ഗണേശില്‍ നിറഞ്ഞ് നില്‍ക്കുന്നത് പത്തനാപുരം, വോട്ടഭ്യര്‍ഥിച്ച് മോഹന്‍ലാല്‍

കൊല്ലം- നടന്‍ ഗണേശ് കുമാറിനായി വോട്ടഭ്യര്‍ഥിച്ച് മോഹന്‍ലാല്‍. 'മറ്റുള്ളവരെ കേള്‍ക്കാനുള്ള കഴിവാണ് ഒരു ജനപ്രതിനിധിക്ക് ഉണ്ടാവേണ്ട അത്യാവശ്യ ഗുണം. മറ്റുള്ളവരുടെ ദുഃഖം കേള്‍ക്കുകയും പരിഹാരം കാണുകയും ചെയ്യുന്ന ശൈലിയാണ് ഗണേഷ് കുമാറിനുള്ളത്. പത്തനാപുരത്തെ കുറിച്ച് പറയുമ്പോള്‍ നൂറു നാവാണ്. സ്വകാര്യ സംഭാഷണങ്ങളില്‍ പോലും പത്തനാപുരം കടന്നുവരുന്നത് അതിശയത്തോടെ ഞങ്ങളും കേട്ടിരിക്കാറുണ്ട്. പുതിയ വികസന ആശയങ്ങളും സ്വപ്നങ്ങളും പങ്കുവയ്ക്കുമ്പോള്‍ അഭിനയത്തേക്കാള്‍ ഉപരി പത്തനാപുരത്തോടുള്ള വല്ലാത്ത അഭിനിവേശം ഞങ്ങള്‍ കേള്‍ക്കാറുണ്ട്, കാണാറുണ്ട്. ഗണേഷിന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയ ഒന്നാണ് പത്തനാപുരം. നിങ്ങള്‍ ഇന്ന് കാണുന്ന പത്തനാപുരത്തെ, പത്തനാപുരം ആക്കിയതില്‍ ഗണേഷ്‌കുമാറിന്റെ സംഭാവന എന്നേക്കാള്‍ നന്നായി നിങ്ങള്‍ക്ക് അറിയാം. പ്രിയ സഹോദരന്‍ ഗണേഷ് കുമാറിന്റെ വികസനസ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ നിങ്ങള്‍ ഒപ്പമുണ്ടാകുമെന്ന് എനിക്കറിയാം. മറക്കരുത്, വികസനമാണ് നമുക്ക് വേണ്ടത്.'മോഹന്‍ലാല്‍ പറഞ്ഞു.

 

Latest News