കെ.എൻ.എ ഖാദറിന്റെ പ്രസ്താവന ബി.ജെ.പി കൂട്ടിന് തെളിവെന്ന് മുഖ്യമന്ത്രി  

വടകര- മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ഒരു പ്രസ്ഥാനം എന്ന നിലയിൽ ഇടതുപക്ഷ മുന്നണിയും കേരള സർക്കാറും ദേശീയ തലത്തിൽ തന്നെ ശ്രദ്ധ ആകർഷിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എന്ത് ഭക്ഷണം കഴിക്കണം, ഏത് വസ്ത്രം ധരിക്കണമെന്ന് പോലും സംഘപരിവാർ തീട്ടൂരം നൽകുന്ന ഒരു രാജ്യത്ത് അതിനെതിരെ നിലപാടെടുക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. പൗരത്വ നിയമം ഇന്ത്യയിൽ നടപ്പിലാക്കും എന്ന് പറഞ്ഞപ്പോൾ ഒട്ടും അമാന്തിക്കാതെ അതിനെ എതിർത്തത് ഇടതുപക്ഷ മുന്നണിയാണ്. ഇപ്പോൾ കേരള സർക്കാർ പ്രഖ്യാപിച്ചത് പൗരത്വ നിയമം കേരളത്തിൽ നടപ്പിലാക്കില്ല എന്നാണ്. എന്നാൽ ഗുരുവായൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി പറയുന്നത് പൗരത്വ രജിസ്റ്റർ പൂരിപ്പിക്കാൻ ജനങ്ങളെ സഹായിക്കാമെന്നാണ്.  ബിജെപിയും യുഡിഎഫും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണിത് സൂചിപ്പിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്ത് യുഡിഎഫ് ബിജെപി യെ സഹായിച്ചുവെന്ന് നേമത്ത് നിന്നും ജയിച്ച ബിജെപി എംഎൽഎയും  അന്ന് അവിടെ മത്സരിച്ച യുഡിഎഫ് സ്ഥാനാർത്ഥിയും വെളിപ്പെടുത്തിയിരിക്കുകയാണ്. ഈ കൂട്ടുകെട്ടിന് എതിരെ നല്ല ജാഗ്രത വേണം. 
ദുരന്തത്തിൽ ഒപ്പം നിന്ന സർക്കാരാണ് ഇത്. കോവിഡ് കാലത്ത് ഇന്ത്യയിൽ 21 ശതമാനം ആളുകൾ ആദ്യമായി പട്ടിണി അറിഞ്ഞു. എന്നാൽ കേരളത്തിൽ ആരും പട്ടിണി കിടക്കേണ്ടി വന്നില്ല. സൗജന്യ റേഷനും കിറ്റ് വിതരണവും ഒക്കെ ദീർഘനാളായി തുടങ്ങിയിട്ട്. 
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഒരു പ്രവർത്തനം ആയിരുന്നില്ല അത്. എന്നാൽ പ്രതിപക്ഷ നേതാവ് ഇതിനെയൊക്കെ എതിർക്കാനും മുടക്കാനും ശ്രമിക്കുകയാണ്. ക്ഷേമപെൻഷനുകൾ മുടക്കാനും അദ്ദേഹം ശ്രമിക്കുന്നു.
ലോകോത്തര നിലവാരത്തിലേക്ക് കേരളത്തെ ഉയർത്തി ഒരു നവ കേരളം സൃഷ്ടിക്കാൻ വീണ്ടും എൽഡിഎഫ് ഭരണം വരണം. അതിന് വടകര താലൂക്കിലെ മൂന്ന് എൽഡിഎഫ് സ്ഥാനാർഥികളെയും വിജയിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സ്വാഗതസംഘം ചെയർമാൻ പി.ഗവാസ് അധ്യക്ഷത വഹിച്ചു. 
സിപിഎം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം, സിപിഐ ദേശീയ കൗൺസിൽ അംഗം സത്യൻ മൊകേരി, എൽ ജെ ഡി ജില്ലാ പ്രസിഡണ്ട് ഷേയ്ഖ് പി ഹാരിസ്, കേരള കോൺഗ്രസ് എം സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഇഖ്ബാൽ, സ്ഥാനാർത്ഥികൾ ആയ കെ പി കുഞ്ഞമ്മദ് കുട്ടി, ഇ കെ വിജയൻ, മനയത്ത് ചന്ദ്രൻ, കെ കെ ദിനേശൻ, എൻ കെ അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു. 
പി മോഹനൻ, മുക്കം മുഹമ്മദ്, പി സതീദേവി, കെ കെ ലതിക, വി പി കുഞ്ഞികൃഷ്ണൻ, ഇ പി ദാമോദരൻ, വടയക്കണ്ടി നാരായണൻ, എം ഭാസ്‌കരൻ, പി സുരേഷ് ബാബു, വള്ളിൽ ശ്രീജിത്ത് തുടങ്ങിയവർ സംബന്ധിച്ചു.
 

Latest News