തൃശൂർ - കലാമണ്ഡലം ഗോപിയാശാനെ തേടി വോട്ട് വീട്ടിലെത്തി. തെരഞ്ഞെടുപ്പു ദിവസം പോളിംഗ് ബൂത്തിൽ നേരിട്ട് ഹാജരാകാൻ കഴിയാത്തവർക്കായി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ നിർദേശപ്രകാരം ഏർപ്പെടുത്തിയ സമ്മതിദാനാവകാശ സജ്ജീകരണത്തിന്റെ ഭാഗമായാണ് ഗോപിയാശാന്റെ വീട്ടിലേക്ക് പോളിംഗ് ബൂത്തെത്തിയത്. 80 വയസ്സിന് മുകളിലുള്ളവർ, ഭിന്നശേഷിക്കാർ, കോവിഡ് രോഗികൾ, രോഗം സംശയിക്കുന്നവർ എന്നീ വിഭാഗത്തിൽ ഉൾപ്പെടുന്ന നേരിട്ട് ഹാജരാകാൻ സാധിക്കാത്ത ആബ്‌സന്റി വോട്ടർമാർക്കുള്ള സൗകര്യമാണ് വീട്ടിൽ പോളിംഗ് ബൂത്തൊരുക്കി വോട്ട് ചെയ്യാനുള്ള ക്രമീകരണം. ഇതു പ്രകാരമാണ് കലാമണ്ഡലം ഗോപിയാശാന്റെ വീട്ടിൽ ജില്ല കലക്ടറടക്കമുള്ളവർ നേരിട്ടെത്തി ആശാന്റെ വോട്ട് രേഖപ്പെടുത്തിയത്. സാധാരണ ഒരു പോളിംഗ് ബൂത്തിന്റെ എല്ലാ ക്രമീകരണങ്ങളും വരടിയത്തെ ഗോപിയാശാന്റെ വീട്ടിലൊരുക്കിയിരുന്നു. വീടിന്റെ സിറ്റൗട്ടിലാണ് പോളിംഗ് സ്റ്റേഷൻ ക്രമീകരിച്ചത്. കോവിഡ് പ്രോട്ടോകോൾ പൂർണമായും പാലിച്ചായിരുന്നു വോട്ട് രേഖപ്പെടുത്തിയത്. സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ശുചീകരിച്ച ശേഷമാണ് ബൂത്തിലേക്ക് കലക്ടറും ഗോപിയാശാനും ഉദ്യോഗസ്ഥരുമടക്കമുള്ളവർ പ്രവേശിച്ചത്. പോളിംഗ് ഓഫീസർ, ഒബ്‌സർവർ, പോളിംഗ് അസിസ്റ്റന്റ്, ബിഎൽഒ തുടങ്ങി പോളിംഗ് സ്റ്റേഷനിലേക്ക് വളരെ കുറച്ചു പേർക്കു മാത്രമേ പ്രവേശനം അനുവദിച്ചുള്ളു. രാഷ്ട്രീയ പാർട്ടികളുടെ ഏജന്റുമാരും ഉണ്ടായിരുന്നു. ആദ്യം തന്നെ കലാമണ്ഡലം ഗോപിയുടെ പേര് വോട്ടർ പട്ടികയിലുണ്ടെന്ന് വെരിഫൈ ചെയ്ത് ഉറപ്പു വരുത്തിയ ശേഷമായിരുന്നു തുടർനടപടികൾ. വോട്ട് ചെയ്യാൻ അനുമതി നൽകിയതോടെ പേപ്പർ ബാലറ്റ് കൈമാറി. വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ വോട്ടറാണ് ഗോപിയാശാൻ. വോട്ട് രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി കൈവിരലിൽ മഷി പുരട്ടുകയും ചെയ്തു. വോട്ട് രേഖപ്പടുത്തി ബാലറ്റ് തിരിച്ചേൽപിച്ചതോടെ നടപടിക്രമങ്ങൾ പൂർത്തിയായി.
ജില്ലയിലാകെ 37,828 പേരാണ് ആബ്‌സെന്റി വോട്ടർമാരുടെ പട്ടികയിലുൾപ്പെട്ടിട്ടുള്ളത്. ഇവരുടെ വീടുകളിൽ ചെന്ന് തെരഞ്ഞെടുപ്പു ഉദ്യോഗസ്ഥർ വോട്ടുകൾ നേരിട്ട് രേഖപ്പെടുത്തും.ആബ്‌സന്റി വോട്ടുകളുടെ നടപടികൾ പൂർത്തിയാക്കാൻ ജില്ലയിൽ 396 പ്രത്യേക പോൾ ടീമുകളെ നിയമിച്ചിട്ടുണ്ട്. പോൾ ടീം നേരിട്ട് നൽകുന്ന ബാലറ്റുകൾ അപ്പോൾ തന്നെ വോട്ട് ചെയ്ത് തിരികെ നൽകണം. ബാലറ്റ് പോൾ ടീമിൽ നിന്നും വാങ്ങി പിന്നീട് വോട്ട് ചെയ്ത് നൽകാൻ അനുവദിക്കില്ല.
ഒരു പോൾ ഓഫീസർ, ഒരു പോൾ അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്‌സർവർ, ഒരു വീഡിയോഗ്രഫർ, പോലീസ്, റൂട്ട് ഓഫീസർമാരായി ബൂത്ത് ലെവൽ ഓഫീസർമാർ എന്നിവർ ഒരു ടീമിൽ അംഗങ്ങളായിരിക്കും. വോട്ടിങ് പ്രക്രിയ സുതാര്യവും നിഷ്പക്ഷവുമായി നടക്കുന്നു എന്ന് ഉറപ്പാക്കുന്നതിന് എല്ലാ സ്ഥാനാർത്ഥികളുടെയും ഏജന്റുമാർക്ക് ഈ ടീമിനെ അനുഗമിക്കാവുന്നതാണ്. പോൾ ടീമുകൾക്ക് സഞ്ചരിക്കുന്നതിന് 396 വാഹനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.






