തിരുവനന്തപുരം- ഒരിക്കല്‍കൂടി പിണറായി വിജയന് മുഖ്യമന്ത്രിയാവാന്‍ അവസരംനല്കുന്നവര് ദുഖിക്കേണ്ടിവരുമെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. അഹങ്കാരവും ധാര്‍ഷ്ട്യവും കൊണ്ട് സ്വന്തം പാര്‍ട്ടിക്ക് പോലും നിയന്ത്രിക്കാനാവാത്ത സ്ഥിതിയാകുമെന്നും കേരളത്തിന് അത് അപകടമാണെന്നും ആന്റണി മുന്നറിയിപ്പ് നല്കി. സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതുഭരണം വീണ്ടും വരുന്നത് വലിയ ആപത്താണ്. പൊളിറ്റ് ബ്യൂറോക്കോ സെക്രട്ടറിയേറ്റിനോ മാധ്യമങ്ങള്‍ക്കോ ജനങ്ങള്‍ക്കോ നിയന്ത്രിക്കാന്‍ പറ്റാത്ത ഭരണമായിരിക്കും പിണറായിയുടെ നേതൃത്വത്തിലുണ്ടാകുക. കേരളം ഏകാധിപത്യവാഴ്ചക്ക് വഴിമാറും. രണ്ടാം തവണയും മോഡി അധികാരത്തില്‍ വന്നപ്പോഴുണ്ടായ അതേ അവസ്ഥ കേരളത്തിലുമുണ്ടാകും- ആന്റണി പറഞ്ഞു.
കേരളത്തിലെ സമുദായങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിച്ചതാണ് പിണറായി ചെയ്ത ഏറ്റവും വലിയ പാപമെന്ന് ആന്റണി പറഞ്ഞു. ആദ്യം ശബരിമലയുടെ പേരില്‍ ഹിന്ദുക്കള്‍ക്കിടയില്‍ വിള്ളലുണ്ടാക്കി. പിന്നീട് ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിച്ചു. സി.പി.എം ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതായിരുന്നു അത്.
താന്‍ സജീവ രാഷ്ട്രീയത്തില്‍നിന്ന് വൈകാതെ വിരമിക്കുമെന്ന് അദ്ദേഹംസൂചന നല്കി. ഇനി രാജ്യസഭയിലേക്ക് മത്സരിക്കില്ല. രാജ്യസഭാ കാലാവധി കഴിഞ്ഞാല്‍ കേരളത്തിലേക്ക് തിരിച്ചെത്തുമെന്നും ആന്റണി പറഞ്ഞു.






