സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ചെറുകിട വ്യവസായ വികസന കോർപറേഷന്റെ (സിഡ്കോ) മുൻ ചെയർമാനും നിലവിലുള്ള ചെയർമാനും തമ്മിലാണ് തിരൂരങ്ങാടി മണ്ഡലത്തിൽ ഇത്തവണ പോരാട്ടം. മുൻ ചെയർമാൻ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദാണ് മുസ്ലിം ലീഗിന്റെ സിറ്റിംഗ് സീറ്റ് നിലനിർത്താനായി ഗോദയിലുള്ളത്. സിഡ്കോയുടെ ഇപ്പോഴത്തെ ചെയർമാനും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തിരൂരങ്ങാടിയിൽ സ്ഥാനാർഥിയുമായിരുന്ന നിയാസ് പുളിക്കലത്ത് തന്നെ ഇത്തവണയും ഇടതുസ്വതന്ത്രനായി രംഗത്തുണ്ട്. ഇരുമുന്നണിയിലും ആശയകുഴപ്പം നിറഞ്ഞതായിരുന്നു തിരൂരങ്ങാടിയിലെ സ്ഥാനാർഥി നിർണയം. കെ.പി.എ. മജീദിനെ സ്ഥാനാർഥിയാക്കിയതിനെതിരെ മുസ്ലിം ലീഗിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു.
ഇടതുമുന്നണിയിൽ സി.പി.ഐ മത്സരിക്കുന്ന മണ്ഡലത്തിൽ അവർ ആദ്യം അജിത് കൊളാടിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. അദ്ദേഹം പ്രചാരണം തുടങ്ങുകയും ചെയ്തു. എന്നാൽ മുസ്ലിം ലീഗ് സ്ഥാനാർഥി കെ.പി.എ. മജീദാണെന്നും അദ്ദേഹത്തിനെതിരെ മുസ്ലിം ലീഗിൽ എതിർപ്പുണ്ടെന്നും അറിഞ്ഞതോടെ സി.പി.എം ഇടപെട്ട് അജിത് കൊളാടിയെ പിൻവലിക്കുകയും വ്യവസായിയായ നിയാസ് പുളിക്കലകത്തിനെ വീണ്ടും രംഗത്തിറക്കുകയുമായിരുന്നു. മജീദിനോട് ലീഗിലുള്ള എതിർപ്പും നിയാസിന് മണ്ഡലത്തിലുള്ള ബന്ധങ്ങളും തിരൂരങ്ങാടിയിൽ ഇത്തവണ അട്ടിമറി വിജയം നേടാൻ സഹായിക്കുമെന്ന് കണക്കുകൂട്ടലിലാണ് ഇടതുനേതൃത്വം.
കഴിഞ്ഞ തവണ മുസ്ലിം ലീഗ് നേതാവ് പി.കെ. അബ്ദുറബ്ബ് വിജയിച്ച മണ്ഡലമാണിത്. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് തിരൂരങ്ങാടിയിലെത്തുന്നത് സീറ്റ് നിലനിർത്തുകയെന്ന ലക്ഷ്യത്തോടെയാണ്. എം.എസ്.എഫിലൂടെ രാഷ്ട്രീയത്തിൽ സജീവമായ കെ.പി.എ. മജീദ് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി, യൂത്ത്ലീഗ് ജില്ലാ ജനറൽ സെക്രട്ടറി. സംസ്ഥാന ജനറൽ സെക്രട്ടറി പദവികൾ വഹിച്ചു. ഭാഷാസമര കാലത്തെ യൂത്ത് ലീഗ് ജനറൽ സെക്രട്ടറിയായിരുന്നു. 1980, 1982, 1987,1991, 1996 വർഷങ്ങളിൽ മങ്കടയിൽ നിന്നും മത്സരിച്ച് വിജയിച്ചു. മങ്കടയിലും മഞ്ചേരി പാർലമെന്റ് മണ്ഡലത്തിലും പരാജിയപ്പെടുകയും ചെയ്തിട്ടുണ്ട്. 1992 ൽ ഗവ. ചീഫ് വിപ്പായും പ്രവർത്തിച്ചിട്ടുണ്ട്. 2002-04 വർഷങ്ങളിൽ സിഡ്കോ ചെയർമാനായിരുന്നു. മലപ്പുറം പടപ്പറമ്പ് സ്വദേശിയാണ്.
ഇടതു സ്വതന്ത്രനായി മത്സരിക്കുന്ന നിയാസ് പുളിക്കലകത്ത് പരപ്പനങ്ങാടി സ്വദേശിയാണ്. രണ്ടാം തവണയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. നിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന നിയാസ് ടാമറിന്റ് ബിൽഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയർമാനാണ്. വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി സഹകരിച്ചു വരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന്റെ ഭൂരിപക്ഷം ഗണ്യമായി കുറക്കാൻ നിയാസിന് കഴിഞ്ഞിരുന്നു.
ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റായ കള്ളിയത്ത് സത്താർ ഹാജിയാണ് എൻ.ഡി.എ സ്ഥാനാർഥി. കൽപകഞ്ചേരി സ്വദേശിയായ അദ്ദേഹം നേരത്തെ മുസ്ലിം ലീഗിലായിരുന്നു. മുസ്ലീം ലീഗിന്റെ കർഷകസംഘം സംസ്ഥാന എക്സിക്യുട്ടീവ് അംഗം, പ്രവാസി ലീഗ് കൗൺസിലർ, തിരൂർ പെയിൻ ആന്റ് പാലിയേറ്റീവ് ബോർഡ് മെമ്പർ, റിയൽ എസ്റ്റേറ്റ് അസോസിയേഷൻ ജില്ല വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
മണ്ഡലത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 63,027, എൽ.ഡി.എഫിന് 56,884, എൻ.ഡി.എക്ക് 8046 വോട്ടുകളാണ് ലഭിച്ചത്.






