരിക്കലും ഇതംഗീകരിക്കാന്‍ കഴിയില്ല. 

സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയതിന് അദ്ദേഹത്തിന്റെ പേരില്‍ കേസെടുത്ത് അറസ്റ്റ് ചെയ്യണം. രാഹുല്‍ ഗാന്ധിയെപ്പോലൊരു ദേശീയ നേതാവിനെതിരേ വളരെ അപമാനകരമായ രീതിയില്‍ അദ്ദേഹം സംസാരിച്ചു. നാട്ടിലെ ഇടതുപക്ഷത്തിന്റെ തകര്‍ച്ചയാണിത് കാണിക്കുന്നത്- ചെന്നിത്തല പറഞ്ഞു.

രാഹുല്‍ ഗാന്ധിക്കെതിരായ അശ്ലീല പരാമര്‍ശം ജോയ്‌സ്‌ ജോര്‍ജിന്റെ പാരമ്പര്യത്തിന്റെ ഭാഗമായി കണക്കാക്കുകയാണെന്ന് ഇടുക്കി ഡിസിസി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാര്‍ പറഞ്ഞു. എംഎം മണിയുടെ അതേ ഭാഷയിലാണ് ജോയ്‌സ് സംസാരിക്കുന്നത്. ഡിജിപിക്ക് പരാതി നല്‍കുമെന്നും  വൈകിട്ട് ബ്ലോക്ക് കമ്മറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ നടത്തുമെന്നും  അദ്ദേഹം പറഞ്ഞു.

Latest News