മുസ്‌ലിംകള്‍ രാജ്യദ്രോഹിയും ബ്രാഹ്മണന്‍ ദരിദ്രനും  വിവാദ വീഡിയോ മുക്കി പു.ക.സ 

കൊച്ചി- സൈബര്‍ സഖാക്കളുടെ പോലും രൂക്ഷ വിമര്‍ശനങ്ങള്‍ക്കൊടുവില്‍ ഇടതുപക്ഷത്തെ സഹായിക്കാന്‍ പുറത്തിറക്കിയ വീഡിയോകള്‍ പിന്‍വലിച്ച് പുരോഗമന കലാ സാഹിത്യ സംഘം. സഹായിച്ചില്ലേലും ഇങ്ങനെ ഉപദ്രവിക്കരുതെന്നാണ് സൈബര്‍ സഖാക്കള്‍ പോലും വിഡിയോകള്‍ക്ക് താഴെ കമന്റിട്ടത്. ഇതിനു പിന്നാലെയാണ് വിവാദ വീഡിയോകള്‍ പിന്‍വലിക്കാന്‍ പുകസ തീരുമാനിച്ചത്. നിരവധി വീഡിയോകളാണ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ സഹായിക്കാന്‍ പുരോഗമന കലാസാഹിത്യ സംഘം പുറത്തിറക്കിയത്. എന്നാല്‍ ഈ വിഡിയോകളെല്ലാം വിവാദമായി. തീവ്രവാദം കുത്തല്‍ മുതല്‍ പഴഞ്ചന്‍ അവതരണം വരെ ചൂണ്ടിക്കാട്ടിയാണ് വീഡിയോകള്‍ക്കെതിരെ വിമര്‍ശനം ഉയരുന്നത്.
'പുരോഗമനമോ നിലവാരമില്ലായ്മയോ.. സഖാവേ, സത്യത്തില്‍ ഇത് പുരോഗമന കലാസാഹിത്യ സംഘം ആണോ അതോ ആര്‍ഷ ഭാരത കലാസാഹിത്യ സംഘം ആണോ.. ആഹാ, മുക്കിയോ ഇനിയും വരണം ഇടയ്‌ക്കൊക്കെ ആ രാജ്യദ്രോഹ കുപ്പായവും കൊണ്ട്..' കമന്റുകള്‍ ഇങ്ങനെ നീളുന്നു.
ചമയങ്ങളില്ലാത്ത യാഥാര്‍ഥ്യങ്ങള്‍ എന്ന പേരിലാണ് വിഡിയോ പുറത്തിറക്കിയിരിക്കുന്നത്. കലാഭവന്‍ റഹ്മാന്‍, തെസ്‌നിഖാന്‍, സന്തോഷ് കീഴാറ്റൂര്‍, ഗായത്രി എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. സന്തോഷ് കീഴാറ്റൂര്‍ അവതരിപ്പിക്കുന്ന ബ്രാഹ്മണ കഥാപാത്രം ക്ഷേത്രങ്ങള്‍ പൂട്ടിയപ്പോള്‍ പട്ടിണിയായി പോയ ആളാണ്. കിറ്റാണ് ഇല്ലം രക്ഷിച്ചതെന്നും വിഡിയോയില്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍ ഇതില്‍ പല വീഡിയോകളും പുകാസയുടെ പേജില്‍ നിന്നും ഇതിനോടകം അപ്രത്യക്ഷമായി.
പെന്‍ഷനും കിറ്റ് വിതരണവുമായിരുന്നു മിക്ക വീഡിയോകളുടെയും ഉള്ളടക്കം. മുസ്‌ലിംകള്‍ രാജ്യദ്രോഹിയും ബ്രാഹ്മണന്‍ ദരിദ്രനുമായി ചിത്രീകരിക്കുന്ന വിഡിയോകളാണ് വിവാദമായത്.
 

Latest News