പ്രചാരണത്തിനില്ലെങ്കിലും മലമ്പുഴയിലെ താരം വി.എസ് തന്നെ


പാലക്കാട് - വി.എസ് അച്യുതാനന്ദന്റെ പേര് ഈ തെരഞ്ഞെടുപ്പിൽ കാര്യമായി ഉയർന്നു കേൾക്കുന്നില്ല. പക്ഷേ മലമ്പുഴയിൽ കഥ അതല്ല. നാലു തവണ തുടർച്ചയായി അദ്ദേഹത്തെ നിയമസഭയിലേക്കയച്ച മണ്ഡലം നിലനിർത്താൻ ആ കാലയളവിലെല്ലാം ഒരു നിഴൽപോലെ കൂടെയുണ്ടായിരുന്ന സി.ഐ.ടി.യു നേതാവ് എ.പ്രഭാകരനെയാണ് ഇടതു മുന്നണി നിയോഗിച്ചിരിക്കുന്നത്. 2016 ൽ ബി.െജ.പിക്കും പിറകിലേക്ക് പോയി നാണംകെട്ട യു.ഡി.എഫ് രണ്ടു പതിറ്റാണ്ടിനു ശേഷം ഇറക്കുമതി സ്ഥാനാർഥിയില്ലാതെ മലമ്പുഴയിൽ പോരാട്ടത്തിനിറങ്ങിയിരിക്കുകയാണ്. ഡി.സി.സി ജനറൽ സെക്രട്ടറിയും ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റിയംഗവുമായ എസ്.െക.അനന്തകൃഷ്ണനാണ് സ്ഥാനാർഥി. ബി.െജ.പി എ ക്ലാസ് വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള മണ്ഡലത്തിൽ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ എൻ.ഡി.എക്കു വേണ്ടി ജനവിധി തേടുന്നു. 


സി.പി.എം ഇതുവരെ തോൽവിയറിയാത്ത വി.ഐ.പി മണ്ഡലത്തിൽ പാർട്ടിയുടെ പല മുതിർന്ന നേതാക്കൾക്കും കണ്ണുണ്ടായിരുന്നു. പല പേരുകളും ചർച്ചയിൽ ഉയരുകയും ചെയ്തു. 
എന്നാൽ മണ്ഡലത്തിൽ ഇരുപതു കൊല്ലം എം.എൽ.എയുടെ പ്രതിനിധിയായി കാര്യങ്ങളിൽ ഇടപെട്ടു വന്ന 69 കാരനായ നേതാവിന് തന്നെ അവസരം നൽകാനായിരുന്നു ഒടുവിലുണ്ടായ തീരുമാനം. ദീർഘകാലം സി.ഐ.ടി.യു ജില്ലാ സെക്രട്ടറിയായും ജില്ലാ പഞ്ചായത്തംഗമായും മരുതറോഡ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായുമെല്ലാം പ്രവർത്തിച്ചിട്ടുള്ള പ്രഭാകരൻ ലുധിയാനയിൽ ചേർന്ന ഡി.വൈ.എഫ്.ഐ രൂപവൽക്കരണ സമ്മേളനത്തിൽ പങ്കെടുത്തിട്ടുള്ളയാളാണ്. നിലവിൽ സി.പി.എം ജില്ലാ കമ്മിറ്റിയംഗം. 


യു.ഡി.എഫ് സീറ്റ് വിഭജന സമയത്ത് ഭാരതീയ നാഷണൽ ജനതാദൾ എന്ന ചെറുകക്ഷിക്ക് നീക്കിവെച്ചിരുന്ന മണ്ഡലം പ്രവർത്തകരുടെ പ്രതിഷേധം മൂലമാണ് കോൺഗ്രസ് തിരിച്ചെടുത്തത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിനെത്തുടർന്ന് മലമ്പുഴയിൽ ഇറക്കുമതി സ്ഥാനാർത്ഥി പാടില്ല എന്ന വികാരം കോൺഗ്രസിൽ ശക്തിപ്പെട്ടിരുന്നു. കഞ്ചിക്കോട് വ്യവസായ മേഖലയിലെ തൊഴിലാളി യൂണിയൻ നേതാവാണ് അനന്തകൃഷ്ണൻ. രണ്ടര പതിറ്റാണ്ടു കാലം പുതുേശ്ശരി ഗ്രാമപ്പഞ്ചായത്തംഗമായി പ്രവർത്തിട്ടുള്ള ഈ 58 കാരൻ പ്രാദേശിക പ്രവർത്തകരുടെ ഹൃദയവികാരം തൊട്ടറിയാനാവുന്ന നേതാവാണ്. 


