വിധിയെഴുത്ത്: ഉത്തര കേരളത്തിലെ മാറ്റങ്ങൾ

കേരളത്തിന്റെ വടക്കേയറ്റത്തെ  കാസർകോട് - കണ്ണൂർ ജില്ലകളിലെ തെരഞ്ഞെടുപ്പു രംഗം നേരത്തെ തന്നെ സജീവമായിക്കഴിഞ്ഞിരുന്നു. വിവിധ തെരഞ്ഞെടുപ്പുകളിൽ ഇരുമുന്നണികൾക്കും മാറി മാറി ആധിപത്യം വരുന്ന ജില്ലയാണ് കാസർകോട്. പക്ഷേ 1987 നു ശേഷം  നിയമസഭയിൽ  കോൺഗ്രസിന് ഒറ്റ എം.എൽ.എമാർ പോലും ഉണ്ടായിട്ടില്ല എന്നതാണ് കൗതുകകരം. പലപ്പോഴും യു.ഡി.എഫ് ജയിച്ചിട്ടുണ്ടെങ്കിലും അത് ലീഗ് സ്ഥാനാർത്ഥികളായിരുന്നു. കഴിഞ്ഞ തവണ ഉദുമയിൽ കെ. സുധാകരനെ തന്നെ മത്സരിപ്പിച്ച് നോക്കിയെങ്കിലും ഫലം കണ്ടില്ല.  ഇത്തവണ ഈ നാണക്കേടിൽ നിന്നും കരകയറാനാണ് ശ്രമം. എന്നാലതെത്ര മാത്രം വിജയിക്കുമെന്ന് കണ്ടറിയണം. ജില്ലയിൽ പല മേഖലകളിലും ബി.ജെ.പിക്കും വലിയ സ്വാധീനമുണ്ട്. രണ്ട് സീറ്റിലാണ് അവർ ശക്തമായി പോരാടുന്നത്. 

അഞ്ചു നിയമസഭാ മണ്ഡലങ്ങളാണ് കാസർകോട് ജില്ലയിലുള്ളത്. മഞ്ചേശ്വരം, കാസർകോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ. ഇവയിൽ കേരളം ശ്രദ്ധിക്കുന്ന പ്രധാന പോരാട്ടം നടക്കുന്നത് മഞ്ചേശ്വരത്തു തന്നെയാണ്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വം തന്നെയാണ് അതിനു കാരണം. 2016 ൽ 89 വോട്ടിനാണ് അദ്ദേഹം പരാജയപ്പെട്ടത്. അപ്പോഴാകട്ടെ, ഒരു അപരൻ  467 വോട്ട് നേടിയിരുന്നു.  പിന്നീട് എം.എൽ.എയും ലീഗ് നേതാവുമായിരുന്നു പി.ബി. അബ്ദുൽ റസാക് അന്തരിച്ചപ്പോൾ ് നടന്ന ഉപതെരഞ്ഞെടുപ്പിൽ 7923 വോട്ടിനായിരുന്നു ലീഗിന്റെ  വിജയം. കെ. സുരേന്ദ്രൻ മത്സരിച്ചില്ല.  സുരേന്ദ്രന്റെ തിരിച്ചുവരവോടെ സ്ഥിതിഗതികൾ മാറുമെന്നാണ് എൻ.ഡി.എ പ്രതീക്ഷ. സംസ്ഥാന സെക്രട്ടറിയായ എ.കെ.എം അഷ്‌റഫിനെയാണ് ലീഗ് രംഗത്തിറക്കിയിരിക്കുന്നത്. സി.പി.എമ്മിൽ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു. ഒടുവിൽ മഞ്ചേശ്വരത്തെ വോട്ടറല്ലാത്ത, മുൻ കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വി.വി. രമേശനെയാണവർ രംഗത്തിറക്കിയിരിക്കുന്നത്. മൂന്നു കൂട്ടർക്കും പ്രധാനമാണെങ്കിലും കെ. സുരേന്ദ്രന് ഈ തെരഞ്ഞെടുപ്പിലെ വിജയം നിർണായകമാണ്. പത്തനംതിട്ടയിലെ കോന്നിയിൽ അദ്ദേഹം മത്സരിക്കുന്നുണ്ടെങ്കിലും അവിടത്തേക്കാൾ പ്രതീക്ഷ മഞ്ചേശ്വരത്താണ്. 

