റിയാദ്- ബിനാമി ബിസനസ് ആരംഭിച്ചവർക്ക് ശിക്ഷയില്ലാതെ രേഖകള്‍ ശരിയാക്കാന്‍ തിരുത്തൽ കാലയളവ് അനുവദിച്ചിരിക്കയാണ് സൗദി അറേബ്യ. ഇതനുസരിച്ച് വിദേശിക്ക് സൗദി നിക്ഷേപകനുമായി പങ്കാളിത്തത്തിൽ ഏർപ്പെടാനും ബിസിനസ് സ്വന്തം പേരിലേക്ക് മാറ്റാനും അവസരമുണ്ട്. പക്ഷേ ഇതിന് വന്‍കിടക്കാർക്ക് മാത്രം സാധ്യമാകുന്ന വ്യവസ്ഥകളാണ് വാണിജ്യ മന്ത്രാലയം നിശ്ചയിച്ചിരിക്കുന്നത്. സ്വന്തം ബിസിനസ് സൗദിയുടെ പേരില്‍ നടത്തുന്ന വിദേശികളെ അത് സ്വന്തം പേരിലാക്കാനാണ് വാണിജ്യ മന്ത്രാലയം പ്രോത്സാഹിപ്പിക്കുന്നത്.
വാർഷിക വരുമാനം 40 ദശലക്ഷം റിയാലായിരിക്കണമെന്നാണ് പ്രധാന നിബന്ധന. അല്ലെങ്കില്‍ ചുരുങ്ങിയത് 50 ജീവനക്കാരുണ്ടായിരിക്കണം. തിരുത്തല്‍ കാലയളവിന് മുമ്പ് രജിസ്ട്രേഷന് നേടിയ സ്ഥാപനങ്ങളായിരിക്കണം. സൗദി സ്പോണ്‍സറുടെ അനുമതിയും ആവശ്യമാണ്.
ബിനാമി നിയന്ത്രണ ലംഘനം ശരിയാക്കാൻ അപേക്ഷ സമർപ്പിക്കുന്നതിന് രണ്ട് കക്ഷികളുടെയും സമ്മതം ആവശ്യമില്ലെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി അയ്ദ് അൽ ഗൈനം വിശദീകരിച്ചു.