Sorry, you need to enable JavaScript to visit this website.

ദീപശിഖ തെളിയും മുമ്പെ ആദ്യ റണ്ണര്‍ പിന്മാറി

ഫുകുഷിമ - മഹാമാരിക്കിടയില്‍ മാറ്റിവെച്ച ടോക്കിയൊ ഒളിംപിക്‌സിന് വീണ്ടും ദീപം തെളിയുന്നു. ദീപശിഖാ പ്രയാണം ഇന്ന് ആണവനഗരമായ ഫുകുഷിമയില്‍ ആരംഭിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ദീപശിഖ ഫുകുഷിമയില്‍ തെളിച്ച ശേഷമാണ് ഗെയിംസ് നീട്ടിവെച്ചത്. ചരിത്രത്തിലെ ഏറ്റവും മികച്ച മുന്നൊരുക്കത്തോടെ നടത്തുന്ന ഗെയിംസ് എന്ന് വിശേഷിപ്പിക്കപ്പെട്ട ടോക്കിയൊ ഒളിംപിക്‌സ് മഹാമാരിക്കാലത്തെ അനിശ്ചിതത്വത്തിലൂടെ വീണ്ടും കടന്നുപോവുകയാണ്. ദീപശിഖയുമായി ഓടാനിരുന്ന ആദ്യ സംഘത്തിലെ ഒരാള്‍ പിന്മാറിയത് സംഘാടകര്‍ക്ക് കനത്ത തിരിച്ചടിയായി. 2011 ല്‍ വനിതാ ലോകകപ്പ് ഫുട്‌ബോള്‍ കിരീടം നേടിയ ജപ്പാന്‍ ടീമിന്റെ നായിക ഹൊമാരെ സാവയാണ് ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി പിന്മാറിയത്. ടീമിലെ മറ്റൊരംഗം നേരത്തെ പിന്മാറിയിരുന്നു. പുരാതന ഒളിംപിക്‌സിന്റെ വേദിയായ ഗ്രീസിലെ ആതന്‍സില്‍ നിന്ന് കഴിഞ്ഞ വര്‍ഷം കൊണ്ടുവന്ന ദീപശിഖയുമായി ആദ്യമോടുന്നത് വനിതാ ഫുട്‌ബോള്‍ കളിക്കാരികളാണ്. ആയിരങ്ങളുടെ സാന്നിധ്യത്തില്‍ ആവേശകരമായി നടത്താനിരുന്ന ചടങ്ങ് കാണികളില്ലാതെയാണ് പുരോഗമിക്കുക. നാലു മാസം നീളുന്ന പ്രയാണത്തില്‍ ദീപശിഖ പതിനായിരത്തോളം പേര്‍ കൈമാറി ജപ്പാനിലെ 47 മേഖലകളിലൂടെയും സഞ്ചരിക്കും.
 

Latest News