കൊച്ചി- ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ നിലപാട് മാറ്റില്ലെന്ന് വ്യക്തമാക്കി സി.പി.ഐ അഖിലേന്ത്യാ നേതാവും ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറിയുമായ ആനി രാജ. ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച വിധി ലിംഗ സമത്വവുമായി ബന്ധപ്പെട്ടതാണ്. അടിസ്ഥാനപരമായ കാര്യമാണിത്. സംസ്ഥാനത്തെ ഒരു മന്ത്രി എന്തെങ്കിലും പറഞ്ഞത് കൊണ്ട് ഇടതുപക്ഷ നിലപാട് മാറില്ല. വിധിയെ ആദ്യം സ്വാഗതം ചെയ്തത് ബി.ജെ.പിയിലെ അമിത് ഷായും കോൺഗ്രസിലെ രാഹുൽ ഗാന്ധിയുമാണ്. പിന്നീട് ഇരുവരും അതിൽ മാറ്റം വരുത്തിയെന്നും അവർ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള എല്ലാ കാര്യത്തിലും സ്ത്രീകൾക്ക് കൂടുതൽ അവസരം നൽകാൻ സി.പി.ഐ അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾക്ക് കഴിയണമെന്നും അവർ വ്യക്തമാക്കി. വിഷു, ഈസ്റ്റർ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി മനുഷ്യാവകാശ ലംഘനമാണ്. മനുഷ്യന്റെ ജീവിക്കാനുള്ള അവകാശത്തെ നിഷേധിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ അന്നം മുടക്കികളാകരുത്. ഇത്തവണ ഭക്ഷ്യ കിറ്റാണെങ്കിൽ, അടുത്ത ഘട്ടത്തിൽ ക്ഷേമ പെൻഷനുകൾ നിർത്തലാക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെടുമെന്നും അവർ പറഞ്ഞു.






