കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിന് കൈവിട്ട് പോയ കുത്തക മണ്ഡലമായിരുന്ന താനൂർ തിരിച്ചുപിടിക്കാൻ ഇത്തവണ വേദിയിലുള്ളത് യൂത്ത് ലീഗിന്റെ പ്രമുഖ നേതാവ് പി.കെ. ഫിറോസാണ്. സിറ്റിംഗ് എം. എൽ.എയും മുൻ കോൺഗ്രസ് നേതാവുമായ വി. അബ്ദുറഹ്മാൻ തന്നെ ഇത്തവണയും ഇടതുസ്വതന്ത്രനായി മത്സരിക്കുന്നു.
മലപ്പുറം ജില്ലയിലെ രാഷ്ട്രീയ അട്ടിമറികളുടെ ചരിത്രത്തിൽ വി. അബ്ദുറഹ്മാനും സ്ഥാനമുണ്ട്. പതിറ്റാണ്ടുകളോളം മുസ്‌ലിം ലീഗ് വലിയ ഭൂരിപക്ഷത്തിൽ ജയിച്ചു വന്നിരുന്ന താനൂരിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ ഞെട്ടിച്ചാണ് അബ്ദുറഹ്മാൻ വിജയിച്ചത്. ഇത് രണ്ടാംതവണയാണ് അദ്ദേഹം താനൂരിൽ അങ്കത്തിനിറങ്ങുന്നത്. കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം യൂത്ത് കോൺഗ്രസിലും സജീവമായിരുന്നു. 2014 ൽ കെ.പി.സി.സി എക്‌സിക്യൂട്ടിവ് അംഗമായിരിക്കേ കോൺഗ്രസ് വിട്ട് എൽ.ഡി.എഫ് സ്വതന്ത്രസ്ഥാനാർഥിയായി പൊന്നാനി ലോക്‌സഭാ മണ്ഡലത്തിൽ ഇ.ടി. മുഹമ്മദ് ബഷീറിനെതിരേ മത്സരിച്ചു. 25410 വോട്ടുകൾക്കാണ് അബ്ദുറഹിമാൻ പരാജയപ്പെട്ടത്. നേരത്തെ തിരൂർ നഗരസഭാ കൗൺസിലറും വൈസ് ചെയർമാനുമായിരുന്നു. തിരൂരിലെ സാംസ്‌കാരിക സംഘടയായ ആക്ടിന്റെ പ്രസിഡന്റായിരുന്നു. 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ താനൂരിൽ മുസ്‌ലിം ലീഗിലെ അബ്ദുറഹിമാൻ രണ്ടത്താണിയെ 4918 വോട്ടുകൾക്കു തോൽപിച്ചാണ് ആദ്യമായി നിയമസഭയിലെത്തിയത്.
വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തു വന്ന പി.കെ. ഫിറോസ് യൂത്ത് ലീഗിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. നേരത്തെ എം.എസ്.എഫ് കോഴിക്കോട് ജില്ലാ ട്രഷറർ, ജനറൽ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ കൺവീനർ പദവികൾ വഹിച്ചു. മുസ്‌ലിം യൂത്ത് ലീഗിന് കീഴിൽ വൈറ്റ് ഗാർഡ് എന്ന വളണ്ടിയർ സംഘത്തിന്റെ രൂപീകരണത്തിൽ പ്രധാനപങ്ക് വഹിച്ചു. കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിൽനിന്ന് നിയമത്തിൽ ബിരുദവും എം.ജി സർവകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം സ്വദേശിയാണ്.
താനൂരിലെ എൻ.ഡി.എ സ്ഥാനാർഥി കെ. നാരായണൻ മൂന്നാം തവണയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. നിലവിൽ ബി.ജെ.പി സംസ്ഥാന സമിതി അംഗമാണ്. 1999 ലും 2014 ലും പൊന്നാനി പാർലമെന്റ് മണ്ഡലത്തിൽനിന്ന് മത്സരിച്ചിരുന്നു. 15 വർഷം തുടർച്ചയായി ഒഴൂർ പഞ്ചായത്തംഗമായിരുന്നു. ഒഴൂർ അയ്യായ എ.എം.യു.പി സ്‌കൂളിലെ പ്രധാനാധ്യാപകനായി വിരമിച്ച ശേഷം 2020 മുതൽ കേന്ദ്ര നാളികേര വികസന ബോർഡ് അംഗമായി പ്രവർത്തിക്കുന്നു. രണ്ടു തവണ യുവമോർച്ച ജില്ലാ പ്രസിഡന്റായും രണ്ടു തവണ ബി.ജെ.പി ജില്ലാ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
താനൂരിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് 64,472, യു.ഡി.എഫിന് 59,554, എൻ.ഡി.എക്ക് 11051 വോട്ടുകളാണ് ലഭിച്ചത്.






