Sorry, you need to enable JavaScript to visit this website.

മഞ്ജു വാര്യരെ ആഘോഷിച്ച് സോഷ്യല്‍ മീഡിയ; ചിത്രങ്ങളും കുറിപ്പുകളും വ്യാപകം

നടി മഞ്ജു വാര്യരെ എല്ലാം മറന്ന് ആഘോഷിക്കുകയാണ് സോഷ്യല്‍ മീഡിയ. മഞ്ജുവിന്റെ പുതിയ ഫോട്ടോ വൈറലായി മാറിയതിനു പിന്നാലെ നിരവധി പേരാണ് കുറിപ്പുകളുമായെത്തിയത്. ലേഡി സൂപ്പര്‍ സ്റ്റാര്‍ എങ്ങനെ തങ്ങളുടെ മനസ്സ് കീഴടക്കിയെന്ന് വ്യക്തമാക്കുന്നതാണ് ഓരോ കുറിപ്പും.

https://www.malayalamnewsdaily.com/sites/default/files/2021/03/27/manj1.jpg
റംസി റംസിന്‍ എഴുതുന്നു...
42 വയസ്സുള്ള, വിവാഹമോചിതയായ പെണ്ണാണ്..സ്‌നേഹം കൊണ്ട് മുറിവേറ്റവളാണ്..പറന്നുയരും മുന്നേ കൂട്ടിലകപ്പെട്ടവളാണ്..മുപ്പതുകളില്‍ പൂജ്യത്തില്‍ നിന്നും ജീവിതം റീസ്റ്റാര്‍ട്ട് ചെയ്തവളാണ് ..ജീവിതം തോല്‍പ്പിക്കാന്‍ ശ്രമിച്ചിടത്ത് നിന്നും ജയിച്ചു മുന്നേറിയവളാണ്...അഭിമാനമാണ്..
ജീവിതം കൈ വിട്ടു പോയെന്ന് തോന്നിയ കാലത്ത് ഈ മുഖം എനിക്ക് നല്‍കിയ ആശ്വാസം കുറച്ചൊന്നുമല്ല.
 വിവാഹമോചിതരായ, വിധവകളായ, ചതിക്കപ്പെട്ട, മുറിവേറ്റ പെണ്ണുങ്ങളോടാണ്..വിദ്യാഭ്യാസം പൂര്‍ത്തിയാവും മുന്നേ ഭാര്യയായി അടുക്കളയില്‍ ഒതുങ്ങിക്കൂടേണ്ടി വന്ന, ഒന്നുമാവാന്‍ കഴിഞ്ഞില്ലെന്ന് നിരാശപ്പെടുന്ന മുപ്പതുകളിലും നാല്‍പതുകളിലുമുള്ള പെണ്ണുങ്ങളോടാണ്...
നോക്കൂ പെണ്ണുങ്ങളേ....ഇപ്പോഴും വൈകിയിട്ടില്ല... എവിടെയോ നഷ്ടപ്പെട്ട നിങ്ങളുടെ വരയ്ക്കാനുള്ള, പാടാനുള്ള, നൃത്തം ചെയ്യാനുള്ള, എഴുതാനുള്ള കഴിവുകളെ തിരിച്ചു പിടിക്കുക...വിദൂരവിദ്യാഭാസം വഴിയെങ്കിലും നല്ല വിദ്യാഭ്യാസം നേടിയെടുക്കാന്‍ ശ്രമിക്കുക. അതിന് സാധിക്കാത്തൊരു അവസ്ഥയില്‍ ആണെങ്കില്‍ നിങ്ങളെ കൊണ്ട് കഴിയുന്ന എന്തെങ്കിലും ഒരു ജോലി കണ്ടെത്തുക... അധ്വാനിച്ചു നേടുന്ന ഒരു പത്ത് രൂപക്ക് പോലും വലിയ മൂല്യമുണ്ട്.എത്ര കഷ്ടപ്പെട്ടാണെങ്കിലും സാമ്പത്തിക സ്വാതന്ത്ര്യം നേടിയെടുക്കാന്‍ ശ്രമിക്കുക...
എന്തൊക്കെ തന്നെ നഷ്ടപ്പെട്ടാലും ആരൊക്കെ ഒറ്റപ്പെടുത്തിയാലും ഒറ്റയ്ക്ക് നില്‍ക്കാന്‍ കെല്പുള്ളവളാവുക.....നല്ല ഭക്ഷണങ്ങള്‍ കഴിച്ചും നല്ല വസ്ത്രങ്ങള്‍ ധരിച്ചും യാത്രകള്‍ ചെയ്തും കളര്‍ഫുള്‍ ആയിട്ടങ്ങ് ജീവിക്കുക...സന്തോഷമായിരിക്കുക

