തലശ്ശേരി - ഉമ്മൻ ചാണ്ടി കുടിയിരുത്തിയ അവതാരങ്ങളെ പുറത്താക്കി പുതിയ ഭരണം തുടങ്ങുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ പിണറായി വിജയൻ ശിവശങ്കരൻ എന്ന അവതാരത്തെ വെച്ചാണ് അഞ്ച് കൊല്ലം ഭരിച്ചതെന്ന് മുസ്‌ലിം ലീഗ് സെക്രട്ടറി അബ്ദുൾ കരീം ചേലേരി പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർത്ഥി എം.പി അരവിന്ദാക്ഷന്റെ തിങ്കളാഴ്ചത്തെ പ്രചാരണ പരിപാടി കൊളശ്ശേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇ.കെ നായനാരുടെ കാലത്ത് വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയൻ തന്റെ വകുപ്പിലെ പ്രധാന വകുപ്പിൽ അന്നും നിയമിച്ചത് ശിവശങ്കരനെ തന്നെയായിരുന്നു. പത്താം ക്ലാസ് പോലും പാസാകാത്ത സ്വപ്‌ന സുരേഷിനെ യു.എ.ഇ കോൺസുലേറ്റിൽ നിയമിച്ചതും പിണറായി അറിഞ്ഞുകൊണ്ടാണ്. സ്പീക്കർ ശ്രീരാമകൃഷ്ണനും സ്വപ്‌ന സുരേഷുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വിവാദ കഥകളാണ് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നത.് സ്വന്തം ഫഌറ്റിൽ വിളിച്ച് വരുത്തി താൻ വഴങ്ങിക്കൊടുക്കാത്തതിന്റെ പേരിലാണ് തന്നെ പീഡിപ്പിക്കുന്നതെന്നാണ് സ്വപ്‌ന മൊഴി നൽകിയിട്ടുള്ളത.് സ്‌പേസ് പാർക്കിൽ ലക്ഷങ്ങൾ മാസ ശമ്പളം നൽകി സ്വപ്‌ന സുരേഷിനെ നിയമിച്ചതും മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമായിരുന്നെന്ന് ചേലേരി പറഞ്ഞു. കള്ളക്കടത്ത്. സ്വർണക്കടത്ത്, ഡോളർ കടത്ത് എന്നു വേണ്ട സകല തട്ടിപ്പിനും കൂട്ടുനിന്നത് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ തന്നെയായിരുന്നു. ഇങ്ങനെ കേരള ചരിത്രത്തിൽ തന്നെ ഇത്രയും നെറികെട്ട ഭരണം ഉണ്ടായിട്ടില്ലെന്നും ചേലേരി കൂട്ടിച്ചേർത്തു. സി.കെ.പി മമ്മു അധ്യക്ഷനായി.