ബി.ജെ.പിയും കോൺഗ്രസും  രണ്ടല്ല, ഒന്നെന്ന് ബിനോയ് വിശ്വം

കണ്ണൂർ- നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയും കോൺഗ്രസും രണ്ടായല്ല, ഒന്നായി തന്നെയാണ് ഇടതു മുന്നണിയെ നേരിടുന്നതെന്ന് സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം പറഞ്ഞു. കണ്ണൂർ പ്രസ്‌ക്ലബിന്റെ പോർമുഖം-2021 ൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ഇടതു മുന്നണിക്കെതിരെ രണ്ട് കൂട്ടരായി നിൽക്കുമെങ്കിലും ബി.ജെ.പിയും കോൺഗ്രസും ഒരേ മനസ്സോടെ താൽപര്യത്തോടെ നില കൊള്ളുകയാണ്. ഇത് ഞങ്ങളെ അമ്പരപ്പിക്കുന്നില്ല. ഇടതുപക്ഷ വിരോധം മൂത്ത് കണ്ണു കാണാത്തവരായി മാറിയിരിക്കുകയാണ് യു.ഡി.എഫ്. ബി.ജെ.പിയുമായി കൂട്ടുചേർന്ന് ഇടതു മുന്നണിയെ തകർക്കാനാവുമോ എന്നാണ് നോക്കുന്നത്. ബി.ജെ.പി സ്ഥാനാർഥിയുടെ പത്രിക തള്ളിപ്പോയത് യാദൃഛികമല്ല. നോമിനേഷൻ കൃത്യമായി പൂരിപ്പിക്കാനറിയാത്ത പാർട്ടിയല്ല ബി.ജെ.പി. മുമ്പത്തെ കോലീബി സഖ്യത്തെക്കുറിച്ച് ആധികാരികമായി വെളിപ്പെടുത്തിയത് ബി.ജെ.പി നേതാവായിരുന്ന കെ.ജി.മാരാറാണ്. മുമ്പ് ധാരണക്കിടെ, വടകരയിലും ബേപ്പൂരിലും കോൺഗ്രസ് പാലം വലിച്ചുവെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേമത്ത് ബി.ജെ.പിയെ സഹായിച്ച് കോൺഗ്രസ് കൂറു കാട്ടി. ഇത്തവണ ഇത് സംസ്ഥാനം മുഴുവൻ വ്യാപിപ്പിക്കാനാണ് ധാരണ. തലശ്ശേരിയിൽ വർഗീയതയുടെ വോട്ടു വേണ്ട. അവിടെ ഒറ്റയ്ക്ക് ജയിക്കാനുള്ള ശേഷി മുന്നണിക്കുണ്ടെന്ന് ബിനോയ് വിശ്വം പറഞ്ഞു.


ആശയപരമായും നയപരമായും പരാജയപ്പെട്ട കോൺഗ്രസ് നിൽക്കക്കള്ളിയില്ലാത്ത അവസ്ഥയിലാണ്. മുതിർന്ന നേതാവ് എ.കെ.ആന്റണി പോലും പിച്ചും പേയും പറയുകയാണ്. കോൺഗ്രസ് രക്ഷപ്പെടാൻ പോകുന്നില്ല. പി.സി.ചാക്കോയ്ക്കും, സുരേഷ് ബാബുവിനും ഉൾക്കൊള്ളാൻ കഴിയാത്ത കോൺഗ്രസിനെ എങ്ങനെ സാധാരണ ജനങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയും? യു.പിയിൽ കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ട സംഭവത്തിൽ കോൺഗ്രസ് പ്രതികരിക്കാൻ പോലും തയാറാവുന്നില്ല. ലക്ഷദ്വീപിൽ ബീഫ് നിരോധിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ് കേന്ദ്ര സർക്കാർ. 
രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവെച്ച നടപടി അത്യന്തം പ്രതിഷേധകരമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. ഇ.എം.സി.സി കരാർ സർക്കാർ ഉണ്ടാക്കിയതല്ല. അത് ഉദ്യോഗസ്ഥർ ഒപ്പിട്ട എം.ഒ.യു മാത്രമാണെന്ന് ഒരു ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫിന് ജനങ്ങളിൽ ഉറപ്പുള്ളതിനാലാണ് ഉറപ്പാണ് എൽ.ഡി.എഫ് എന്ന് പറഞ്ഞത്. അധികാരത്തിൽ വരുമെന്ന് ഉറപ്പ് -ബിനോയ് വിശ്വം പറഞ്ഞു. 

 

Latest News