കാസർകോട് നിയമസഭാ മണ്ഡലം ഏറെക്കുറെ യു.ഡി.എഫ് കോട്ടയാണ്. യു.ഡി.എഫിൽ നിന്ന് ലീഗും എൽ.ഡി.എഫിൽ നിന്ന് ഐ.എൻ.എല്ലുമാണ് ഇവിടെ മത്സരിക്കുന്നത്. 2011 ലും 2016 ലും വിജയിച്ച എൻ.എ നെല്ലിക്കുന്നാണ് ലീഗ് സ്ഥാനാർത്ഥി. രണ്ടാം സ്ഥാനത്ത് എൻ.ഡി.എയായിരുന്നു. എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എ. അമീന് ലഭിച്ചത് കേവലം 21,615 വോട്ടായിരുന്നു. ഇക്കുറി എം.എ. ലത്തീഫിനെ എൽ.ഡി.എഫും അഡ്വ. ശ്രീകാന്തിനെ എൻ.ഡി.എയും ഗോദയിലിറക്കുന്നു. വിജയ പ്രതീക്ഷയിലല്ലെങ്കിലും പരമാവധി വോട്ട് നേടാനാണ് എൽ.ഡി.എഫ് ശ്രമം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ അവർ നില മെച്ചപ്പെടുത്തിയിരുന്നു. മഞ്ചേശ്വരത്തിനു പുറമെ കാസർകോട് കൂടി പിടിച്ചെടുക്കാമെന്ന ആഗ്രഹം ബി.ജെ.പിക്കുണ്ട്.

ജില്ലയിലെ മറ്റു മൂന്നു മണ്ഡലങ്ങളായി ഉദുമയും കാഞ്ഞങ്ങാടും തൃക്കരിപ്പൂരം ഇടതുപക്ഷത്തിന്റെ കൈവശമാണ്.  ഉദുമയിൽ നിന്ന് കെ കുഞ്ഞിരാമനും കാഞ്ഞങ്ങാട്ട് നിന്നു ഇ. ചന്ദ്രശേഖരനും തൃക്കരിപ്പൂർ മണ്ഡലത്തിൽ നിന്നു എം. രാജഗോപാലുമാണ് 2016 ൽ വിജയിച്ചത്. മൂന്നിടത്തും എൻ.ഡി.എ ബഹുദൂരം പിറകിൽ മൂന്നാം സ്ഥാനത്തായിരുന്നു. ഉദുമയിൽ ഇക്കുറി സി.പി.എം സ്ഥാനാർത്ഥിയായി സി.എച്ച്. കുഞ്ഞമ്പുവാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ നാലായിരത്തോളം വോട്ടിന്റെ  ഭൂരിപക്ഷം മാത്രമാണ് ഇവിടെ കുഞ്ഞിരാമന് ലഭിച്ചത.് പക്ഷേ തോറ്റത് സാക്ഷാൽ കെ. സുധാകരനായിരുന്നു.  ബാലകൃഷ്ണൻ പെരിയയാണ് കോൺഗ്രസ് സ്ഥാനാർത്ഥി.    സി.പി.എമ്മിന്റെ  ശക്തമായ കോട്ടയാണ് തൃക്കരിപ്പൂർ. മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാർ രണ്ടു തവണ ഇവിടെ നിന്നാണ് ജയിച്ചത്. കഴിഞ്ഞ തവണ 16,959 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു രാജഗോപലിനുണ്ടായിരുന്നത്. എം.പി ജോസഫാണ് ഇക്കുറി യു.ഡി.എഫ് സ്ഥാനാർത്ഥി. റവന്യൂ മന്ത്രി  ചന്ദ്രശേഖരൻ മത്സരിക്കുന്ന കാഞ്ഞങ്ങാട് ഇടതുപക്ഷം സുരക്ഷിതമായി കാണുന്ന സീറ്റാണ്. 2016 ൽ 80,118 വോട്ടാണ് അദ്ദേഹം നേടിയത്. 25,000 ത്തിൽപരം വോട്ടിന്റെ ഭൂരിപക്ഷം. ഇക്കുറി പി.വി. സുരേഷിനെയാണ് യു.ഡി.എഫ് രംഗത്തിറക്കിയിരിക്കുന്നത്. 

