റിയാദ്- പിണറായി സർക്കാരിന്റെ ദുർഭരണത്തിനെതിരെ വിധിയെഴുതാനുള്ള സുവർണാവസരം ഉപയോഗപ്പെടുത്താൻ പ്രവാസികളും കുടുംബങ്ങളും ജാഗ്രത പാലിക്കണമെന്ന് റിയാദ് യു.ഡി.എഫ് കൺവെൻഷൻ ആവശ്യപ്പെട്ടു. പ്രവാസികളെ കോവിഡ് വാഹകരെന്ന് മുദ്ര കുത്തി അവഹേളിച്ച പിണറായി ഭരണകൂടം കൊറോണ കാലത്ത് നാട്ടിലെത്താൻ കാലുപിടിച്ച് കരഞ്ഞവരോട് കാട്ടിയ ക്രൂരത പ്രവാസി സമൂഹം മറന്നിട്ടില്ല. ഒട്ടേറെ പ്രവാസി കുടുംബങ്ങളെ അനാഥരാക്കി പ്രായം കൂടിയവരും ക്രോണിക് അസുഖങ്ങൾ ബാധിച്ചവരുമായ നിരവധി പേരുടെ ജീവൻ വിദേശ നാടുകളിൽ പൊലിഞ്ഞു. തികഞ്ഞ ഏകാധിപത്യവും ധാർഷ്ഠ്യവുമായിരുന്നു ഇത്തരം സംഭവങ്ങളിൽ സർക്കാരിന്റെ മുഖമുദ്ര.
പെയ്ഡ് എക്സിറ്റ് പോളുകൾ വഴിയും ഭരണ കാലാവധിയുടെ അവസാന നാളുകളിൽ നൽകിയ കിറ്റുകളുടെയും പിൻബലത്തിൽ വീണ്ടും അധികാരത്തിലെത്താൻ സാധിക്കുമെന്ന മിഥ്യാധാരണയിലാണ് ഇടതുപക്ഷം. പ്രവാസികളുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് വെറും വാഗ്ദാനങ്ങളല്ലാതെ ക്രിയാത്മകമായി മറ്റൊന്നും ചെയ്തിട്ടില്ലാത്ത സർക്കാർ ലോക കേരള സഭ വഴി പ്രവാസികളുടെ പണം പിടുങ്ങാനുള്ള കുറുക്ക് വഴിയാണ് തേടിയത്.
യു.ഡി.എഫിന്റെ പ്രകടനപത്രിക കേരളത്തിന്റെ വികസനത്തിനും പ്രവാസികളുടെ പുനരധിവാസത്തിനും പ്രാധാന്യം നൽകുന്നതും പാവപ്പെട്ടവർക്കും വിശ്വാസികൾക്കും ഉറച്ച പിന്തുണ നൽകുന്നതുമാണെന്നും അതുകൊണ്ട് തന്നെ യു.ഡി.എഫിനെ അധികാരത്തിലേറ്റാൻ കൃത്യമായ ഇടപെടൽ നടത്താൻ പ്രവാസികൾ മുൻപന്തിയിൽ ഉണ്ടാകണമെന്നും കൺവെഷനിൽ സംസാരിച്ചവർ പറഞ്ഞു.
കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടന്ന കൺവെൻഷനിൽ റിയാദ് യു.ഡി.എഫ് ചെയർമാൻ കുഞ്ഞി കുമ്പള അധ്യക്ഷത വഹിച്ചു. കെ.എം.സി.സി സൗദി നാഷണൽ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് അഷ്റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവ്, കെ.എം.സി.സി നാഷനൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം എസ്.വി അർശുൽ അഹമ്മദ്, സലീം കളക്കര, തോമസ്, ഷഫീഖ് കൂടാളി, കബീർ വൈലത്തൂർ, നവാസ് വെള്ളിമാട്കുന്ന് തുടങ്ങിയവർ സംസാരിച്ചു. അബ്ദുല്ല വല്ലാഞ്ചിറ ആമുഖ ഭാഷണം നടത്തി. ജനറൽ കൺവീനർ സി.പി മുസ്തഫ സ്വാഗതവും കൺവീനർ ഷംനാദ് കരുനാഗപ്പള്ളി നന്ദിയും പറഞ്ഞു. കെ.എം.സി.സി, ഒ.ഐ.സി.സി കമ്മിറ്റികളുടെ വിവിധ നാഷണൽ, സെൻട്രൽ, ജില്ലാ, മണ്ഡലം ഭാരവാഹികളും പ്രവർത്തകരും കൺവെൻഷനിൽ പങ്കെടുത്തു.






