പാലക്കാട്- ചിറ്റൂരിൽ ഇക്കുറി പഴയ എതിരാളിയുടെ മകനോടാണ് മന്ത്രി കെ.കൃഷ്ണൻ കുട്ടി മൽസരിക്കുന്നത്. കഴിഞ്ഞ തവണ തന്റെ അച്ഛനെ ആദ്യമായി പരാജയത്തിന്റെ രുചിയറിയിച്ച സോഷ്യലിസ്റ്റ് നേതാവിനെ പരാജയപ്പെടുത്തി കോൺഗ്രസിനു വേണ്ടി മണ്ഡലം തിരിച്ചുപിടിക്കാൻ മുൻ എം.എൽ.എ കെ.അച്യുതന്റെ മകൻ സുമേഷ് അച്യുതന് കഴിയുമോ എന്നതാണ് ചോദ്യം. ചിറ്റൂരിൽ കൃഷ്ണൻ കുട്ടിക്ക് ഇത് ഒമ്പതാം അങ്കമാണ്. നാലു തവണ ജയിച്ചു. കെ.പി.സി.സിയുടെ ഒ.ബി.സി ഡിപ്പാർട്ട്‌മെന്റ് ചെയർമാനും ഡി.സി.സി വൈസ്പ്രസിഡന്റുമാണ് യു.ഡി.എഫ് സ്ഥാനാർത്ഥി സുമേഷ് അച്യുതൻ. ബി.ജെ.പി മധ്യമേഖലാ ജനറൽ സെക്രട്ടറി വി.നടേശനാണ് മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി.
1980, 82, 91, 2016 എന്നീ വർഷങ്ങളിൽ വിജയിച്ച കെ.കൃഷ്ണൻ കുട്ടി ജനതാ പാർട്ടിയിലൂടെയാണ് ജനതാദൾ എസിൽ എത്തിയത്. ആ പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചു. 2018 ൽ ജലവിഭവ വകുപ്പ് മന്ത്രിയായി ചുമതലയേറ്റ ഈ 76 കാരൻ ഒരു കർഷകൻ എന്ന രീതിയിൽ അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്.
തുടർച്ചയായി നാലു തവണ ചിറ്റൂരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം 2016 ൽ തന്റെ ചിരകാല എതിരാളിയായ കെ.കൃഷ്ണൻ കുട്ടിയോട് തോറ്റ മുതിർന്ന കോൺഗ്രസ് നേതാവ് കെ.അച്യുതന്റെ മകനാണ് സുമേഷ് അച്യുതൻ. കെ.എസ്.യുവിലൂടെ പൊതുപ്രവർത്തനമാരംഭിച്ച ഈ 46 കാരൻ കായിക രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. നിയമസഭയിലേക്ക് ഇത് കന്നിയങ്കം.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി പാലക്കാട് ജില്ലയിൽ വിവിധ സംഘ്പരിവാർ സംഘടനകളുടെ ഭാരവാഹിയായി പ്രവർത്തിച്ചിട്ടുണ്ട് വി.നടേശൻ. ദീർഘകാലമായി പാലക്കാട് നഗരസഭാംഗമാണ് ഈ 52 കാരൻ. ചിറ്റൂർ-തത്തമംഗലം നഗരസഭയും പട്ടഞ്ചേരി, വടകരപ്പതി, എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ, നല്ലേപ്പിള്ളി, പെരുമാട്ടി, പൊൽപ്പുള്ളി, പെരുവെമ്പ് എന്നീ ഗ്രാമപഞ്ചായത്തുകളും അടങ്ങിയതാണ് ചിറ്റൂർ നിയമസഭാ മണ്ഡലം. ഇതിൽ പട്ടഞ്ചേരിയിലും എരുത്തേമ്പതിയിലും മാത്രമാണ് നിലവിൽ യു.ഡി.എഫ് ഭരണം. മറ്റെല്ലാം ഇടതുമുന്നണിക്കൊപ്പമാണ്. ചിറ്റൂർ-തത്തമംഗലം നഗരസഭാ ഭരണം ആദ്യമായാണ് യു.ഡി.എഫിന് നഷ്ടപ്പെട്ടത്.