സന്ദീപ് ദാസിന്റെ ഫേസ്ബുക്ക് കുറിപ്പ്

മഞ്ജു വാര്യരുടെ ഈ ഫോട്ടോ നോക്കൂ. ജീവിതത്തില്‍ പൊരുതി ജയിക്കാനും വലിയ സ്വപ്നങ്ങള്‍ കാണാനും നമ്മെ പ്രേരിപ്പിക്കുന്ന ചിത്രം.
കുടുംബത്തിനുവേണ്ടി സ്വന്തം ജീവിതം ബലികൊടുത്ത ഒരുപാട് സ്ത്രീകളെ കണ്ടിട്ടുണ്ട്. വിവാഹത്തിനുശേഷം പഠനവും ജോലിയും ഉപേക്ഷിച്ച സ്ത്രീകളുടെ കണക്കെടുത്താല്‍ അതിന് അവസാനമുണ്ടാവില്ല. മഞ്ജുവിന്റെ കഥയും സമാനമാണ്. ദിലീപിനെ വിവാഹം കഴിക്കുന്ന സമയത്ത് അവര്‍ മലയാളസിനിമയിലെ ഏറ്റവും തിരക്കുള്ള അഭിനേത്രിയായിരുന്നു. നടനകലയുടെ പെരുന്തച്ചനായ സാക്ഷാല്‍ തിലകനെപ്പോലും അത്ഭുതപ്പെടുത്തിയ നടി. പക്ഷേ കല്യാണം കഴിഞ്ഞതോടെ അവര്‍ക്ക് അഭിനയം ഉപേക്ഷിക്കേണ്ടിവന്നു. മഞ്ജു സ്വന്തം ഇഷ്ടപ്രകാരം അങ്ങനെയൊരു തീരുമാനം എടുത്തതല്ല. അവര്‍ അതിന് നിര്‍ബന്ധിക്കപ്പെട്ടതാണ്. ഇതുപോലുള്ള സാഹചര്യങ്ങളില്‍ പല സ്ത്രീകളും തോല്‍വി സമ്മതിക്കാറുണ്ട്. ജീവിതം മുഴുവനും തെറ്റായ ട്രാക്കിലൂടെ സഞ്ചരിക്കാറുണ്ട്. എന്നാല്‍ മഞ്ജു അങ്ങനെ തോറ്റുകൊടുക്കാന്‍ തയ്യാറായിരുന്നില്ല.

ഒരുപാട് വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം മഞ്ജു സിനിമയിലേക്ക് തിരിച്ചുവന്നു. അപ്പോഴും വിമര്‍ശനങ്ങള്‍ക്ക് കുറവൊന്നുമുണ്ടായിരുന്നില്ല. ഭര്‍ത്താവിനെ ഉപേക്ഷിച്ച അടക്കവും ഒതുക്കവും ഇല്ലാത്ത പെണ്ണ് എന്ന വിശേഷണം യാഥാസ്ഥിതികര്‍ മഞ്ജുവിന് ചാര്‍ത്തിക്കൊടുത്തു.
നമ്മുടെ സമൂഹത്തിന്റെ പ്രത്യേകതയാണത്. ഡിവോഴ്‌സ് രണ്ട് വ്യക്തികളുടെ സ്വകാര്യ വിഷയം മാത്രമാണെന്ന് അംഗീകരിക്കാനുള്ള പക്വത നമുക്ക് ഇപ്പോഴും വന്നിട്ടില്ല. ദാമ്പത്യബന്ധം ബഹുമാനപൂര്‍വ്വം വേര്‍പെടുത്തുന്ന സ്ത്രീകള്‍ നമ്മുടെ കണ്ണില്‍ കുറ്റക്കാരികളാണ്.
ഒരു സ്ത്രീ സ്വപ്നങ്ങളെ പിന്തുടരുമ്പോള്‍ അവളെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്താന്‍ ശ്രമിക്കുന്ന സ്വഭാവവും സമൂഹത്തിനുണ്ട്. അതുകൊണ്ടാണ് മഞ്ജു ഇങ്ങനെ ആക്രമിക്കപ്പെട്ടത്.

പക്ഷേ ഇത്രയേറെ കല്ലേറ് കൊണ്ടതിനുശേഷവും മഞ്ജു ഇവിടെ സൂപ്പര്‍സ്റ്റാറായി വിജയിച്ചുനില്‍ക്കുന്നുണ്ട്. നാല്‍പത് വയസ്സ് പിന്നിട്ടുകഴിഞ്ഞ അവര്‍ക്ക് ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ രൂപഭാവങ്ങളാണ് കാണുന്നത്. ഈ നാട്ടിലെ സ്ത്രീകളോട് മഞ്ജു വിളിച്ചുപറയുകയാണ്
''വീണുപോകുന്നത് നിങ്ങളുടെ തെറ്റല്ല. പക്ഷേ വീണിടത്ത് തന്നെ കിടക്കുന്നത് നിങ്ങളുടെ പിഴവാണ്. പറക്കാനുള്ള ചിറകുകള്‍ സമൂഹം വെട്ടിക്കളഞ്ഞാല്‍ അതിന്റെ പേരില്‍ കരഞ്ഞുതളര്‍ന്നിരിക്കരുത്. ചിറകുകള്‍ സ്വന്തമായി തുന്നുക. അതിരുകളില്ലാത്ത ആകാശത്ത് പറന്നുല്ലസിക്കുക..

 

Latest News