തിരുവനന്തപുരം- വോട്ട് ഇരട്ടിപ്പ് നടത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എല്ലാ മണ്ഡലങ്ങളിലും കള്ളവോട്ട് വ്യാപകമായി ചേർത്തിട്ടുണ്ട്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ഇതുവരെയും മറുപടി നൽകിയിട്ടില്ല. മുഖ്യമന്ത്രിയുടെ അറിവോടെയാണ് കള്ളവോട്ടുകൾ ചേർത്തതെന്നും കേസരിയിൽ നടന്ന മുഖാമുഖം പരിപാടിയിൽ ചെന്നിത്തല പറഞ്ഞു. ഇരുപത് വർഷങ്ങൾക്ക് മുമ്പ് മരിച്ചവർ വരെ വോട്ടർ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. കേരളത്തിൽ ഭരണ മാറ്റം അട്ടിമറിക്കുന്നതിനു വേണ്ടിയാണിത്.
ഇരട്ട വോട്ട് കണ്ടുപിടിക്കുന്നതിൽ ബിഎൽഒമാരുടെ പ്രവർത്തനം പരാജയമാണ്. ഒരു വോട്ടർക്ക് രണ്ടു കാർഡുകൾ എങ്ങനെ ലഭിച്ചുവെന്നത് അന്വേഷിക്കണം. കാർഡുകൾ നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഹൈക്കോടതി ഉത്തരവനുസരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ കള്ള വോട്ടുകൾ ചെയ്യാൻ അനുമതി നൽകരുത്. കള്ള വോട്ടുകൾ ചെയ്താൽ നിരവധി കേസുകൾ ഇതുമൂലം ഉണ്ടാകും. ശബരിമല എന്നു കേൾക്കുമ്പോൾ മുഖ്യമന്ത്രി കോപാകുലനാവുകയാണ്. പോസ്റ്റൽ വോട്ടിലും ഉദ്യോഗസ്ഥർ കൃത്രിമം കാണിക്കുന്നു. കള്ളവോട്ട് സംബന്ധിച്ച് നേരത്തെ പരാതി നൽകാത്തത് കണ്ടുപിടിക്കാൻ വൈകിയതിനാലാണെന്നും ചെന്നിത്തല പറഞ്ഞു.