കണ്ണൂർ - ഇരട്ട വോട്ട് ചേർത്ത സംഭവത്തിൽ നടപടി എടുക്കുമെന്ന് തെരഞ്ഞെടുപ്പു ഓഫീസർ ടിക്കറാം മീണ പറയുന്നതല്ലാതെ നടപടി വരുന്നില്ലെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡണ്ട് കെ.സുധാകരൻ എം.പി ആരോപിച്ചു. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.തെരഞ്ഞെടുപ്പ് നടപടികൾ ആധാറുമായി ലിങ്ക് ചെയ്യാൻ എന്താണ് കുഴപ്പം. അര കിലോ പഞ്ചസാര വാങ്ങാൻ റേഷൻ കടയിൽ ആധാർ ലിങ്ക് ചെയ്യുന്നു. ഇവിടെ ഇത്രയും പ്രധാനപ്പെട്ട ഒരു തെരഞ്ഞടുപ്പിൽ വോട്ടർ പട്ടികയും ആധാറും തമ്മിൽ ലിങ്ക് ചെയ്യാത്തത് എന്തുകൊണ്ടാണ്- സുധാകരൻ ചോദിച്ചു.
രമേശ് ചെന്നിത്തലയുടെ അമ്മയുടെ പേരിലും ഷാ മുഹമ്മദിന്റെ പേരിലും ഇരട്ട വോട്ട് ചേർത്തത്ഇടതുപക്ഷമാണ്. ഇതേക്കുറിച്ച് അന്വേഷിക്കണം. ഇവരുടെ പേരിലുള്ള ഇരട്ട കാർഡ് ആരുടെ കൈയ്യിലാണെന്ന് കണ്ടെത്തി നടപടിയെടുക്കണം. സി.പി. എം ഭൂരിപക്ഷമുള്ള പ്രദേശത്ത് വനിതാ ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുന്നത്.
ഒന്നു ഭയപ്പെടുത്തിയാൽ നിശബ്ദരാവുന്നവരാണ് ഭൂരിപക്ഷം പേരും. അപൂർവ്വം പേർ മാത്രമേ പ്രതികരിക്കാൻ തയ്യാറാകാറുള്ളൂ. ഇരട്ട വോട്ടുകളും കള്ളവോട്ടുകളും നിറയുമ്പോൾ തെരഞ്ഞെടുപ്പിൽ നീതിയില്ല. ജനാധിപത്യം പുലരില്ല.ഇടതുപക്ഷത്തെ വിജയത്തിലേക്ക് നയിക്കാനുള്ള തന്ത്രമാണിത്. തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കുന്ന രീതിയാണ് എക്കാലവും ഇടതുപക്ഷത്തിന്റെത്. ഇന്നലെ മുതൽ 80 വയസ്സിനു മുകളിലുള്ളവരുടെ വോട്ട് രേഖപ്പെടുത്തുന്നത് പോലും ഏകപക്ഷീയമാണ്- സുധാകരൻ പറഞ്ഞു.വോട്ടിംഗ് സിസ്റ്റം ഇടതുപക്ഷം ലോക്ക് ചെയത് വെച്ചിരിക്കുന്നു. ഉറപ്പ് എന്ന മുദ്രാവാക്യം പാലിക്കാനാണ് എൽ.ഡി.എഫ് ശ്രമിക്കുന്നത്.80 വയസ്സിന് മുകളിൽ പോസ്റ്റൽ വോട്ട് വേണമെന്നാവശ്യപ്പെട്ടവർക്ക് ഇതുവരെ അതിന് അവസരം ലഭിച്ചിട്ടില്ലെന്നും കെ.സുധാകരൻ പറഞ്ഞു.