ലണ്ടൻ- കോവിഡ് വിദ്യാഭ്യാസ രംഗത്തുണ്ടാക്കിയ പ്രതിസന്ധി കാരണം ഈ വർഷം അവസാനം വരെ ലോകത്തിലെ 10 വയസ്സായ കുട്ടികളിൽ പകുതിയിലേറെ പേർക്കും നേരാംവണ്ണം വായിക്കാനോ വാചകങ്ങൾ മനസ്സിലാക്കാനോ സാധിച്ചേക്കില്ലെന്ന് പഠനം. ലോക ബാങ്കിന്റേയും യുനെസ്കോയുടെ 'പഠന ദാരിദ്ര്യ' റിപോർട്ടുകളും യുഎൻ പോപുലേഷൻ റിപോർട്ടിലെ 10 വയസ്സുകാരായ കുട്ടികളുടെ വിവരങ്ങളും വിശകലനം ചെയ്താണ് വൺ എന്ന സന്നദ്ധ സംഘടനയാണ് ഈ വിശകലനം നടത്തിയത്.
2021ൽ ഏഴു കോടി കുട്ടികളെ ഈ പ്രശ്നം ബാധിച്ചേക്കാമെന്നാണ് പഠനം പറയുന്നത്. കോവിഡനന്തര പ്രതിസന്ധികളാണ് വിദ്യാഭ്യാസ രംഗത്ത് ഇത്രയും ഗുരുതരമായ പ്രത്യാഘാതം കൊണ്ടുവരിക. ഒരു തലമുറയുടെ തന്നെ ശേഷികളെ ഗുരുതരമായി ബാധിച്ചേക്കാവുന്ന ഒന്നായി മാറിയിരിക്കുകയാണ് കോവിഡ് കാല വിദ്യാഭ്യാസ പ്രതിസന്ധിയെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. മൊത്തം കുട്ടികളിൽ 17 ശതമാനവും കോവിഡ് വിദ്യാഭ്യാസ പ്രതിസന്ധിയുടെ ഇരകളായിത്തീരും.
നിവലിലെ പ്രവണ തുടരുകയാണെങ്കിൽ, പത്തു വയസ്സിലും അടിസ്ഥാന സാക്ഷരത കൈവരിക്കാത്ത കുട്ടികളുടെ എണ്ണം 2030ഓടെ 75 കോടി ആയി ഉയർന്നേക്കുമെന്ന സൂചനയും ഈ പഠനം നൽകുന്നു. ഈ വിദ്യാഭ്യാസ പ്രതിസന്ധി ഏറ്റവും രൂക്ഷമായി ബാധിക്കുക ആഫ്രിക്കൻ രാജ്യങ്ങളേ ആയിരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
കോവിഡിനെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ലോകമെമ്പാടും സ്കൂളുകൾ അടച്ചിട്ടിരിക്കുകയായിരുന്നു. ഇപ്പോഴും നിയന്ത്രണങ്ങൾ കടുത്ത രീതിയിൽ തന്നെ തുടരുകയാണ്. വാക്സിനേഷൻ തുടങ്ങിയെങ്കിലും മിക്ക രാജ്യങ്ങളിലും അവ ജനസംഖ്യയുടെ പ്രധാനപ്പെട്ട ഒരു ഭാഗത്തെ തൊട്ടിട്ടുപോലുമില്ല. വാക്സിനേഷൻ ഇനിയും തുടങ്ങിയിട്ടില്ലാത്ത ദരിദ്രരാജ്യങ്ങളും ധാരാളമാണ്. 188 രാജ്യങ്ങളിലെ 1.7 ബില്യൺ കുട്ടികളുടെ വിദ്യാഭ്യാസം 2020ൽ തടസ്സപ്പെട്ടെന്നാണ് യുനെസ്കോയുടെ കണക്ക്.