വള്ളിക്കുന്നിൽ മുൻ അധ്യാപകർ നേർക്കുനേർ 

വള്ളിക്കുന്ന് മണ്ഡലത്തിൽ ഇത്തവണ മുൻ അധ്യാപകർ തമ്മിലാണ് പ്രധാന പോരാട്ടം. സിറ്റിംഗ് എം.എൽ. എയും മുൻ സ്‌കൂൾ അധ്യാപകനുമായ മുസ്‌ലിം ലീഗിലെ പി. അബ്ദുൽ ഹമീദ് നേരിടുന്നത് ഐ.എൻ.എൽ നേതാവും മുൻ കോളേജ് അധ്യാപകനുമായ എ.പി. അബ്ദുൽ വഹാബിനെയാണ്. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി, ട്രഷറർ, യു.ഡി.എഫ് ജില്ലാ കൺവീനർ സ്ഥാനങ്ങൾ വഹിച്ചിട്ടിള്ള അബ്ദുൽ ഹമീദ് രണ്ടാം വിജയം തേടിയാണ് ഇത്തവണ ഇറങ്ങിയിരിക്കുന്നത്. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കീഴാറ്റൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ്, പെരിന്തൽമണ്ണ നിയോജക മണ്ഡലം പ്രസിഡന്റ്, ജനറൽ സെക്രട്ടറി, മഞ്ചേരി നിയോജക മണ്ഡലം  ജനറൽ സെക്രട്ടറി, കെ.എം.എം.എൽ ഡയറക്ടർ, ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, സ്റ്റേറ്റ് കോ-ഒപറേറ്റീവ് ബാങ്ക് ഡയറക്ടർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. കാലിക്കറ്റ് എയർപോർട്ട് ഉപദേശക സമിതി വൈസ് ചെയർമാൻ, കാലിക്കറ്റ് സർവകലാശാല സെനറ്റ് മെമ്പർ, പെരിന്തൽമണ്ണ എം.ഇ.എ എഞ്ചിനിയറിംഗ് കോളേജ് സെക്രട്ടറി, പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജ് സെക്രട്ടറി, മുഹമ്മദലി ശിഹാബ് തങ്ങൾ മെമ്മോറിയൽ ആർട്സ് ആന്റ് സയൻസ് കോളേജ് വൈസ് ചെയർമാൻ, പൂപ്പലം,നൂരിയ്യ യതീ ഖാന വൈസ് ചെയർമാൻ, മേലാറ്റൂർ, ദാറുൽഹികം സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു.


ഇന്ത്യൻ നാഷനൽ ലീഗിന്റെ സംസ്ഥാന പ്രസിഡന്റായ പ്രൊഫ. എ.പി. അബ്ദുൽ വഹാബ് ഇടതുമുന്നണി സ്ഥാനാർഥിയായി മണ്ഡലത്തിൽ പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. തിരൂരിരങ്ങാടി പി.എസ്.എം.ഒ കോളേജിലെ ഇംഗ്ലീഷ് വിഭാഗം പ്രൊഫസറായി 31 വർഷം സേവനമനുഷ്ഠിച്ചാണ് അദ്ദേഹം വിരമിച്ചത്. സംസ്ഥാന ന്യുനപക്ഷ ധനകാര്യ വികസന കോർപറേഷൻ ചെയർമാനാണ്. കാലിക്കറ്റ് സർവകലാശാലയുടെ വിവിധ പരീക്ഷാബോർഡുകളിൽ അംഗമായിരുന്നു. നാഷനൽ യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് ഐ.എൻ.എൽ ജില്ലാ സെക്രട്ടറി, സംസ്ഥാന ജനറൽ സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചിരുന്നു. ഹോർട്ടികോപ് ഡയറക്ടറായിരുന്ന അദ്ദേഹം മികച്ച കർഷകനുമാണ്. തിരൂർ, മഞ്ചേരി, കോഴിക്കോട് സൗത്ത് മണ്ഡലങ്ങളിൽനിന്ന് നേരത്തെ നിയമസഭയിലേക്കും 1998 ൽ മഞ്ചേരി ലോക്‌സഭാ തെരഞ്ഞെടുപ്പിലും മത്സരിച്ചിരുന്നു.


മുൻ ബാങ്ക് ഉദ്യോഗസ്ഥനായ പീതാംബരൻ പാലാട്ടാണ് വള്ളികുന്നിൽ എൻ.ഡി.എ സ്ഥാനാർഥി. ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗമാണ്. കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ സെക്രട്ടറി, ബി.ജെ.പി വള്ളിക്കുന്ന് മണ്ഡലം പ്രസിഡന്റ്, പരപ്പനങ്ങാടി താലൂക്ക് ബൗദ്ധിക്പ്രമുഖ്, വിദ്യാനികേതൻ ജില്ലാ നൈതിക് ശിക്ഷൺ പ്രമുഖ് തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വള്ളികുന്നിൽ യു.ഡി.എഫിന് 59,720, എൽ.ഡി.എഫിന് 47,110, എൻ.ഡി.എക്ക് 22,887 വോട്ടുകളാണ് ലഭിച്ചത്. 

 

Latest News