മോഡിയുടെയും ഷായുടെയും ത്രിശൂലം  കേരളത്തിൽ വിലപ്പോവില്ല -യെച്ചൂരി

പഴയങ്ങാടി - മോഡിയുടെയും ഷായുടെയും വൃത്തികെട്ട ത്രിശൂലം കേരളത്തിൽ വിലപ്പോവില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. രാഷ്ട്രീയ പ്രതിയോഗികളെയും എതിർശബ്ദങ്ങളെയും ഇല്ലാതാക്കാൻ പുതിയ 'ത്രിശൂല'വുമായി ഇറങ്ങിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തരമന്ത്രി അമിത് ഷായുമെന്ന് അദ്ദേഹം പറഞ്ഞു. 
മുമ്പ് സംഘപരിവാരത്തിന് ഒരു ത്രിശൂലമുണ്ടായിരുന്നു. അത് വർഗീയതയുടേതായിരുന്നു. പുതിയ ത്രിശൂലത്തിന്റെ മുനകൾ പണവും സി.ബി.ഐയും ഇ.ഡിയുമാണ്. പഴയങ്ങാടിയിൽ തെരഞ്ഞെടുപ്പു റാലിയിൽ സംസാരിക്കുകയായിരുന്നു യെച്ചൂരി.


   തെരഞ്ഞെടുപ്പ് ബോണ്ടായി കോർപറേറ്റുകളിൽ നിന്ന് സമാഹരിക്കുന്ന ശതകോടികളുടെ 95 ശതമാനവും ഉപയോഗിക്കുന്നത് പ്രതിപക്ഷ പാർട്ടികളുടെ എം.എൽ.എമാരെയും എം.പിമാരെയും വിലയ്‌ക്കെടുക്കാനാണ്. ചൊൽപ്പടിക്കു നിൽക്കാത്തവരെ സി.ബി.ഐയെയും ഇ.ഡിയെയും ഉപയോഗിച്ച് വേട്ടയാടും. കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെതിരെയും ഇതാണ് പ്രയോഗിക്കുന്നത്. എന്നാൽ, കേരളത്തിൽ നിങ്ങളുടെ ത്രിശൂലം വിലപ്പോവില്ല -യെച്ചൂരി പറഞ്ഞു. രാജ്യത്ത് മാനവികത നിലനിൽക്കുന്ന അപൂർവം സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. 
മനുഷ്യനെ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ കാണാത്ത സംസ്ഥാനമാണിത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇതല്ല അവസ്ഥ. രാജ്യത്തിന്റെ ബഹുസ്വരത പൂർണമായി ഇല്ലാതാക്കുകയാണ് മോഡി സർക്കാർ. ഒറ്റ മതവും ഒറ്റ ഭാഷയുമാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. ലൗ ജിഹാദ് നിയമം കൊണ്ടുവരുന്നത് ഇതിന്റെ ഭാഗമാണെന്നും യെച്ചൂരി പറഞ്ഞു.

 

Latest News