കോഴിക്കോട്- സിനിമയിലേക്ക് കയറിയ ആൾ രാഷ്ട്രീയത്തിലേക്ക് ഇറങ്ങു’ന്നതിനെ മതിപ്പോടെ കാണുന്നവരല്ലെന്നതു കൊണ്ടോ എന്തോ വടക്കൻ കേരളത്തിൽ സിനിമാക്കാരെ സ്ഥാനാർഥികളാക്കാൻ പാർടികൾ തുനിഞ്ഞു കണ്ടിട്ടില്ല. ഇക്കുറി സിനിമാ നടൻ ധർമജൻ ബൊൾഗാട്ടി ബാലുശ്ശേരിയിൽ എന്ന് കേൾക്കുന്നത് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിനും എത്രയോ മുമ്പാണ്.
ഇടതുപക്ഷത്തിന് സ്വാധീനമുള്ള ബാലുശ്ശേരിയിൽ സി.പി.എം. സ്ഥാനാർഥി എസ്.എഫ്.ഐ.യുടെ സംസ്ഥാന സെക്രട്ടറി കെ.എം. സച്ചിൻദേവ് ആണ്. കോഴിക്കോട് നഗരത്തിലെ താമസക്കാരനായ സച്ചിൻദേവ് കോഴിക്കോട് ആർട്‌സ് ആന്റ് സയൻസ് കോളജിലും കോഴിക്കോട് ലോ കോളജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയതേയുള്ളൂ. ധർമജൻ പേരിൽ കാണും പോലെ എറണാകുളം ബൊൾഗാട്ടിക്കാരനാണ്. പത്ത് ജയിച്ചേ പിന്നെ പഠിക്കാൻ നിന്നില്ല. ബി.ജെ.പി. സ്ഥാനാർഥി ലിബിൻ രാജ് ബാലുശ്ശേരി മണ്ഡലക്കാരനാണ്. പ്ലസ് ടുക്കാരനായ ലിബിൻ പഠിച്ചത് ശിവപുരം സ്‌കൂളിൽ.
പട്ടിക ജാതി സംവരണ മണ്ഡലമായ ബാലുശ്ശേരിയെ ഇപ്പോൾ ശ്രദ്ധേയമാക്കുന്നത് ധർമജന്റെ സ്ഥാനാർഥിത്വം തന്നെ. കേരളത്തിൽ സിനിമാക്കാരെ ഇറക്കി ജയിപ്പിച്ചതേറെയും ഇടതുപക്ഷമാണെങ്കിലും , ഇടതുപക്ഷം സൃഷ്ടിച്ചെടുത്ത രാഷ്ട്രീയ ബോധം സിനിമാക്കാരെ രാഷ്ട്രീയ നേതാക്കളേക്കാൾ മാനിക്കുന്നവരാകാൻ ഒരിക്കലും അനുവദിക്കുന്നില്ല. ഇപ്പറഞ്ഞ അടിസ്ഥാന രാഷ്ട്രീയ ബോധം കൂടുതൽ ശക്തം മലബാറിലാണെന്ന് തോന്നുന്നു. ധർമജനെ നിർത്തണമെങ്കിൽ വൈപ്പിനിൽ ആയിക്കോ ബാലുശ്ശേരിയിലേക്ക് വേണ്ട എന്ന് കോൺഗ്രസുകാരിൽ ഒരു വിഭാഗം പറഞ്ഞത് അതുകൊണ്ടായിരുന്നു. ഏത് മ ണ്ഡലത്തിലായാലും കുറെ കോൺഗ്രസുകാർ ഇങ്ങനെ പറയുമെന്നറിയാവുന്നതിനാൽ പതിവിൽ കവിഞ്ഞ പ്രാധാന്യം ആരും ഇതിന് കൊടുത്തില്ല.
സിനിമാ താരങ്ങളെ ഇറക്കി കാടിളക്കിയ പ്രചാരണം ധർമജൻ ബാലുശ്ശേരിയിൽ സംഘടിപ്പിക്കുന്നുണ്ട്. ബാലുശ്ശേരി പഴയ ബാലുശ്ശേരിയല്ല. പാർട്ടിയും എതിരാളികളും മാറിയപ്പോഴും എ.സി. ഷൺമുഖദാസിനെ ജയിപ്പിച്ചുകൊണ്ടേയിരുന്ന ബാലുശ്ശേരിയല്ല ആഞ്ഞുപിടിച്ചാൽ കൂടെ പോരുമെന്ന് യു.ഡി.എഫുകാർക്കുള്ള വിചാരത്തിന് ധർമജൻ ചിറകു മുളപ്പിക്കുന്നുണ്ട്. സി.പി.എമ്മിലെ എ. പ്രദീപ് കുമാറിനെതിരെ കോൺഗ്രസിലെ എം.കെ.രാഘവന് ലോക്‌സഭയിലേക്ക് നൽകിയ 9745 വോട്ടിന്റെ ഭൂരിപക്ഷവും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ അത്തോളി പിടിച്ചതിന്റെ ആവേശവും യു.ഡി.എഫിനുണ്ട്.