എന്നും സംസ്ഥാന രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന പ്രധാന നേതാക്കളുടെ നാടാണ് കണ്ണൂർ.  രാഷ്ട്രീയമായി ചുവപ്പു കോട്ടയായാണ് കണ്ണൂർ അറിയപ്പെടുന്നത്. സി.പി.എം രൂപീകൃതമായത് പിണറായിയിലെ പാറപ്പുറത്ത്. സി.പി.എമ്മിനെയും ഇടതു ഭരണത്തെയും ഇന്നോളം  നിയന്ത്രിച്ച  പ്രമുഖ നേതാക്കളിൽ മിക്കവരും കണ്ണൂരിൽ നിന്നുള്ളവർ തന്നെ. കണ്ണൂർ ലോബിയും അല്ലാത്തവരും തമ്മിൽ ഗ്രൂപ്പിസം എന്ന വാർത്തകൾ പോലും പലപ്പോഴും വരാറുണ്ടല്ലോ. ഇപ്പോഴാകട്ടെ കണ്ണൂർ നേതാക്കൾക്കിടയിൽ തന്നെ അഭിപ്രായ ഭിന്നത എന്നാണ് വാർത്ത. മൂന്നു ജയരാജന്മാരും ശ്രീമതി ടീച്ചറുമൊക്കെ ഇക്കുറി മത്സരിക്കാത്തത് അതിന്റെ ഭാഗമാണെന്ന വാർത്തകളുമുണ്ട്. മക്കൾ വിവാദത്തിലായ കോടിയേരിയും രംഗത്തില്ല. പകരം മുതിർന്ന നേതാവ് എം.വി. ഗോവിന്ദനുണ്ട്. ഈ ഭരണത്തിൽ ഏറെ കൈയടി നേടിയ ശൈലജ ടീച്ചറുമുണ്ട്. കോൺഗ്രസാകട്ടെ, ആദ്യ കാലത്തെ ഗുണ്ടാസ്വഭാവവും കാഡർ സ്വഭാവവുമൊക്കെ പിന്നീട് നഷ്ടപ്പെട്ടെങ്കിലും കെ. സുധാകരന്റെ നേതൃത്വത്തിൽ വന്നതോടെ അതെല്ലാം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. 

