റോസക്കുട്ടിയും വിശ്വനാഥനും പോയതുകൊണ്ട്  കോൺഗ്രസിനു കോട്ടമില്ല -പി.വി. ബാലചന്ദ്രൻ

കൽപറ്റ- കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.സി.റോസക്കുട്ടിയും സെക്രട്ടറി എം.എസ്.വിശ്വനാഥനും രാജിവെച്ച് എൽ.ഡി.എഫിൽ ചേർന്നതു മൂലം ബത്തേരി നിയോജക മണ്ഡലത്തിൽ കോൺഗ്രസിനു ഒരു കോട്ടവും സംഭവിക്കില്ലെന്നു കെ.പി.സി.സി എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗവും ഡി.സി.സി മുൻ പ്രസിഡന്റുമായ പി.വി.ബാലചന്ദ്രൻ. താൻ പാർട്ടി വിടുന്നതായി ചില മാധ്യമങ്ങളിൽ വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. 
സ്ഥാനമോഹികളാണ് പാർട്ടി വിട്ടത്. അണികളില്ലാത്ത നേതാക്കളായിരുന്നു റോസക്കുട്ടിയും വിശ്വനാഥനും. പനമരം ഡിവിഷനിൽനിന്നു ജില്ലാ കൗൺസിലിലേക്കും ബത്തേരി മണ്ഡലത്തിൽനിന്നു രണ്ടു തവണ നിയമസഭയിലേക്കും മത്സരിക്കാൻ റോസക്കുട്ടിക്കു പാർട്ടി അവസരം നൽകി. 2012 മുതൽ 2017 വരെ  സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയായിരുന്നു. 
പിന്നീട് പാർട്ടി പുനഃസഘടന നടന്നപ്പോൾ കെ.പി.സി.സി വൈസ് പ്രസിഡന്റാക്കി. പതിറ്റാണ്ടുകളായി കോൺഗ്രസിനൊപ്പം നിൽക്കുന്നവരാണ് ബത്തേരി മണ്ഡലത്തിലെ കുറുമ സമൂദായം. ഇവരെ കണക്കിലെടുത്താണ് ഇതേ സമുദായത്തിൽനിന്നുള്ള എം.എസ്.വിശ്വനാഥനെ 2013 ൽ കെ.പി.സി.സി സെക്രട്ടറിയാക്കിയത്. എന്നാൽ സമുദായത്തോടും കോൺഗ്രസിനോടുമുള്ള ഉത്തരവാദിത്തം അദ്ദേഹം നിറവേറ്റിയില്ല. 


നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു കോൺഗ്രസ് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് റോസക്കുട്ടിയും വിശ്വനാഥനും പാർട്ടിവിട്ടത്. ജനങ്ങൾക്കിടയിൽ സ്വാധീനമുള്ളവരെന്ന അനുമാനത്തിലാണ് ഇരുവരെയും സി.പി.എം ഒപ്പം കൂട്ടിയത്. വിശ്വനാഥൻ ബത്തേരിയിൽ എൽ.ഡി.എഫ് സ്ഥാനാർഥിയാണ്. രണ്ടു പേരുടെയും ജനസ്വാധീനം തെരഞ്ഞെടുപ്പുഫലം പുറത്തു വരുമ്പോൾ കൂടുതൽ വ്യക്തമാകും. ജില്ലയിൽ മറ്റു ചിലരും പാർട്ടിയിൽനിന്നു പോയി. അർഹതയില്ലാത്തവർക്കു നേതൃസ്ഥാനങ്ങൾ നൽകിയതിന്റെ ഫലമാണ് പാർട്ടി  അനുഭവിക്കുന്നത്. 
താൻ കോൺഗ്രസിൽനിന്നു രാജിെവയ്ക്കുമെന്നു ആരോടും  പറഞ്ഞിട്ടില്ല. എന്നിരിക്കേയാണ് ചില മാധ്യമങ്ങളിൽ വാർത്ത വന്നത്. ഇതു കോൺഗ്രസിലും യു.ഡി.എഫിലും തെറ്റിദ്ധാരണയ്ക്കു കാരണമായി. കെ.എസ്.യുവിലും യൂത്ത് കോൺഗ്രസിലും കോൺഗ്രസിലുമായി അഞ്ചു പതിറ്റാണ്ടായി താൻ പൊതുരംഗത്തുണ്ട്. 


പാർട്ടിയിൽ മതിയായ പരിഗണന ലഭിച്ചിട്ടുണ്ട്. ഏഴു വർഷം ഡി.സി.സി പ്രസിഡന്റായിരുന്നു. ജില്ലാ കൗൺസിൽ അംഗം, ജില്ലാ പഞ്ചായത്തംഗം, ജില്ലാ ബാങ്ക് പ്രസിഡന്റ്, കാർഷിക സർവകലാശാല ജനറൽ കൗൺസിൽ അംഗം, ടീ ബോർഡ് മെമ്പർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഈ സ്ഥാനങ്ങളെല്ലാം പാർട്ടി തന്നതാണ്. ബത്തേരി മണ്ഡലത്തിലെ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളുടെ ചുമതല ആറു മാസം മുമ്പ് തന്നെയാണ് കെ.പി.സി.സി ഏൽപിച്ചത്. മണ്ഡലത്തിൽ സ്ഥാനാർഥിയുടെ വിജയത്തിനായി പ്രവർത്തിച്ചുവരികയാണ്. തന്നെ സംബന്ധിച്ചിടത്തോളം കോൺഗ്രസ് വിടുന്ന പ്രശ്‌നം ഉദിക്കുന്നില്ല. 


ജില്ലയിലെ ഏക ജനറൽ മണ്ഡലമായ കൽപറ്റയിൽ സീറ്റുമായി ബന്ധപ്പെട്ടു ഉയർന്നുവന്ന പ്രശ്‌നങ്ങൾ സ്ഥാനാർഥി പ്രഖ്യാപനത്തോടെ അവസാനിച്ചു. കൽപറ്റ മണ്ഡലത്തിൽ കോൺഗ്രസ് ഒറ്റക്കെട്ടായാണ് പ്രവർത്തിക്കുന്നത്. ബത്തേരി മണ്ഡലത്തിന്റെ ചുമതലയ്ക്കിടയിലും സമയം കണ്ടെത്തി കൽപറ്റ, മാനന്തവാടി മണ്ഡലങ്ങളിലും യു.ഡി.എഫ് സ്ഥാനാർഥികളുടെ വിജയത്തിനായി പ്രവർത്തിക്കും. ഇന്നു നടവയലിൽ ടി.സിദ്ദിീഖിന്റെ തെരഞ്ഞെടുപ്പു പര്യടനം ഉദ്ഘാടനം ചെയ്യുന്നതു താനാണെന്നും ബാലചന്ദ്രൻ പറഞ്ഞു. ഡി.സി.സി ട്രഷറർ എൻ.എം.വിജയൻ, യുവ നേതാക്കളായ ബിനു ജേക്കബ്, അനുമോദ് മലവയൽ എന്നിവർ കൂടെ ഉണ്ടായിരുന്നു. 


 

Latest News