തമിഴ്‌നാടിനോട് ചേർന്നു കിടക്കുന്ന പ്രദേശമായതിനാൽ തമിഴ് സംസാരിക്കുന്നവർ ചിറ്റൂരിൽ നിർണായക ശക്തിയാണ്. 2016 ൽ 7285 വോട്ടിന് എൽ.ഡി.എഫിനെ വിജയിപ്പിച്ച മണ്ഡലത്തിന്റെ പരിധിയിൽ നിന്ന് 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് 23,467 വോട്ടിന്റെ ലീഡ് ലഭിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് പതിമൂവായിരത്തോളം വോട്ടിന്റെ മേൽക്കൈയുണ്ട്. ബി.െജ.പിക്ക് മണ്ഡലത്തിൽ പതിനയ്യായിരത്തോളം വോട്ടാണ് ഉള്ളത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വടകരപ്പതിയിലെ വലതുകര കനാൽമുന്നണിയുടെ പിന്തുണ ഇടതുമുന്നണിക്ക് സഹായകമായി. കുടിവെള്ളത്തിന്റെ രാഷ്ട്രീയം ഉയർത്തിയാണ് ഇക്കുറിയും പോരാട്ടം. ജലവിഭവ വകുപ്പ് മന്ത്രി എന്ന രീതിയിൽ തനിക്ക് വിഷയം നല്ല രീതിയിൽ കൈകാര്യം ചെയ്യാനായിട്ടുണ്ടെന്ന അവകാശവാദവുമായാണ് കൃഷ്ണൻ കുട്ടി വോട്ടർമാരെ സമീപിക്കുന്നത്. പരിവർത്തിത ക്രൈസ്തവർക്ക് സ്വാധീനമുള്ള അതിർത്തി പ്രദേശങ്ങളിൽ നഷ്ടപ്പെട്ട വോട്ടുകൾ തിരിച്ചു പിടിക്കാൻ മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടി യു.ഡി.എഫിനു വേണ്ടി പ്രചരണത്തിന് എത്തിയിരുന്നു.
പാളയത്തിലെ പടയാണ് യു.ഡി.എഫിനു മുന്നിലുള്ള പ്രധാന വെല്ലുവിളി. ചിറ്റൂരിലെ കോൺഗ്രസിൽ അച്യുതന്റെ കുടുംബത്തിന്റെ സമഗ്രാധിപത്യമാണ് എന്ന പരാതി ഒരു വിഭാഗം പ്രവർത്തകർക്കുണ്ട്. അച്യുതന്റെ അനിയൻ മധുവിന്റെ സ്ഥാനാർത്ഥിത്വത്തെച്ചൊല്ലിയുള്ള കലഹമാണ് ചിറ്റൂർ-തത്തമംഗലം നഗരസഭാ ഭരണം യു.ഡി.എഫിന് നഷ്ടപ്പെടുത്തിയത്. ചില പഞ്ചായത്തുകളിലും അതിന്റെ അലയൊലികൾ ഉണ്ടായി.
എൽ.ഡി.എഫിലും സമാനമായ ചില പ്രശ്‌നങ്ങളുണ്ട്. ചിറ്റൂരിൽ സി.പി.എമ്മും ജനതാദളും സഖ്യകക്ഷികളാണെങ്കിലും പലയിടത്തും പ്രവർത്തകർ ബദ്ധശത്രുക്കളാണ്. ജനതാദളിന് സ്വന്തമായി വോട്ടുള്ള സ്ഥലമാണ് ചിറ്റൂർ. ഏതു മുന്നണിയിലായാലും ഏറെക്കാലമായി ജനതാദൾ തനിച്ച് ഭരിക്കുന്ന പഞ്ചായത്താണ് പെരുമാട്ടി. യു.ഡി.എഫിൽ പോയി ഇടതുമുന്നണിയിൽ തിരിച്ചെത്തിയതിനു ശേഷം സി.പി.എമ്മുമായി ബന്ധം മെച്ചപ്പെടുത്തുന്നതിന്.കൃഷ്ണൻ കുട്ടി ശ്രമം നടത്തിയിട്ടുണ്ടെങ്കിലും അതിന്റെ ഫലം അടിത്തട്ടിലേക്ക് എത്ര കണ്ട് എത്തിയിട്ടുണ്ട് എന്ന കാര്യത്തിൽ സംശയമുണ്ട്.






