പട്ടാമ്പിയിൽ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിനെ ഓർമ്മിപ്പിക്കുന്ന അന്തരീക്ഷം


പാലക്കാട് - മുമ്പൊരിക്കലും കാണാത്ത വീറും വാശിയുമാണ് ഇക്കുറി പട്ടാമ്പിയിൽ. അധികാരമൊഴിയുന്ന നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ മുഹമ്മദ് മുഹ്‌സിനെ നേരിടാൻ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ്പ്രസിഡന്റ് റിയാസ് മൂക്കോളി പുലാമന്തോൾ പാലം കടന്നെത്തിയതോടെ ഇരുമുന്നണികളിലും ആവേശം അലതല്ലുകയാണ്. പാട്ടുപാടിയും കഥകൾ പറഞ്ഞും ഒരു കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിനെ ഓർമ്മിപ്പിക്കുന്ന അന്തരീക്ഷമാണ് മണ്ഡലത്തിലെങ്ങും. ബി.െജ.പി ജില്ലാ ജനറൽ സെക്രട്ടറി കെ.എം.ഹരിദാസാണ് എൻ.ഡി.എ സ്ഥാനാർഥി.
കനയ്യ കുമാറിന്റെ സഹപ്രവർത്തകനെന്ന താരത്തിളക്കവുമായി 2016ലെ തെരഞ്ഞെടുപ്പ് സമയത്ത് നാട്ടിലെത്തിയ മുഹമ്മദ് മുഹ്‌സിൻ എന്ന ചെറുപ്പക്കാരൻ മുതിർന്ന കോൺഗ്രസ് നേതാവ് സി.പി.മുഹമ്മദിനെ പരാജയപ്പെടുത്തി പട്ടാമ്പിയെ ചുവപ്പണിയിച്ചത് സംസ്ഥാനത്തിനകത്തും പുറത്തും വലിയ ചർച്ചയായി മാറിയിരുന്നു. അന്നത്തെ കൊച്ചുപയ്യൻ ഇരുത്തം വന്ന ഒരു രാഷ്ട്രീയനേതാവ് എന്ന പ്രതിച്ഛായയോടെയാണ് ഇക്കുറി രണ്ടാംമൂഴത്തിനിറങ്ങുന്നത്. നിലവിൽ സി.പി.ഐ ജില്ലാ നിർവ്വാഹകസമിതിയംഗമാണ് ഈ 35കാരൻ. 


സംസ്ഥാനത്ത് ഏറ്റവുമൊടുവിൽ യു.ഡി.എഫ് സ്ഥാനാർഥി നിർണ്ണയം നടന്ന മണ്ഡലങ്ങളിലൊന്നാണ് പട്ടാമ്പി. മണ്ഡലത്തിനു വേണ്ടി കോൺഗ്രസും മുസ്ലിംലീഗും തമ്മിലും കോൺഗ്രസിനുള്ളിലും വലിയ തർക്കങ്ങൾ നടന്നിരുന്നു. ഒടുവിൽ മലപ്പുറത്ത് കെ.എസ്.യുവിലൂടെയും യൂത്ത് കോൺഗ്രസിലൂടെയും പൊതുപ്രവർത്തനം തുടങ്ങി ശ്രദ്ധേയനായ റിയാസ് മൂക്കോളി എന്ന 37കാരനിൽ ചർച്ചകൾ ചെന്നു നിന്നു. അൽപം വൈകിയാണ് കളത്തിലിറങ്ങിയതെങ്കിലും പാട്ടുപാടിയും ആടിയും മണ്ഡലത്തിൽ വലിയ അലയൊലികൾ തീർക്കാൻ ഈ യുവനേതാവിന് കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ സാധിച്ചിട്ടുണ്ട്. പട്ടാമ്പി നഗരസഭയും ഓങ്ങല്ലൂർ, വല്ലപ്പുഴ, കൊപ്പം, തിരുവേഗപ്പുറ, മുതുതല, വിളയൂർ, കുലുക്കല്ലൂർ എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെട്ടതാണ് പട്ടമ്പി നിയമസഭാ മണ്ഡലം. ഇതിൽ തിരുവേഗപ്പുറയിൽ മാത്രമാണ് യു.ഡി.എഫ് ഭരണം. മറ്റെല്ലാം ഇടതുപക്ഷത്തിനൊപ്പമാണ്. എല്ലാക്കാലത്തും യു.ഡി.എഫിനൊപ്പം നിലയുറപ്പിച്ചിരുന്ന പട്ടാമ്പി നഗരസഭാ ഭരണം കോൺഗ്രസ് വിമതരുടെ സഹായത്തോടെ ഇക്കുറി ഇടതുമുന്നണി പിടിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 


