ചേലക്കര കടക്കാൻ വാശിയോടെ ഇരുപക്ഷവും 


തൃശൂർ - പ്രകൃതിരമണീയമായ, ശാന്തസുന്ദരമായ ചേലക്കര തൃശൂർ ജില്ലയുടെ അതിർത്തി ജില്ലകളിലൊന്നാണ്. നിളയും തിരുവില്വമലയുമെല്ലാമുള്ള ചേലക്കരയിൽ ഇക്കുറി ആരു കര പറ്റുമെന്നതാണ് ഏവരും ആകാംക്ഷയോടെ ഉറ്റു നോക്കുന്നത്.
ചേലക്കരയെ വിട്ടുകൊടുക്കാതെ കഴിഞ്ഞ കുറച്ചു വർഷങ്ങളായി പിടിച്ചുവെച്ചിരിക്കുന്ന എൽ.ഡി.എഫിൽനിന്ന് മണ്ഡലം തിരിച്ചുപിടിക്കാനാണ് യു.ഡി.എഫും ബി.ജെ.പിയും രണ്ടും കൽപിച്ച് ഇത്തവണ കളത്തിലിറങ്ങിയിരിക്കുന്നത്.
ചേലക്കര നിയോജകമണ്ഡലത്തിൽ കെ.രാധാകൃഷ്ണനെ വീണ്ടും മത്സരരംഗത്തിറക്കി സിറ്റിംഗ് എം.എൽ.എ യു.ആർ. പ്രദീപ്കുമാറിനെ ഗ്യാലറിയിലേക്ക് കയറ്റിയിരുത്തി സി.പി.എം നടത്തുന്ന പരീക്ഷണം വിജയിക്കുമോ എന്നാണ് രാഷ്ട്രീയ കേരളം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. മികച്ച പ്രകടനം കഴിഞ്ഞ ടേമിൽ കാഴ്ച വെച്ചിട്ടും പ്രദീപിന് ഇത്തവണ മാറി നിൽക്കേണ്ടി വന്നത് ഏവരേയും അമ്പരപ്പിച്ചു. പ്രദീപിന് വേണ്ടി ചേലക്കര മണ്ഡലത്തിൽ പോസ്റ്ററും പ്രത്യക്ഷപ്പെട്ടു. ചേലക്കരയുടെ പൊന്നോമനപുത്രനായ രാധാകൃഷ്ണനെ തള്ളിപ്പറയുന്ന ആ പോസ്റ്റർ ഇടതുപക്ഷത്തിന്റെ ഇടനെഞ്ച് തകർത്തെങ്കിലും സ്ഥാനാർഥി നിർണയത്തിൽ പാർട്ടി അണുകിട മാറിയില്ല. പ്രദീപിന് ഇനിയും അവസരമുണ്ട് എന്നായിരുന്നു പാർട്ടിയിലെ നേതാക്കൾ പ്രതികരിച്ചത്. 
പ്രദീപിന് വേണ്ടി വാദിച്ചവർ തെരഞ്ഞെടുപ്പിൽ എങ്ങനെ പ്രതികരിക്കുമെന്നതാണ് കാത്തിരുന്നു കാണേണ്ടത്. രാധാകൃഷ്ണന് വ്യക്തിപരമായ എതിർപ്പുകളില്ലെങ്കിലും പാർട്ടിക്കുള്ളിൽ പ്രദീപിന് വേണ്ടി ഉയർന്ന സ്വരം സ്ഥാനാർത്ഥിയെന്ന നിലയിൽ ചേലക്കരയുടെ രാധേട്ടന് ദോഷമാകുമോ എന്ന ആശങ്ക ചിലർക്കെങ്കിലുമുണ്ട്. 
എങ്കിലും മണ്ഡലം കൈവിടാതെ നിലനിർത്താൻ രാധാകൃഷ്ണന് സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ചേലക്കരയിൽ കരപറ്റാൻ ഇടതുപക്ഷം പ്രചാരണവുമായി മുന്നേറുന്നത്.
ചേലക്കര മണ്ഡലം തിരിച്ചുപിടിക്കുകയെന്ന ദൗത്യവുമായി മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റു കൂടിയായ സി.സി.ശ്രീകുമാറാണ് യു.ഡി.എഫിന്റെ സ്ഥാനാർത്ഥിയായി രംഗത്തുള്ളത്.
