തൃശൂർ- പ്രതിപക്ഷ നേതാവ് ഇരട്ട വോട്ടുകളുടെ വിവാദം ആളിക്കത്തിച്ച് മുന്നോട്ടു പോകുമ്പോൾ തൃശൂർ കൈപ്പമംഗലം നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി ശോഭ സുബിൻ മുന്നുവോട്ടു വിവാദത്തിൽ. ശോഭ സുബിന് നാട്ടിക മണ്ഡലത്തിലും കൈപ്പമംഗലം മണ്ഡലത്തിലുമായി മൂന്നു വോട്ടുകളുണ്ടെന്നാണ് ഇടതുപക്ഷം ആരോപണമുയർത്തിയിരിക്കുന്നത്. എന്നാൽ ശോഭ സുബിൻ ആരോപണം ശക്തമായി നിഷേധിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ വന്ന തെറ്റാണ് ആരോപണങ്ങൾക്ക് ഇടയാക്കിയതെന്നാണ് ശോഭ സുബിന്റെ വിശദീകരണം. താൻ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുമ്പോൾ വലപ്പാട് പഞ്ചായത്തിലെ 12-ാം വാർഡിൽ വോട്ടറായിരുന്നുവെന്നും പിന്നീട് കൈപ്പമംഗലം നിയോജക മണ്ഡലത്തിലെ ഗ്രാമ ലക്ഷ്മിയിലേക്ക് താമസം മാറ്റുകയായിരുന്നുവെന്നും ശോഭ സുബിൻ പറയുന്നു. അവിടെ ആറ് മാസത്തിനു ശേഷം വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷ നൽകി. ഈ സമയം തനിക്ക് വലപ്പാട് വോട്ട് ഉണ്ടെന്നും ബി.എൽ.ഒ മുമ്പാകെ വ്യക്തമാക്കിയിരുന്നുവത്രെ. എന്നാൽ അവിടെ പട്ടികയിൽ നിന്നും പേരു നീക്കം ചെയ്യാൻ അപേക്ഷ നൽകേണ്ടതില്ലെന്നും സ്വാഭാവികമായും റദ്ദാക്കപ്പെടുമെന്നും ബി.എൽ.ഒ പറഞ്ഞിരുന്നതായും ശോഭ സുബിൻ വിശദീകരിച്ചു.