മലമ്പുഴയിൽ സ്ഥാനാർഥിത്വം പ്രതീക്ഷിച്ച് ഒരു കൊല്ലത്തിലധികമായി മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരികയായിരുന്നു ബി.െജ.പി സ്ഥാനാർഥി കൃഷ്ണകുമാർ. 2016 ൽ മണ്ഡലത്തിൽ എൻ.ഡി.എയെ രണ്ടാം സ്ഥാനത്ത് എത്തിച്ചത് അന്ന് സ്ഥാനാർത്ഥിയായിരുന്ന കൃഷ്ണകുമാറന്റെ പോരാട്ട മികവായാണ് വിലയിരുത്തപ്പെട്ടത്. അദ്ദേഹത്തിന്റെ തന്ത്രപരമായ ആസൂത്രണമാണ് പാലക്കാട് നഗരസഭാ ഭരണം പിടിച്ചെടുക്കാൻ സംഘ്പരിവാറിന് സഹായകമായത്. നഗരസഭയുടെ വൈസ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട് ഈ 49 കാരൻ.
അകത്തേത്തറ, മലമ്പുഴ, പുതുപ്പരിയാരം, മുണ്ടൂർ, പുതുേശ്ശരി, എലപ്പുള്ളി, കൊടുമ്പ്, മരുതറോഡ് എന്നീ ഗ്രാമപ്പഞ്ചായത്തുകളടങ്ങിയതാണ് മലമ്പുഴ നിയമസഭാ മണ്ഡലം. ഇതിൽ എലപ്പുള്ളി ഒഴികെ എല്ലായിടത്തും സി.പി.എമ്മാണ് ഭരിക്കുന്നത്. എലപ്പുള്ളിയിൽ യു.ഡി.എഫും. 2016ൽ 27,000 ത്തിലധികം വോട്ടിന് വി.എസ്.അച്യുതാനന്ദനെ ജയിപ്പിച്ച മണ്ഡലത്തിന്റെ പരിധിയിൽ നിന്ന് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 21,094 വോട്ടിന്റെ ലീഡാണ് എൽ.ഡി.എഫിന് ലഭിച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ഏറെക്കുറെ അതേ മുൻതൂക്കം നിലനിർത്താൻ ഇടതു മുന്നണിക്ക് കഴിഞ്ഞു. 2016 ൽ ബി.െജ.പി 46,157 വോട്ട് നേടിയത് ശ്രദ്ധേയമായിരുന്നു. 


നാലു തവണ വി.എസിനേയും രണ്ടു തവണ ഇ.െക.നായനാരേയും മൂന്നു തവണ ടി.ശിവദാസ മേനോനേയും നിയമസഭയിലേക്ക് അയച്ച മണ്ഡലത്തിന്റെ പിന്നോക്കാവസ്ഥ ചൂണ്ടിക്കാണിച്ചാണ് യു.ഡി.എഫും എൻ.ഡി.എയും വോട്ട് തേടുന്നത്. വി.എസ്.അച്യുതാനന്ദൻ എന്ന പേരു തന്നെയാണ് മലമ്പുഴയിൽ എൽ.ഡി.എഫിന്റെ മുഖ്യ പ്രചാരണായുധം. മലയാളിയുടെ ഹൃദയത്തിൽ ഒരു നോവായി നീറിക്കൊണ്ടിരിക്കുന്ന വാളയാറിലെ കുരുന്നുകളുടെ മണ്ഡലത്തിൽ സ്വാഭാവികമായും ആ വിഷയം പ്രതിപക്ഷ പാർട്ടികൾ ശക്തമായി ഉന്നയിക്കുന്നുണ്ട്. സ്ഥാനാർഥി നിർണയത്തെച്ചൊല്ലി ഇടതു മുന്നണി ക്യാമ്പിൽ ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാൻ നേതൃത്വം ശക്തമായി രംഗത്തിറങ്ങിയിരുന്നു. മൽസരം സി.പി.എമ്മും ബി.െജ.പിയും തമ്മിലാണെന്ന പ്രചാരണം യു.ഡി.എഫിന് ദോഷം ചെയ്യാനിടയുണ്ട്. 

 


 

Latest News