പാലക്കാട് - മൂന്ന് മുന്നണികളിലെയും പ്രധാന രാഷ്ട്രീയ പാർട്ടികൾ മൽസര രംഗത്ത് ഇല്ലെന്നതാണ് മണ്ണാർക്കാട് നിയമസഭാ മണ്ഡലത്തിലെ പോരാട്ടത്തെ ശ്രദ്ധേയമാക്കുന്നത്. മുസ്ലിം ലീഗിന്റെ ഉറച്ച കോട്ടയായി വിലയിരുത്തപ്പെടുന്ന മണ്ഡലത്തിൽ സിറ്റിംഗ് എം.എൽ.എ അഡ്വ.എൻ. ഷംസുദ്ദീൻ മൂന്നാമങ്കത്തിനിറങ്ങുമ്പോൾ മണ്ഡലം തിരിച്ചു പിടിക്കാൻ എൽ.ഡി.എഫ് നിയോഗിച്ചിരിക്കുന്നത് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജിനെയാണ്. പാലക്കാട് ജില്ലയിൽ ബി.െജ.പിക്ക് ഏറ്റവും കുറവ് ശക്തിയുള്ള മണ്ഡലമായി കണക്കാക്കപ്പെടുന്ന മണ്ണാർക്കാട്ട് എൻ.ഡി.എക്കു വേണ്ടി ഒരു മുസ്ലിം വനിതയാണ് മൽസരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. എ.ഐ.എ.ഡി.എം.െകയിലെ നസീമ ഷറഫുദ്ദീനാണ് സ്ഥാനാർത്ഥി.
തിരൂരിൽ നിന്ന് മണ്ണാർക്കാട്ടേക്ക് വേരുകൾ പറിച്ചു നട്ട ഷംസുദ്ദീൻ മണ്ഡലത്തിലുടനീളം വിപുലമായ വ്യക്തിബന്ധങ്ങളുള്ള പൊതുപ്രവർത്തകനാണ്. എം.എസ്.എഫിലൂടെ പൊതുരംഗത്ത് വന്ന അദ്ദേഹം യൂത്ത് ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായും സംസ്ഥാന ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 2011 ലും 2016 ലും മണ്ണാർക്കാട്ട് നിന്ന് നിയമസഭയിലെത്തിയ ഈ 52 കാരന് മികച്ച എം.എൽഎക്കുള്ള കെ.കെ.നായർ ശ്രേഷ്ഠ സാമാജിക പുരസ്കാരം ലഭിച്ചിരുന്നു.
വള്ളുവനാട്ടിലെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് യു.മാധവന്റെ മകനായ സുരേഷ്രാജ് 2013 മുതൽ സി.പി.ഐ പാലക്കാട് ജില്ലാ സെക്രട്ടറിയാണ്. കഴിഞ്ഞ തവണ ഷംസുദ്ദീനോട് മൽസരിച്ച് പരാജയപ്പെട്ട ഈ 51 കാരൻ 2011 ൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി പട്ടാമ്പിയിൽ നിന്നും മൽസരിച്ചിരുന്നു.
നേരത്തേ സി.പി.എം പ്രവർത്തകയായിരുന്ന നസീമ ഷറഫുദ്ദീൻ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അഗളി ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിൽ എ.ഐ.എ.ഡി.എം.കെ സ്ഥാനാർത്ഥിയായി മൽസരിച്ചിരുന്നു.
ശരാശരി പതിനയ്യായിരത്തോളം വോട്ടാണ് മണ്ഡലത്തിൽ സംഘ്പരിവാറിന് ഉള്ളത്. മണ്ണാർക്കാട് നഗരസഭയും അലനെല്ലൂർ, കോട്ടോപ്പാടം, കുമരംപുത്തൂർ, ഷോളയൂർ, അഗളി, പുതൂർ, തെങ്കര എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെട്ടതാണ് മണ്ണാർക്കാട് നിയമസഭാ മണ്ഡലം. അട്ടപ്പാടി മേഖലയിലെ ഷോളയൂർ, അഗളി, പുതൂർ പഞ്ചായത്തുകളും തെങ്കരയും ഇടതുമുന്നണിയാണ് ഭരിക്കുന്നത്. മണ്ണാർക്കാട് നഗരസഭയിലും മറ്റു മൂന്നു പഞ്ചായത്തുകളിലും യു.ഡി.എഫാണ്. 2016 ൽ പന്ത്രണ്ടായിരത്തിലധികം വോട്ടിനായിരുന്നു ഷംസുദ്ദീന്റെ വിജയം.
