പത്തനംതിട്ടക്ക് ആവേശമായി രാഹുൽ ഗാന്ധി 

പത്തനംതിട്ട- യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ആവേശം വിതറി രാഹുൽ ഗാന്ധി പത്തനംതിട്ട ജില്ലയിലെത്തി. ഇന്നലെ രാവിലെ പതിനൊന്നോടെ കോന്നി മണ്ഡലത്തിലെ പ്രമാടം സ്റ്റേഡിയത്തിൽ ഹെലികോപ്ടറിൽ ഇറങ്ങിയ രാഹുൽ ഗാന്ധിയെ നേതാക്കളും പ്രവർത്തകരും സ്വീകരിച്ചു. അവിടെ നിന്നും കോന്നിയിലേക്ക് റോഡ് ഷോ ആരംഭിച്ചു. സ്ഥാനാർഥി റോബിൻ പീറ്റർ, എം.പി മാരായ അടൂർ പ്രകാശ്, ആന്റോ ആന്റണി എന്നിവർക്കൊപ്പം രാഹുൽ ഗാന്ധി തുറന്ന വാഹനത്തിൽ ജനങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു. പിന്നീട് ആറന്മുള നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. കെ.ശിവദാസൻ നായരുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ രാഹുൽ ഗാന്ധി പിന്നീട് റാന്നിയിലെ സ്ഥാനാർഥി റിങ്കു ചെറിയാനോടൊപ്പവും റോഡ് ഷോയിൽ പങ്കെടുത്തു. പത്തനംതിട്ടയിൽ കേരള വികസനത്തെക്കുറിച്ച് പറഞ്ഞ് പ്രവർത്തകരുടെ കൈയടി നേടിയ രാഹുൽ
കേരള വികസനത്തിന് സുപ്രധാന നാഴികക്കല്ലായി യു.ഡി.എഫ് മുന്നോട്ടു വെക്കുന്ന ന്യായ് പദ്ധതി മാറുമെന്ന് പറഞ്ഞു. 6000 രൂപ ഒരു മാസം പാവപ്പെട്ടവർക്ക് നൽകുകയും ഈ പണം കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യും. ഓരോരുത്തരും അവരവർക്ക് ലഭിക്കുന്ന പണം ചെലവഴിക്കുമ്പോൾ സാമ്പത്തിക രംഗത്തും ഉത്പാദന രംഗത്തും ചലനമുണ്ടാവുകയും ചെയ്യും.  
ഇന്ധനമില്ലാത്ത കാറിലെ ഡ്രൈവറെപ്പോലെയാണ് കേരളത്തിന്റെ ഇപ്പോഴത്തെ മുഖ്യമന്ത്രിയെന്ന് രാഹുൽ പറഞ്ഞു. ഇന്ധനമില്ലാത്ത കാറിന്റെ താക്കോൽ തിരിക്കുകയും ആക്സിലേറ്റർ തിരിക്കുകയും ചെയ്താൽ വാഹനം ഓടില്ല. എന്നാൽ യുഡിഎഫ് മുഖ്യമന്ത്രി അധികാരത്തിലെത്തിയാൽ കാറ് സ്റ്റാർട്ടാവും. കാറിന്റെ ഇന്ധനം പോലെ ന്യായ് പദ്ധതി കേരളത്തിന്റെ സാമ്പത്തിക രംഗത്ത് ചലനമുണ്ടാക്കും. കാർഷിക വിഭവങ്ങൾക്ക് മിനിമം താങ്ങുവില നൽകുമെന്നും അദ്ദേഹം പറഞ്ഞു. 
55 ശതമാനം യുവാക്കളും 45 ശതമാനം പരിചയസമ്പന്നരായ ആളുകളുമാണ് കേരളത്തിലുള്ളതെന്ന് രാഹുൽ പറഞ്ഞു.
തൊഴില്ലില്ലായ്മയുടെ കാര്യത്തിൽ കേരളം മുൻപന്തിയിലാണ്. കേരളത്തിന്റെ സമ്പദ് വ്യവസ്ഥക്ക് ഉത്തേജനം നൽകാൻ ഉതകുന്ന പദ്ധതികളൊന്നും തന്നെ ഇടതുപക്ഷവും ബി.ജെ.പിയും നടപ്പിലാക്കിയിട്ടില്ല. ജനങ്ങളെ ഭിന്നിപ്പിക്കാനും ആക്ഷേപിക്കാനും അപമാനിക്കാനുമുള്ള തിരക്കിലാണവർ. എന്നാൽ യു.ഡി.എഫ് ജനങ്ങളെ ആക്ഷേപിക്കില്ല, അപമാനിക്കില്ല. ആരെയും കൊല്ലില്ല. മാത്രമല്ല കേരളത്തിന്റെ സമ്പദ് വ്യവസ്ഥ പുനരുജ്ജീവിപ്പിക്കും. ചുട്ടു പൊള്ളുന്ന വെയിലത്ത് തെരഞ്ഞെടുപ്പ് പരിപാടിക്ക് എത്തിയ പ്രവർത്തരോട് നന്ദി പറഞ്ഞു കൊണ്ടാണ് രാഹുൽ ഗാന്ധി തന്റെ പ്രസംഗം അവസാനിപ്പിച്ചത്. ആന്റോ ആന്റണി എം.പി, കെ.സി.വേണുഗോപാൽ എം.പി, ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് എന്നിവർ വിവിധ സ്ഥലങ്ങളിലെ പരിപാടികളിൽ പങ്കെടുത്തു.
 

Latest News