എൽ.ഡി.എഫിന്റെ ജനപ്രതിനിധികൾ കഴിഞ്ഞ കുറച്ചു വർഷങ്ങളായി കയ്യടക്കി വെച്ചിരിക്കുന്ന ചേലക്കരയിൽ യു.ഡി.എഫിന് ഇടം കണ്ടെത്തുകയെന്നത് ശ്രമകരമായ ദൗത്യമാണെങ്കിലും ശ്രീകുമാർ മികച്ച പ്രചാരണമാണ് മണ്ഡലത്തിലുടനീളം നടത്തുന്നത്.
എൽ.ഡി.എഫ് പറയുന്ന വികസനങ്ങൾ കെട്ടിടങ്ങൾ നിർമിക്കുന്നതിൽ മാത്രമാണെന്നാണ് യു.ഡി.എഫിന്റെ മറുവാദം. ഇടതുപക്ഷത്തിനുള്ളിലെ വിള്ളൽ തങ്ങൾക്കനുകൂലമാകുമെന്ന പ്രതീക്ഷയും യു.ഡി.എഫ് ക്യാമ്പിലുണ്ട്.
ചേലക്കര നിയോജകമണ്ഡലം ഉൾക്കൊള്ളുന്ന ആലത്തൂർ ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ രമ്യ ഹരിദാസ് ചേലക്കരയിൽ മികച്ച പ്രകടനം നടത്തിയെന്നതും യു.ഡി.എഫിന് ആത്മവിശ്വാസം പകരുന്നു.
പ്രതീക്ഷകളോടെ ബി.ജെ.പിയും സജീവമായി രംഗത്തുണ്ട്. ഷാജുമോൻ വട്ടേക്കാട് എന്ന യുവതുർക്കിയെയാണ് ബി.ജെ.പി ഇവിടെ മത്സരിപ്പിക്കുന്നത്. ഇടതു-വലതു മുന്നണികൾക്കെതിരെ ശക്തമായ പ്രചാരണമാണ് ഷാജുമോൻ കാഴ്ചവെക്കുന്നത്.
യുവ വോട്ടർമാർക്കിടയിൽ ഷാജുമോൻ വട്ടേക്കാടിനുള്ള സ്വാധീനം തങ്ങൾക്കിത്തവണ ഗുണം ചെയ്യുമെന്നും ഇരുമുന്നണികൾക്കുമെതിരെയുള്ള ജനവികാരം ചേലക്കരയിൽ പ്രകടമാണെന്നും അത് തങ്ങൾക്ക് നേട്ടമാകുമെന്നും ബി.ജെ.പി നേതൃത്വം പ്രതീക്ഷിക്കുന്നു. 
ചേലക്കര മണ്ഡലത്തിലുൾപ്പെടുന്ന തിരുവില്വാമല പഞ്ചായത്തിൽ ഭരണം ബി.ജെ.പിക്കാണെന്നതും ലോക്‌സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ വോട്ടിംഗ് ശതമാനം വർധിച്ചതും ബി.ജെ.പി ക്യാമ്പിൽ ആവേശവും പ്രത്യാശയും സൃഷ്ടിക്കുന്നുണ്ട്. 
1965ൽ നിലവിൽ വന്ന പട്ടികജാതി സംവരണ മണ്ഡലമായ ചേലക്കരയിൽ ആറു വട്ടം കോൺഗ്രസും ഏഴു തവണ സി.പി.എമ്മുമാണ് വിജയിച്ചത്. ദേശമംഗലം, വരവൂർ, വള്ളത്തോൾ നഗർ, മുള്ളൂർക്കര, പാഞ്ഞാൾ, ചേലക്കര, കൊണ്ടാഴി, പഴയന്നൂർ, തിരുവില്വാമല എന്നിങ്ങനെ ഒമ്പതു പഞ്ചായത്തുകളാണ് മണ്ഡലത്തിലുള്ളത്. ആറിലും എൽ.ഡി.എഫാണ് ഭരണം. കൊണ്ടാഴിയിലും പഴയന്നൂരിലും യു.ഡി.എഫ് ഭരിക്കുമ്പോൾ തിരുവില്വാമലയിൽ ബി.ജെ.പിയാണ് പഞ്ചായത്ത് ഭരിക്കുന്നത്. 

 

Latest News