കേരള രാഷ്ട്രീയത്തിൽ അത്യപൂർവമായ ഭരണത്തുടർച്ച യാഥാർത്ഥ്യമാക്കുമെന്നു അണികൾക്ക് പ്രതീക്ഷ നൽകിയ മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥാനാർത്ഥിയാകുന്ന ധർമടം തന്നെയാണ് ഇക്കുറി ഏറെ ശ്രദ്ധേയമായ മണ്ഡലം. പിണറായിയുടെ വിജയത്തെ കുറിച്ച് ആർക്കും സംശയമില്ല. കോൺഗ്രസ് സ്ഥാനാർത്ഥിയെ കുറിച്ചുള്ള വിവാദങ്ങളായിരുന്നു സജീവമായത്.  ധർമടം ആദ്യം ഫോർവേഡ് ബ്ലോക്കിനു വിട്ടുകൊടുക്കുകയായിരുന്നെങ്കിലും അവർ മത്സരിച്ചില്ല.  മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച വാളയാർ പെൺകുട്ടികളുടെ മാതാവിനെ പിന്തുണക്കാൻ കെ.പി.സി.സി ആഗ്രഹിച്ചെങ്കിലും ജില്ലയിലെ നേതാക്കൾ സമ്മതിച്ചില്ല. പിന്നീടാണ് നേമത്തെ പോലെ ശക്തനായ സ്ഥാനാർത്ഥി വേണമെന്ന ചർച്ച വന്നതും സാക്ഷാൽ കെ. സുധാകരനു മേൽ സമ്മർദമേറിയതും. എന്നാലദ്ദേഹം പിന്മാറിയതിനെ തുടർന്ന് ഡി.സി.സി സെക്രട്ടറി സി. രഘുനാഥാണ് മത്സരിക്കുന്നത്. ബി.ജെ.പിയാകട്ടെ, ശക്തനായ സ്ഥാനാർത്ഥി സി.കെ. പത്മനാഭനെയാണ് നിർത്തിയിരിക്കുന്നത്. പിണറായി കഴിഞ്ഞ തവണത്തെ 36,297 വോട്ടിന്റെ ഭൂരിപക്ഷം മറികടക്കുമോ എന്നതു മാത്രമാണ് ധർമടത്തെ ചോദ്യം. കഴിഞ്ഞ തവണ റെക്കോഡ് ഭൂരിപക്ഷം നേടിയ ഇ.പി. ജയരാജൻ വിജയിച്ച മട്ടന്നൂർ മണ്ഡലത്തിൽ മത്സരിക്കുന്ന ശൈലജ ടീച്ചറും ഭൂരിപക്ഷം കൂട്ടുമോ എന്നതു തന്നെയാണ് കേരളം ഉറ്റുനോക്കുന്നത്. 

ഇത്തവണ കണ്ണൂരിൽ ഏറ്റവും ചർച്ചയായ മണ്ഡലം ഇരിക്കൂർ തന്നെയായിരുന്നു. കോൺഗ്രസിനകത്തെ ഗ്രൂപ്പിസമായിരുന്നു ചർച്ചക്കുള്ള കാരണം. തെക്കുനിന്ന് കുടിയേറി എട്ടു വർഷം ഈ മണ്ഡലത്തെ പ്രതിനിധീകരിച്ച ഉമ്മൻ ചാണ്ടിയുടെ വലംകൈയായ കെ.സി. ജോസഫ് ഇവിടെ മത്സരിക്കാനില്ല എന്നു പ്രഖ്യാപിച്ചതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. സ്വാഭാവികമായും  സോണി സെബാസ്റ്റിയനായിരിക്കും സ്ഥാനാർത്ഥി എന്നായിരുന്നു എ ഗ്രൂപ്പ് പ്രതീക്ഷിച്ചത്. എന്നാൽ ഹൈക്കമാന്റിന്റെ നിർദേശപ്രകാരം സജീവ് ജോസഫ് നൂലിൽ കെട്ടിയിറക്കപ്പെടുകയായിരുന്നു. തുടർന്നു നടന്ന വിവാദങ്ങൾ പരിഹരിക്കാൻ ഉമ്മൻ ചാണ്ടിക്കു തന്നെ സ്ഥലത്തെത്തേണ്ടിവന്നു. പ്രശ്‌നങ്ങൾ പരിഹരിച്ച് ഒറ്റക്കെട്ടായി രംഗത്തിറങ്ങുമെന്നാണ് ഇപ്പോൾ പാർട്ടി നേതൃത്വം പറയുന്നത്. കേരള കോൺഗ്രസ് മാണി വിഭാഗത്തിലെ സജി കുറ്റിയാനിമറ്റമാണ് ഇവിടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി. 

