തിരുവനന്തപുരം - ഇടതു വലതു മുന്നണികളെ പോലെ നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള എന്‍ഡിഎ പ്രകടന പത്രികയിലും ക്ഷേമപദ്ധതികള്‍ വാഗ്ദാനം ചെയ്യുന്നു. സാമൂഹിക ക്ഷേമ പെൻഷൻ 3500 രൂപയാക്കും. കുടുംബത്തിൽ ഒരാൾക്കെങ്കിലും ജോലി ഉറപ്പാക്കുമെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ പ്രകാശനം ചെയ്ത പ്രകടനപത്രികയിൽ പറയുന്നു. പുതിയ കേരളം മോഡിക്കൊപ്പം എന്നാണ് പ്രചാരണ മുദ്രാവാക്യം. ബിപിഎൽ വിഭാഗത്തിലെ കിടപ്പു രോഗികൾക്കു പ്രതിമാസം 5000 രൂപ സഹായം നൽകുമെന്നും പ്രകടന പത്രികയിൽ പറയുന്നു.
വിശ്വാസ സംരക്ഷണത്തിനായി ശബരിമല വിഷയത്തിൽ നിയമ നിർമാണം നടത്തുമെന്ന് പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു. ലൗ ജിഹാദിനെതിരെ നിയമ നിർമാണം നടത്തും. സംസ്ഥാനത്തെ ഭീകരവാദ വിമുക്തമാക്കും. കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കും.
ഹൈസ്കൂൾ വിദ്യാർഥികൾക്കു സൗജന്യമായി ലാപ്ടോപ് നൽകും. എല്ലാവർക്കും വീട്, കുടിവെള്ളം, വൈദ്യുതി എന്നിവ ഉറപ്പാക്കും. എല്ലാ ബിപിഎൽ കുടുംബങ്ങൾക്കും ആറ് സൗജന്യ സിലിണ്ടർ നൽകും. മുഴുവൻ തൊഴിൽ മേഖലയിലും മിനിമം വേതനം ഉറപ്പാക്കും. സ്വതന്ത്രവും ഭക്തജന നിയന്ത്രിതവും കക്ഷിരാഷ്ട്രീയ മുക്തവുമായ ക്ഷേത്ര ഭരണവ്യവസ്ഥ കൊണ്ടുവരും.ഭൂരഹിതരായ പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കു കൃഷി ചെയ്യാൻ ഭൂമി നൽകും തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടന പത്രകിയിലുണ്ട്.