നിയമസഭാ വോട്ടർ പട്ടിക അബദ്ധ പഞ്ചാംഗമെന്ന് പ്രതിപക്ഷ നേതാവ് 

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കണ്ണൂർ പ്രസ് ക്ലബിന്റെ പോർക്കളം പരിപാടിയിൽ.                


കണ്ണൂർ- നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക അബദ്ധ പഞ്ചാംഗമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നാലര ലക്ഷത്തോളം കള്ളവോട്ടുകൾ ചേർത്ത് ജനവിധി അട്ടിമറിക്കാൻ സി.പി.എം ഗൂഢനീക്കം നടത്തിയെന്നും ചെന്നിത്തല, കണ്ണൂർ പ്രസ് ക്ലബ്ബിന്റെ തെരഞ്ഞെടുപ്പ് പരിപാടിയായ പോർക്കളം 2021 ൽ  ആരോപിച്ചു. സംസ്ഥാനത്തെ 135 നിയമസഭാ മണ്ഡലങ്ങളുടെ വോട്ടർ പട്ടിക പരിശോധിച്ചതിൽ 3.15 ലക്ഷത്തോളം വ്യാജ വോട്ടർമാരെ കണ്ടെത്തിയിരുന്നു. അതിനു പുറമെ നടത്തിയ പരിശോധനയിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ലഭിച്ചത്. ഒരു യഥാർഥ വോട്ടറുടെ പേരിൽ വിവിധ മണ്ഡലങ്ങളിൽ വോട്ടുകൾ ചേർത്തതായി കണ്ടെത്തി. ഇതനുസരിച്ച് തിരിച്ചറിയൽ കാർഡുകളും വിതരണം ചെയ്തിട്ടുണ്ട്. ഒരു വോട്ടർക്ക് ഒരു വോട്ടും ഒരു തിരിച്ചറിയൽ കാർഡും മാത്രമേ പാടുള്ളുവെന്നാണ് നിയമം. അതിന്റെ അടിസ്ഥാനത്തിൽ ഇത് നിയമ ലംഘനവും നടപടിക്ക് വിധേയമാവേണ്ടതുമാണ്. കണ്ണൂർ ജില്ലയിലെ ഇരിക്കൂർ മണ്ഡലത്തിലെ 127 പേർ പയ്യന്നൂരിലും, 91 പേർ കല്യാശ്ശേരിയിലും, 242 പേർ തളിപ്പറമ്പിലും, 47 പേർ അഴീക്കോടും, 30 പേർ കണ്ണൂർ മണ്ഡലത്തിലും വോട്ടുള്ളവരാണ്. ഇത്തരത്തിൽ 537 പേർ അന്യ മണ്ഡല വ്യാജ വോട്ടർമാരാണ്. അഴീക്കോട് മണ്ഡലത്തിലെ 44 പേർ പയ്യന്നൂരിലും 124 പേർ കല്യാശ്ശേരിയിലും 204 പേർ തളിപ്പറമ്പിലും, 54 പേർ ഇരിക്കൂറിലും, 252 പേർ തളിപ്പറമ്പിലും വോട്ടുള്ളവരാണ്.

ഇതേപോലെ ചേർത്തല മണ്ഡലത്തിൽ 1205 വ്യാജ വോട്ടർമാരും, കുണ്ടറയിൽ 387 വ്യാജ വോട്ടർമാരുമുണ്ട്. സംസ്ഥാനത്ത് മൊത്തത്തിൽ 1,09,693 വ്യാജ വോട്ടുകൾ മണ്ഡലം മാറി ചേർത്തിട്ടുണ്ട്. നേരത്തെയുള്ള 3,25,000 വ്യാജ വോട്ടുകൾക്ക് പുറമെയാണിത്. ഈ വിവരങ്ങൾ തെരഞ്ഞെടുപ്പു കമ്മീഷന് കൈമാറും. ഇടതു അനുഭാവി ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ജനവിധി അട്ടിമറിക്കാൻ സി.പി.എം ആസൂത്രിത നീക്കം നടത്തുകയാണ്. കേരളത്തിൽ ഇരുമുന്നണികളും വിജയിക്കുന്നത് ഒന്നു മുതൽ ഒന്നര ലക്ഷം വോട്ടുകളുടെ വ്യത്യാസത്തിലാണ്. ഈ സാഹചര്യത്തിൽ വ്യാപകമായി വോട്ടുകൾ ചേർക്കുന്നത് ബോധപൂർവ്വമാണ്. ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ജനവിധി അട്ടിമറിക്കാൻ കൃത്രിമമാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് അംഗീകരിക്കാനാവില്ല- ചെന്നിത്തല പറഞ്ഞു.
ഈ വിഷയം രാഷ്ടീയമാക്കാൻ ഉദ്ദേശിച്ചതല്ല. വോട്ടർ പട്ടിക കുറ്റമറ്റതാകണം, തെരഞ്ഞെടുപ്പ് സുതാര്യമാവണം. കള്ളവോട്ടു ചെയ്യാനും, ഇതിന് പ്രവർത്തകരെ സജ്ജമാക്കാനും സി.പി.എം നടത്തുന്ന ശ്രമങ്ങൾ നേരത്തെ തന്നെ പുറത്തു വന്നതാണ്. തെരഞ്ഞെടുപ്പു കമ്മീഷൻ കള്ളവോട്ടിന്റെ കാര്യം ശരി വെച്ചിട്ടുണ്ട്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുന്നുണ്ട്. കള്ളവോട്ട് ചേർക്കുന്നത് ഏത് രാഷ്ട്രീയ പാർട്ടിക്കാരായാലും നടപടി അത്യാവശ്യമാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ഇത്തരത്തിൽ ക്രമക്കേട് നടത്തിയിട്ടുണ്ടോ എന്ന കാര്യം സംശയമുണ്ട്. അടിയന്തരമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ട് നിയമസഭാ തെരഞ്ഞെടുപ്പിൽ വ്യാജ വോട്ടുകൾ ഒഴിവാക്കുന്നതിന് നടപടിയെടുക്കണം-  ചെന്നിത്തല ആവശ്യപ്പെട്ടു.


