ജിസാൻ - ഏതു വിധേനയും അധികാരത്തിലെത്താൻ കോൺഗ്രസും ബി.ജെ.പിയും എല്ലാ പ്രതിലോമ വർഗീയ ശക്തികളുമായി ചേർന്ന് പരസ്യമായ സഖ്യത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ പറഞ്ഞു. കേരളത്തിന്റെ വികസനത്തിൽ ചരിത്ര നേട്ടങ്ങൾ കൈവരിച്ച് എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമവും പുരോഗതിയും സുരക്ഷയും സംസ്ഥാന സർക്കാർ ഉറപ്പു വരുത്തിയിട്ടുണ്ട്. അടിസ്ഥാന രഹിതമായ ആരോപണങ്ങളും വ്യാജ പ്രചാരണങ്ങളുമുയർത്തി സർക്കാരിനെ അപകീർത്തിപ്പെടുത്തി തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാൻ കേന്ദ്ര സർക്കാരിന്റെയും ബി.ജെ.പിയുടെയും കുത്തക മാധ്യമങ്ങളുടെയും ഒത്താശയോടെ കോൺഗ്രസ് നടത്തുന്ന കുത്സിത ശ്രമങ്ങൾക്ക് ജനങ്ങൾ കനത്ത തിരിച്ചടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജിസാനിലെ ഇടതുപക്ഷ പ്രവർത്തകരുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിന്ദു വർഗീയത പത്തിവിടർത്തി നിൽക്കുന്ന ദേശീയ സാഹചര്യത്തിൽ വർഗീയ ധ്രുവീകരണ നയങ്ങളും കോർപ്പറേറ്റ് വൽക്കരണവുമായി സമഗ്രാധിപത്യ ഹിന്ദുരാഷ്ട്ര ലക്ഷ്യത്തോടെ നീങ്ങുന്ന ബി.ജെ.പിക്കെതിരെ വെല്ലുവിളിയുയർത്തുന്ന ഇന്ത്യയിലെ ഏക ഇടതുപക്ഷ സർക്കാരിനെ അട്ടിമറിക്കാൻ കോൺഗ്രസ് നേതൃത്വം അധികാരക്കൊതി മൂത്ത് കൂട്ടുനിൽക്കുന്നത് ആത്മഹത്യാപരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വർഗീയതയോട് സമരസപ്പെട്ടുകൊണ്ട് മൃദുഹിന്ദുത്വവും ഇടതുപക്ഷ വിരോധവും വെച്ചുപുലർത്തുന്ന കോൺഗ്രസും മുസ്‌ലിം ലീഗും അടക്കമുള്ള പാർട്ടികളുടെ കേരളത്തിൽ നിന്നുള്ള എം.പിമാർ ബി.ജെ.പിക്കെതിരെ പാർലമെന്റിൽ ഒരക്ഷരം ഉരിയാടാറില്ല. രാജ്യവ്യാപകമായി വലിയ പ്രതിഷേധം ഉയരുന്ന ദേശീയ പൗരത്വ നിയമവും കർഷക നിയമവുമടക്കമുള്ള കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഇടതുപക്ഷ അംഗങ്ങളാണ് പാർലമെന്റിൽ ശക്തമായ പോരാട്ടം നടത്തുന്നതെന്നും കൺവെൻഷനിൽ മുഖ്യ പ്രഭാഷണം നടത്തിയ എ.എം.ആരിഫ് എം.പി പറഞ്ഞു. പ്രവാസി ക്ഷേമത്തിനും പുനരധിവാസത്തിനുമുള്ള നിരവധി പദ്ധതികൾക്ക് തുടക്കം കുറിച്ച ഇടതുപക്ഷ സർക്കാരിന് തുടർച്ചയുണ്ടാകേണ്ടത് പ്രവാസികളുടെ കൂടി ആവശ്യമാണെന്ന് കൺവെൻഷനിൽ സംസാരിച്ച പ്രവാസി ക്ഷേമ നിധിബോർഡ് ഡയറക്ടറും കേരള പ്രവാസി സംഘം സംസ്ഥാന ട്രഷററുമായ ബാദുഷ കടലുണ്ടി പറഞ്ഞു.
ജിസാൻ മേഖലാ ഇടതുപക്ഷ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനും ലോക കേരള സഭ അംഗവുമായ ഡോ. മുബാറക്ക് സാനി അധ്യക്ഷത വഹിച്ചു. ജിദ്ദ നവോദയ മുഖ്യ രക്ഷാധികാരി ഷിബു തിരുവനന്തപുരം, താഹ കൊല്ലേത്ത്, പ്രദീപ് കുമാർ, ഷാനവാസ്, എം.കെ.ഓമനക്കുട്ടൻ, വെന്നിയൂർ ദേവൻ, സലാം കൂട്ടായി, നിസാർ എന്നിവർ കൺവെൻഷനിൽ സംസാരിച്ചു. കേരളത്തിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി മേഖലയിലെ വിവിധ ജില്ലകളിൽ നിന്നുള്ള പ്രവർത്തകരുടെ കമ്മിറ്റികൾ രൂപീകരിച്ച് വിപുലമായ പ്രചാരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ കൺവെൻഷൻ തീരുമാനിച്ചു.






