കൽപറ്റ- എൽ.ഡി.എഫ് സർക്കാർ പണം കടം വാങ്ങി നടത്തിയ പദ്ധതികൾ ഭാവിയിൽ ജനങ്ങൾക്കു വലിയ ബാധ്യതയാകുമെന്ന് ശശി തരൂർ എം.പി. നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ടി.സിദ്ദിഖിന്റെ തെരഞ്ഞെടുപ്പു പ്രചാരണാർഥം യു.ഡി.വൈ.എഫ് സംഘടിപ്പിച്ച യൂത്ത് ഇൻ ഡയലോഗ് പരിപാടയിൽ യുവജനങ്ങളുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ക്ഷേമ പദ്ധതികൾ കടം വാങ്ങിയല്ല, വരുമാനമാർഗം കണ്ടെത്തി നടപ്പിലാക്കും. പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയ ന്യായ് പദ്ധതി ഏതു സംസ്ഥാനത്തും നടപ്പിലാക്കാനാവുന്ന വിധത്തിൽ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പു വേളയിൽ ആവിഷ്‌കരിച്ചതാണ്. ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നതിനു വരുമാന മാർഗം കണ്ടെത്തുക സുപ്രധാനമാണ്. കടം വാങ്ങി പദ്ധതികൾ നടപ്പിലാക്കുന്നതു പിന്നീടു പ്രത്യാഘാതങ്ങളുണ്ടാക്കും. നിക്ഷേപങ്ങളിലൂടെ പണം സമാഹരിക്കുകയാണ് യു.ഡി.എഫ് ലക്ഷ്യം. മുന്നണി അധികാരത്തിലെത്തിയാൽ പുതിയ ഐ.ടി ആക്ട് കൊണ്ടുവരും. നിക്ഷേപകരെ സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനുണ്ട്. അതിന്റെ ഭാഗമായാണ് ഈ നിയമം നടപ്പിലാക്കുക. നിക്ഷേപകരെ പിന്തിരിപ്പിക്കുന്ന സമീപനങ്ങൾ മാറണം.
സംസ്ഥാനം നിക്ഷേപ സൗഹൃദമാകണം. കൂടുതൽ നിക്ഷേപകർ എത്തുന്നതോടെ സംസ്ഥാനത്തിനു വളർച്ചയുണ്ടാകും. നികുതി വരുമാനം ഗണ്യമായി വർധിക്കും. നിരവധി പേർക്ക് തൊഴിൽ ലഭിക്കും.
യുവജനങ്ങൾക്ക് കൂടുതൽ അവസരമൊരുക്കുന്നതിനും കായിക മേളയുടെ വികാസത്തിനും സ്‌പോർട്‌സ് യൂനിവേഴ്‌സിറ്റി സ്ഥാപിക്കും. തീരദേശത്ത് വാട്ടർ സ്‌പോർട്‌സ് പദ്ധതി പ്രാവർത്തികമാക്കും. സംസ്ഥാനത്തു വിദ്യാഭ്യാസ മേഖലയിൽ ആധുനികവത്കരണം നടക്കണം. വിദേശ രാജ്യങ്ങളിലെ സ്വകാര്യ സർവകലാശാലകളുടെ കാംപസ് കേരളത്തിൽ പ്രവർത്തിക്കുന്നതു ഉന്നത വിദ്യാഭ്യാസ മേഖല അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുടെ പരിഹാരത്തിനു ഒരളവോളം ഉതകും. ഗൾഫ് രാജ്യങ്ങളിൽ വിദേശ യൂനിവേഴ്‌സിറ്റികളുടെ കാംപസുകൾ പ്രവർത്തിക്കുന്നുണ്ട്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി വിദേശ യൂനിവേഴ്‌സിറ്റികളുടെ കാമ്പസ് കേരളത്തിലേക്ക് കൊണ്ടുവരുന്നതിൽ തടസ്സങ്ങളില്ല.
യു.ഡി.എഫ് ഭരണത്തിലെത്തിയാൽ ട്രൈബൽ പ്രൊഡക്ട്‌സ് പ്രമോഷൻ ബോർഡ് രൂപീകരിക്കും. ആദിവാസി വിഭാഗങ്ങളുടെ ഉത്പന്നങ്ങൾ മികച്ച വിലയ്ക്കു വാങ്ങി അന്താരാഷ്ട്ര വിപണിയിലടക്കം വിറ്റഴിക്കുകയാണ് ബോർഡ് രൂപീകരണത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. 2019 ലെ തെരഞ്ഞെടുപ്പിൽ 37 ശതമാനം വോട്ട് നേടിയാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. 63 ശതമാനം ജനങ്ങൾ ബി.ജെ.പിയെ അംഗീകരിക്കുന്നില്ല. ഈ വോട്ടുകൾ വിവിധ പ്രതിപക്ഷ പാർട്ടികൾക്ക് ചിതറിപ്പോകുകയായിരുന്നു. കേരളത്തിൽ ബി.ജെ.പി ഒരു വലിയ ഘടകമല്ലെന്നും ശശി തരൂർ പറഞ്ഞു.
യു.ഡി.വൈ.എഫ് ചെയർമാൻ സി.ടി.ഹുനൈസ് അധ്യക്ഷത വഹിച്ചു. കൺവീനർ എബിൻ മുട്ടപ്പള്ളി, എ.ഐ.സി.സി നിരീക്ഷക വെറോണിക്ക, സ്ഥാനാർഥി ടി.സിദ്ദിഖ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.പി.എ.കരീം, കൺവീനർ എൻ.ഡി.അപ്പച്ചൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, യൂത്ത്‌ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഇസ്മായിൽ, ജില്ലാ പ്രസിഡന്റ് എം.പി.നവാസ്, നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാൻ റസാഖ് കൽപറ്റ, കൺവീനർ പി.ടി.ഗോപാലക്കുറുപ്പ്, ടി.ജെ.ഐസക്ക്, പി.പി.ആലി, ബിനു തോമസ്, കെയംതൊടി മുജീബ്, സലീം മേമന, യഹിയാ ഖാൻ തലക്കൽ, ടി.ഹംസ, ജിജോ പൊടിമറ്റം, പി.പി.ഷൈജൽ, സി.ശിഹാബ്, സി.എച്ച്.ഫസൽ, സി.കെ.അബ്ദുൽ ഗഫൂർ, വി.എസി.ഷൈജൽ, രോഹിത് ബോധി, അഡ്വ.രാജേഷ്‌കുമാർ, അരുൺദേവ്, മുഫീദ തസ്‌നി തുടങ്ങിയവർ പങ്കെടുത്തു.