ഒമാനില്‍ 28 മുതല്‍ രാത്രികാല കർഫ്യൂ; പൂർണതോതിലുള്ള ലോക്ഡൗണിനും സാധ്യത

മസ്കത്ത്- കോവിഡ് വ്യാപനത്തെ തുടർന്ന് ഒമാനില്‍ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. വേണ്ടിവരികയാണെങ്കില്‍ പൂർണ തോതിലുള്ള അടിച്ചിടല്‍ പ്രഖ്യാപിക്കുമെന്നും ഔദ്യോഗിക ഒമാന്‍ ന്യൂസ് ഏജന്‍സി അറിയിച്ചു.

നിശാ കർഫ്യൂ പ്രഖ്യാപിച്ചതിനാല്‍ എല്ലാ വാണിജ്യ സ്ഥാപനങ്ങളും രാത്രി എട്ട് മണിക്ക് അടക്കും. പുലർച്ചെ അഞ്ച് വരെ വാഹനഗതാഗതവും അനുവദിക്കില്ല. മാർച്ച് 28 മുതല്‍ ഏപ്രില്‍ എട്ട് വരെയാണ് രാത്രികാല കർഫ്യൂ.

രാജ്യത്ത് ഏപ്രില്‍ ഒന്നു മുതല്‍ മെയ് 31 വരെയുള്ള രണ്ട് മാാസം നിർണായകമാണെന്ന് വിദഗ്ധർ വിലിയിരുത്തുന്നതായി ഒമാന്‍ ന്യൂസ് ഏജന്‍സി റിപ്പോർട്ടില്‍ പറയുന്നു. കോവിഡ് ആഘാതം കുറയ്ക്കുന്നതിന് ഏപ്രില്‍, മെയ് മാസങ്ങളില്‍ സമ്പൂർണ ലോക് ഡൗണ്‍ ഏർപ്പെടുത്തുകയെന്ന നിർദേശമാണ്  രാജ്യത്തെ സുപ്രീം കമ്മിറ്റിയുടെ പരിഗണനയിലുള്ളത്.

ഫെബ്രുവരി ഏഴു മുതല്‍ രാജ്യത്ത് കോവിഡ് കേസുകള്‍ വർധിച്ചുവരികയാണ്. അന്ന് 192 രോഗ ബാധയാണ് റിപ്പോർട്ട് ചെയ്തിരുന്നതെങ്കില്‍ വ്യാഴാഴ്ച 733 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. ഒമാനില്‍ ഇതുവരെ 1650 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

നിശാകർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്ന ഏപ്രില്‍ എട്ടുവരെ ഗ്രേഡ് 12 ഒഴികെയുള്ള വിദ്യാർഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ മതിയെന്ന് സ്കൂളുകള്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ട്. ക്ലാസ് 12 വിദ്യാർഥികള്‍ക്ക് ഓണ്‍ലൈന്‍ അധ്യാപനത്തിനു പുറമെ ആവശ്യമാണെങ്കില്‍ നേരിട്ടുള്ള ക്ലാസുകളാകാം.

Latest News