Sorry, you need to enable JavaScript to visit this website.

ഒന്നാം സ്ഥാനം ബി.ജെ.പിയ്ക്ക്, 2016ലെ നിയമസഭാ  തെരഞ്ഞെടുപ്പില്‍ ചെലവഴിച്ചത് 43 കോടി രൂപ 

വടകര- ബിജെപി 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ 43 കോടി രൂപ ചെലവഴിച്ചു. സി.പി.എം, സി.പി.ഐ, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ മുടക്കിയതിന്റെ ഇരട്ടിത്തുകയാണ് ബി.ജെ.പി 2016ല്‍ ചെലവഴിച്ചത്.2016ലെ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമീഷന് സമര്‍പ്പിച്ച വരവ് ചെലവ് കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പൊതു യോഗങ്ങള്‍ക്കും റാലികള്‍ക്കുമായി 5.13 കോടി, സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി ചെലവഴിച്ചത് 14.51 കോടി, സ്ഥാനാര്‍ഥികള്‍ക്ക് നല്‍കിയ തുക 13.5 കോടി എന്നിങ്ങനെയാണ് ചെലവഴിച്ച തുകകള്‍.
സ്ഥാനാര്‍ഥികള്‍ക്കായി ചെലവഴിച്ച 28 കോടിയില്‍ പരസ്യം, പൊതു ബോര്‍ഡുകള്‍, വാഹനങ്ങള്‍, റാലികള്‍, ജാഥകള്‍ തുടങ്ങിയവ ഉള്‍പ്പെടും. അരുവിക്കര മണ്ഡലത്തില്‍ മത്സരിച്ച എ. രാജസേനനാണ് ഏറ്റവും കൂടുതല്‍ തുക ലഭിച്ചത്. 21 ലക്ഷം രൂപ പ്രചാരണത്തിനായി നല്‍കി. ഏറ്റവും കുറവ് തുക ലഭിച്ചത് നേമം മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് ജയിച്ച ഒ. രാജഗോപാലിനും. 1032 രൂപയാണ് രാജഗോപാലിന് ലഭിച്ചത്. കോട്ടക്കല്‍ മണ്ഡലത്തില്‍ മത്സരിച്ച വി. ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ക്ക് 19.49 ലക്ഷം രൂപയാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയത്.
ബി.ജെ.പിയുടെ മുതിര്‍ന്നനേതാക്കള്‍ 264 തവണ വിവിധ മണ്ഡലങ്ങള്‍ സന്ദര്‍ശിച്ചു. ഇവരുടെ ടാക്‌സി, ഹെലികോപ്ടര്‍ വാടകയായി 1.31 കോടി ചെലവാക്കി. 660 പൊതു യോഗങ്ങളും കണ്‍വെന്‍ഷനുകളും നടത്തിയതിലൂടെ 2.63 കോടി ചെലവായതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
ബി.ജെ.പി കേന്ദ്ര ആസ്ഥാനം ചെലവഴിച്ചത് 14.75 കോടി രൂപയാണ്. 5.64 കോടി രൂപ ഉന്നത നേതാക്കളുടെ സന്ദര്‍ശനത്തിനായി ഇവര്‍ ചെലവാക്കി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും സംഘവും നാലു തവണയാണ് കേരളത്തിലെത്തിയത്. ഇതിനായി ചെലവഴിച്ചത് 1.05 കോടിയും. മാധ്യമ പരസ്യങ്ങള്‍ക്കായി 8.41കോടി രൂപ ചെലവഴിച്ചു. അരക്കോടിയിലധികം പൊതുയോഗങ്ങള്‍ക്കും മുടക്കി.
രണ്ടുഘട്ടമായി ബി.ജെ.പി സംസ്ഥാന യൂണിറ്റിന് ഏഴു കോടി രൂപയാണ് കേന്ദ്ര ആസ്ഥാനത്തു നിന്നും ലഭിച്ചതെന്നും കണക്കില്‍ പറയുന്നു. ജനറല്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കായി ബി.ജെ.പി സംസ്ഥാന നേതൃത്വം 14.1 കോടി രുപ ചിലവാക്കി. ഇതില്‍ 2.63 കോടി മാധ്യമ പരസ്യങ്ങളും ആറുകോടി മറ്റു പരസ്യങ്ങള്‍ക്കും ചെലവഴിച്ചു. 2.63 കോടി പൊതു യോഗങ്ങള്‍ക്കും മറ്റും ചെലവാക്കി. 3.96 കോടി ബാക്കിയുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 2016ല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ അവസാനിച്ചതു വരെ വിവിധ ഉറവിടങ്ങളില്‍ നിന്നായി 28.79 കോടി രൂപയാണ് സി.പി.എമ്മിന് ലഭിച്ചത്. ഇതില്‍ 11 കോടി ജനറല്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവാക്കി. 10 കോടി മാധ്യമ പരസ്യങ്ങള്‍ക്കും 92 ലക്ഷം പബ്ലിസിറ്റി ഉപകരണങ്ങള്‍ക്കും ചെലവഴിച്ചു.നേതാക്കളുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 2.32 ലക്ഷം യാത്രചെലവായി. 11.5 ലക്ഷം രൂപയാണ് വിവിധ സ്ഥാനാര്‍ഥികള്‍ക്ക് പ്രചാരണ തുകയായി നല്‍കിയത്. ഇതില്‍ പി. ശ്രീരാമകൃഷ്ണന്‍, കെ. നിഷാന്ത്, വി.കെ.സി. മമ്മദ്‌കോയ എന്നിവര്‍ക്കാണ് പ്രചാരണ തുക നല്‍കിയത്.8.7 കോടിയാണ് കോണ്‍ഗ്രസ് ചെലവാക്കിയത്. ഇതില്‍ 10 ലക്ഷം ഓരോ സ്ഥാനാര്‍ഥികള്‍ക്കും ചെലവിനായി നല്‍കി. പാര്‍ട്ടി ജനറല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 41.06 ലക്ഷം ചെലവാക്കി.2016ല്‍ 27 സീറ്റുകളില്‍ മത്സരിച്ച സി.പി.ഐ 8.27 കോടി രൂപയാണ് പ്രചാരണത്തിന് ചെലവാക്കിയത്. ജില്ല സെക്രട്ടറിമാര്‍ക്ക് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി 93.5 ലക്ഷം കൈമാറി. 6.21 കോടി ജനറല്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവാക്കി. 2.06 കോടി സ്ഥാനാര്‍ഥികള്‍ക്കായി ചെലവാക്കി. 7.5 കോടി രൂപയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ സി.പി.ഐക്ക് ലഭിച്ചതെന്നും കണക്കുകള്‍ പറയുന്നു.

 
 

Latest News