ഇരുമുന്നണികൾക്കും ഏറെക്കുറെ ഒരുപോലെ സ്വാധീനമുള്ള മണ്ഡലത്തിൽ ഏഴായിരത്തിലധികം വോട്ടിനാണ് 2016ൽ മുഹമ്മദ് മുഹ്‌സിൻ വിജയിച്ചത്. 2019ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് മണ്ഡലത്തിന്റെ പരിധിയിൽ നിന്ന് പതിനേഴായിരത്തിലധികം വോട്ടിന്റെ മുൻതൂക്കം കിട്ടി. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് അയ്യായിരത്തിലധികം വോട്ടിന്റെ ലീഡുണ്ട്. 
സ്ഥാനാർഥി തന്നെയാണ് പട്ടാമ്പിയിൽ ഇടതുമുന്നണിയുടെ തുരുപ്പ്ചീട്ട്. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ കൊണ്ടുവന്ന വികസനത്തിന്റെ കണക്കു നിരത്തിയാണ് മുഹ്‌സിൻ വോട്ട് ചോദിക്കുന്നത്. കോൺഗ്രസിലെ ചേരിപ്പോരും മണ്ഡലത്തെച്ചൊല്ലി കോൺഗ്രസും മുസ്ലിംലീഗും തമ്മിൽ നടന്ന തർക്കവും പട്ടാമ്പിയിൽ അനുകൂലസാഹചര്യമുണ്ടാക്കിയിട്ടുണ്ടെന്ന് എൽ.ഡി.എഫ് നേതാക്കൾ അവകാശപ്പെടുന്നു.


മുന്നണിയിലേയും പാർട്ടിയിലേയും പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചാണ് തെരഞ്ഞെടുപ്പിലേക്ക് പോകുന്നത് എന്നാണ് യു.ഡി.എഫ് നേതാക്കൾ പറയുന്നത്. വിമതർക്ക് ഈ തെരഞ്ഞെടുപ്പിൽ ഒരു ചലനവും ഉണ്ടാക്കാനാവില്ലെന്നാണ് അവരുടെ വാദം. റിയാസ് മൂക്കോളിയുടെ പ്രചാരണത്തിന് മുസ്ലിംലീഗ് സജീവമായി രംഗത്തുണ്ട്. സി.പി.മുഹമ്മദ് എം.എൽ.എ ആയിരുന്ന കാലത്ത് വന്ന വികസനമല്ലാതെ ഒന്നും മണ്ഡലത്തിൽ ഉണ്ടായിട്ടില്ലെന്നും ജനപ്രതിനിധി എന്ന നിലയിൽ മുഹമ്മദ് മുഹ്‌സിന്റെ പ്രകടനം നിരാശാജനകമാണെന്നുമാണ് യു.ഡി.എഫിന്റെ വിമർശനം. കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി പട്ടാമ്പിയിൽ പ്രചാരണത്തിന് എത്തുന്നുണ്ട്. അതുകൂടി കഴിയുന്നതോടെ മണ്ഡലത്തിൽ തങ്ങൾക്കനുകൂലമായ സാഹചര്യം ഉറപ്പാവുമെന്നും സീറ്റ് തിരിച്ചുപിടിക്കും എന്നുമാണ് നേതാക്കളുടെ അവകാശവാദം.
ബി.െജ.പിക്ക് ഇരുപതിനായിരത്തോളം വോട്ടാണ് മണ്ഡലത്തിലുള്ളത്. മൂന്ന് പതിറ്റാണ്ടു കാലത്തോളമായി വിവിധ സംഘ്പരിവാർ സംഘടനകളിൽ സജീവമായി പ്രവർത്തിച്ചു വരുന്ന ഹരിദാസിന്റെ സാന്നിധ്യം അതിൽ വർധനവ് ഉണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. 


 

Latest News