സ്വർണ്ണകള്ളക്കടത്ത് കേസിലെ പ്രതികളുടെ മൊഴി പുറത്തു വന്ന സാഹചര്യത്തിൽ സ്പീക്കർ ശ്രീരാമകൃഷ്ണൻ തൽസ്ഥാനം രാജിവെച്ചൊഴിയണം. ശ്രീരാമകൃഷ്ണനെ നീക്കുന്നതിന് പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയ നടപടി ശരിയായിരുന്നുവെന്ന് ഇപ്പോൾ ജനങ്ങൾക്ക് ബോധ്യമായി. 
ഓരോ നിയമസഭാ സമ്മേളനം കഴിയുമ്പോഴും സ്പീക്കർ ഗൾഫിലേക്ക് പറക്കുന്നത് എന്തിനാണെന്ന് ഇപ്പോൾ വ്യക്തമായി. മാസങ്ങൾക്ക് മുമ്പ് ലഭിച്ച മൊഴി ഇത്രയും നാൾ ഇ.ഡി മൂടിവെച്ചത് സി.പി.എം-ബി.ജെ.പി അന്തർധാരയുടെ ഭാഗമാണ്. ഇപ്പോൾ ഇ.ഡിക്കെതിരെ സംസ്ഥാന സർക്കാർ തിരിഞ്ഞതോടെ നിൽക്കക്കള്ളിയില്ലാതെ അവർ ഇക്കാര്യം പുറത്തുവിടുകയായിരുന്നു. ശ്രീരാമകൃഷ്ണന്റെ അഴിമതി കാര്യം അറിഞ്ഞതുകൊണ്ടാണോ പാർട്ടി അദ്ദേഹത്തിന് സീറ്റ് നിഷേധിച്ചതെന്ന് സംശയമുണ്ട്. -ചെന്നിത്തല പറഞ്ഞു.


കേരളത്തിൽ യു.ഡി.എഫിന് അനുകൂലമായ ജനവിധി അട്ടിമറിക്കുന്നതിന്റെ ഭാഗമായാണ് പ്രത്യേക താൽപര്യപ്രകാരം മാധ്യമങ്ങൾ സർവേ നടത്തുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിൽ 18 ശതമാനം വോട്ടർമാർ ആർക്ക് വോട്ടു ചെയ്യുമെന്ന് നേരത്തെ തീരുമാനിക്കാത്തവരാണ്. ഇവരെ ലക്ഷ്യമിട്ടാണ് ഈ സർവേ. എക്‌സിറ്റ് പോളുകൾ തെരഞ്ഞെടുപ്പു കമ്മീഷൻ നിരോധിച്ചിട്ടുണ്ട്. എക്‌സിറ്റ് പോളുകൾക്ക് സമാനമാണ് കേരളത്തിൽ ഇപ്പോൾ നടക്കുന്ന സർവേകൾ. മാധ്യമങ്ങൾ ഏകപക്ഷീയമായി പെരുമാറുകയാണ്. ജനാധിപത്യ സംവിധാനത്തിൽ പ്രതിപക്ഷത്തിനും സ്ഥാനമുണ്ട്. ഇക്കാര്യം വിലയിരുത്തണം-  ചെന്നിത്തല പറഞ്ഞു.
കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാർഥി സതീശൻ പാച്ചേനിയും ചെന്നിത്തലക്കൊപ്പം ഉണ്ടായിരുന്നു. പ്രസ് ക്ലബ്ബ് പ്രസിഡണ്ട് എ.കെ.ഹാരിസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രശാന്ത് പുത്തലത്ത് സ്വാഗതവും, ജോ. സെക്രട്ടറി ടി.കെ.ഖാദർ നന്ദിയും പറഞ്ഞു.

 

 

Latest News