സച്ചിൻദേവിന്റെ സ്ഥാനാർഥിത്വവും സി.പി.എമ്മിന്റെ ചിട്ടയായ പ്രവർത്തനവും നൽകുന്ന ആത്മവിശ്വാസത്തെ തെല്ലും കുലുക്കാൻ ധർമജൻന്റെ പ്രചാരണത്തിന് കഴിയുന്നില്ല. വ്യക്തമായ രാഷ്ട്രീയ ബോധമുള്ള ബാലുശ്ശേരിക്കാർ ഇടതുപക്ഷത്തിന് അനുകൂലമായി വിധിയെഴുതുമെന്ന് പ്രതീക്ഷിക്കുന്നു. ബാലുശ്ശേരി മണ്ഡലം മുസ്‌ലിംലീഗിന് വിട്ടുകൊടുത്തതിനെ തുടർന്ന് ഇവിടെ സ്ഥാനാർഥിത്വം പ്രതീക്ഷിച്ച പി.കെ.സുപ്രൻ ബി.ജെ.പിയുടെ സ്ഥാനാർഥിയായതിന്റെ പ്രശ്‌നം 2016ൽ യു.ഡി.എഫിനെ ബാധിച്ചിരുന്നു.
1957 മുതൽ 1967 വരെ ബാലുശ്ശേരിയിൽ ജയിച്ചത് സോഷ്യലിസ്റ്റുകളാണ്. എം.നാരായണക്കുറുപ്പ് 57ലും 60ലും ജയിച്ചപ്പോൾ എ.കെ.അപ്പുമാസ്റ്റർ 1967ൽ വിജയം വരിച്ചു. എന്നാൽ 1970ൽ കോൺഗ്രസുകാരനായ എ.സി.ഷൺമുഖദാസ് ബാലുശ്ശേരിയെ കീഴടക്കി. 1977ൽ ഇടതുമുന്നണിയുടെ ഭാഗമായ ലോക്ദളിലെ പി.കെ.ശങ്കരൻകുട്ടിക്കായിരുന്നു ജയം. 1980ൽ ഷൺമുഖദാസ് വീണ്ടും വരുമ്പോൾ അദ്ദേഹം ഇടതുമുന്നണിയിലെ കോൺഗ്രസ് യുക്കാരനായിരുന്നു. 2001വരെ ആറ് തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി ഷൺമുഖദാസ് ബാലുശ്ശേരിയെ പ്രതിനിധാനം ചെയ്തു. കോൺ.എ, കോൺ. എസ്., എൻ.സി.പി എന്നിങ്ങനെ അദ്ദേഹത്തിന്റെ പാർട്ടി മാറിയെങ്കിലും മുന്നണി ഇടത് ആയിരുന്നു. ഇടതുപക്ഷത്തിന് ശക്തമായി സ്വാധീനമുള്ള ബാലുശ്ശേരി മണ്ഡലം ചെറിയ ഘടക കക്ഷിയുടെ കൈയിൽ പെട്ടതിന്റെ നൊമ്പരം സി.പി.എമ്മുകാർ താലോലിച്ചുകൊണ്ടിരിക്കെയാണ് മണ്ഡലം അതിർത്തി പുനർനിർണയം ഉണ്ടായത്. തലക്കുളത്തൂർ, എലത്തൂർ, നന്മണ്ട പഞ്ചായത്തുകളെ ഉൾപ്പെടുത്തി എലത്തൂർ എന്ന പുതിയ മ ണ്ഡലം ഉണ്ടായപ്പോൾ എൻ.സി.പിക്ക് അതു നൽകി ബാലുശ്ശേരിയെ സി.പി.എം സ്വന്തമാക്കിയതാണ്.
പട്ടികജാതി കോളനികളിലടക്കം കുടിവെള്ള ക്ഷാമം പ്രധാനമായി ഉന്നയിക്കുന്ന പ്രചാരണമാണ് ധർമജന്റേത്. മണ്ഡലം യൂത്ത് കോൺഗ്രസ് ഭാരവാഹിയായിരിക്കെ വൈപ്പിനിലെ കുടിവെള്ള പ്രശ്‌നത്തിൽ സമരം ചെയ്ത് ജയിലിൽ പോയ അനുഭവം പങ്കു വെക്കുകയും ചെയ്യുന്നു. പത്ത് വർഷം എം.എൽ.എയായ പുരുഷന്റെ നേതൃത്വത്തിൽ ഇടതു സർക്കാറിന്റെ വികസനപ്രവർത്തനങ്ങൾ പറഞ്ഞു വോട്ടു ചോദിക്കുന്ന സച്ചിൻ ദേവും അനേകം സമരങ്ങളിലൂടെ വളർന്നുവന്നയാളാണ്. എസ്.എഫ്.ഐ. സെക്രട്ടറിക്ക് കേരളത്തിൽ ഏതാണ്ടെല്ലാ സ്റ്റേഷനിലും ഇതുമായി ബന്ധപ്പെട്ട കേസുകളുണ്ട്. യുവമോർച്ച നേതാവായ ലിബിൻരാജിന്‌മേലും സമരങ്ങളുമായി ബന്ധപ്പെട്ട കേസുകളുണ്ട്.
ചന്ദ്രിക (വെൽഫയർ പാർട്ടി), മോഹൻദാസ് ഉണ്ണികുളം (റിപ്പബ്ലിക്കൻ പാർട്ടി), ജ്യോബിഷ് (ബി.എസ്.പി) എന്നിവർക്ക് പുറമെ ധർമേന്ദ്രൻ എന്ന അപരനും സ്ഥാനാർഥിയാണ്.