2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഈ മണ്ഡലത്തിൽ ഉണ്ടാക്കിയ അമ്പരപ്പിക്കുന്ന മുന്നേറ്റമാണ് യു.ഡി.എഫിന് പാലക്കാട്ട് അട്ടിമറി വിജയം ഒരുക്കിയത്. മണ്ണാർക്കാട് നിയമസഭാ മണ്ഡലത്തിന്റെ പരിധിയിൽ നിന്ന് വി.െക.ശ്രീകണ്ഠന് മുപ്പതിനായിരത്തോളം വോട്ടിന്റെ ലീഡ് കിട്ടി. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് മൂവായിരത്തിലധികം വോട്ടിന്റെ മേൽക്കൈയുണ്ട്.
കണക്കിലെ കളികളും സ്ഥാനാർത്ഥിയുടെ വ്യക്തിപരമായ മികവുമാണ് മണ്ണാർക്കാട്ട് യു.ഡി.എഫിന് ആത്മവിശ്വാസം പകരുന്ന ഘടകം. പത്തു കൊല്ലം കൊണ്ട് മണ്ണാർക്കാട്ടുകാരനായി മാറിയ ഷംസുദ്ദീന് രാഷ്ട്രീയത്തിനതീതമായ സ്വീകാര്യതയാണ് മണ്ഡലത്തിലുള്ളത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഉണ്ടാക്കാനായ മുന്നേറ്റമാണ് ഇടതുമുന്നണിക്ക് പ്രതീക്ഷ പകരുന്ന ഘടകം. മുസ്ലിം ലീഗിൽ ഇടക്കാലത്ത് ഉണ്ടായ ചേരിപ്പോര് സഹായകമാകുമെന്ന കണക്കുകൂട്ടലും ഉണ്ട്. പ്രദേശത്ത് ഏറെക്കാലമായി നിലനിൽക്കുന്ന സി.പി.എം- സി.പി.ഐ തർക്കങ്ങൾ പുറമേക്കെങ്കിലും പരിഹരിച്ചിട്ടുണ്ട്. എന്നാൽ സി.പി.എമ്മുമായി പൊതുവേദികളിൽ പരസ്യമായി ഏറ്റുമുട്ടിയ സഖ്യകക്ഷി നേതാവ് സ്ഥാനാർത്ഥിയായി എത്തുമ്പോൾ അടിത്തട്ടിൽ എന്ത് ചലനമാണ് ഉണ്ടാവുക എന്നത് കണ്ട് തന്നെ അറിയണം.
അട്ടപ്പാടി ആദിവാസി മേഖല ഉൾപ്പെടുന്ന മണ്ഡലത്തിൽ ആ പ്രദേശവുമായി ബന്ധപ്പെട്ട വിവാദങ്ങളെല്ലാം സ്വാഭാവികമായും തെരഞ്ഞെടുപ്പ് വിഷയമാവും. മാവോവാദികളെ വെടിവെച്ചു കൊന്നത് ഉൾപ്പെെടെയുള്ള കാര്യങ്ങൾ പ്രചാരണരംഗത്ത് യു.ഡി.എഫ് സജീവമായി ഉന്നയിക്കുന്നുണ്ട്. ആദിവാസി വിഭാഗത്തിന് ഇരുപത്തയ്യായിരത്തോളം വോട്ടാണ് ഉള്ളത്. പരിസ്ഥിതിലോല മേഖലാ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കുടിയേറ്റ കർഷകർക്കിടയിൽ നിലനിൽക്കുന്ന ആശങ്കകളും സജീവ ചർച്ചയാണ്. മണ്ഡലത്തിൽ പത്തു വർഷത്തിനകം വന്ന വികസനങ്ങളുടെ കണക്കു നിരത്തി ഷംസുദ്ദീൻ വോട്ട് തേടുമ്പോൾ അതിലെ പോരായ്മകൾ ചൂണ്ടിപ്പറഞ്ഞാണ് ഇടതുമുന്നണിയുടെ പ്രചാരണം. ജോസ് െക.മാണിയുടെ വരവ് മണ്ഡലത്തിലെ നിർണായകമായ ക്രൈസ്തവ വോട്ടുകൾ നേടാൻ സഹായകമാകുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്.