ലീഗിലെ കെ.എം. ഷാജി മത്സരിക്കുന്ന അഴീക്കോട് ഇരുമുന്നണികൾക്കും പ്രസ്റ്റീജ് മത്സരമാണ്. കഴിഞ്ഞ തവണ എം.വി. നികേഷ് കുമാറിനെ പരീക്ഷിച്ച  എൽ.ഡി.എഫ് ഇക്കുറി രംഗത്തിറക്കിയിരിക്കുന്നത് അഡ്വ. കെ.വി. സുമേഷിനെയാണ്. എം.വി.ആറും അഴീക്കോടൻ രാഘവനും ഇ.പി. ജയരാജനും പോലുള്ള നേതാക്കൾ മത്സരിച്ചു വിജയിച്ച മണ്ഡലമാണിത്. ഇവിടെ ഇക്കുറി  മത്സരം ഏറെ വീറുറ്റതാണ്. പയ്യന്നൂർ, കല്യാശ്ശേരി, തളിപ്പറമ്പ്, തലശ്ശേരി, കൂത്തുപറമ്പ് എന്നിവയെല്ലാം സി.പി.എമ്മിന്റെ ഉരുക്കുകോട്ടകളും സിറ്റിംഗ് മണ്ഡലങ്ങളുമാണ്. തലശ്ശേരിയിൽ എ.എൻ. ഷംസീർ തന്നെ വീണ്ടു വിധി തേടുന്നു.  ബി.ജെ.പിക്ക് സാമാന്യം വോട്ടുള്ള ഇവിടെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസിന്റെ പത്രിക തള്ളിയത് വിവാദങ്ങൾക്ക് തിരികൊളുത്തിയിട്ടുണ്ട്. കല്ലാശ്ശേരിയിൽ ടി.വി. രാജേഷിനു പകരം എസ്.എഫ്.ഐ നേതാവ് എം. വിജിനും പയ്യന്നൂരിൽ ടി.ഐ. മധുസൂദനനും മത്സരിക്കുന്നു.  തളിപ്പറമ്പിലാണ് മുതിർന്ന നേതാവ് എം.വി. ഗോവിന്ദൻ മത്സരിക്കുന്നത്. കൂത്തുപറമ്പിൽ കഴിഞ്ഞ തവണ യു.ഡി.എഫിൽ മത്സരിച്ച് ശൈലജ ടീച്ചറോട് തോറ്റ ജെ.ഡി.യു നേതാവ് കെ.പി. മോഹനനാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. പേരാവൂരിൽ സിറ്റിംഗ് എം.എൽ.എ സണ്ണി ജോസഫിനെ തന്നെയാണ് കോൺഗ്രസ് മത്സരിപ്പിക്കുന്നത്. കഴിഞ്ഞ തവണ കടന്നപ്പള്ളി രാമചന്ദ്രനോട് തോറ്റ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനിയെ തന്നെയാണ് കണ്ണൂരിൽ കോൺഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്. 

2016 ൽ 51.24 ശതമാനമായിരുന്നു കണ്ണൂർ ജില്ലയിലെ എൽ.ഡി.എഫ് വോട്ട് വിഹിതം. യു.ഡി.എഫിന്റേത് 36.44 ശതമാനവും എൻ.ഡി.എയുടേത് 10.3 ശതമാനവും. തീർച്ചയായും 2016 നേക്കാൾ നില മെച്ചപ്പെടുത്താനാണ് മൂന്നു കൂട്ടരും ശ്രമിക്കുന്നത്. രാഷ്ട്രീയമായി കണ്ണൂർ മൂന്നു മുന്നണികൾക്കും അതിപ്രധാന ജില്ലയായതിനാൽ ശക്തമായ പോരാട്ടം പ്രതീക്ഷിക്കാം.


 

Latest News