അവരെ കല്ലെറിഞ്ഞതിൽ എനിക്കിപ്പോഴും ദുഖമില്ല: അഫ്ഷാൻ നിലപാട് വ്യക്തമാക്കുന്നു

ന്യൂദൽഹി- അഫ്ഷാനിപ്പോൾ കശ്മീർ വനിതാ ഫുട്‌ബോൾ ടീമിന്റെ നായികയാണ്. കഴിഞ്ഞ ഏപ്രിലിൽ അഫ്ഷാന്റെ മുഖം ലോകം കണ്ടത് കശ്മീരിലെ കുപ്രസിദ്ധയായ കല്ലേറുകാരി എന്ന നിലയിലായിരുന്നു. പോലീസുകാർക്ക് നേരെ കല്ലെറിയുന്ന പെൺകുട്ടി എന്ന നിലക്കാണ് ലോകം മുഴുവനുമുള്ള മാധ്യമങ്ങളിൽ അഫ്ഷാന്റെ ചിത്രം വന്നത്. അതോടെ വളർന്നു വരുന്ന ഫുട്‌ബോൾ താരമായിരുന്ന അഫ്ഷാന്റെ ജീവിതം ഭീതിയിലും ആശങ്കയിലുമായി. എന്നാൽ ഇപ്പോൾ ജമ്മു കശ്മീരിന്റെ ആദ്യ വനിത ഫുട്‌ബോൾ ടീമിന്റെ ക്യാപ്റ്റനും ഗോൾകീപ്പറുമാണ് അഫ്ഷാൻ ആഷിഖ്. 23 കാരിയായ അഫ്ഷാൻ കശ്മീർ താഴ്‌വരയിലെ അസംതൃപ്തരായ അസംഖ്യം വിദ്യാർഥികളുടെയും യുവാക്കളുടെയും മാറ്റങ്ങളിലേക്കുള്ള വഴിയിലെ ഉത്തമ മാതൃക കൂടിയാണ്. 
ടീം അംഗങ്ങൾക്കൊപ്പം ദൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനെ കാണാനെത്തിയ അഫ്ഷാൻ പറഞ്ഞത് കഴിഞ്ഞ കാലങ്ങളിലേക്ക് ഇനി തിരിഞ്ഞു നോക്കുന്നില്ലെന്നാണ്. ജീവിതം അടിമുടി മാറിയിരിക്കുന്നു. ജീവിതത്തിൽ നേട്ടങ്ങൾ സ്വന്തമാക്കുന്ന ഒരു വ്യക്തിയായി മാറണം. അതിലൂടെ സംസ്ഥാനത്തിനും രാജ്യത്തിനും അഭിമാനമായി മാറണമെന്നുമാണ് അഫ്ഷാൻ പറഞ്ഞത്. 


കല്ലേറിന്റെ മുഖചിത്രമായി താൻ മാറിയ ദിവസത്തെക്കുറിച്ച് അഫ്ഷാൻ പറയുന്നത് ഇങ്ങനെയാണ്: കഴിഞ്ഞ ഏപ്രിൽ 15 നു താനും ടീം അംഗങ്ങളും പരിശീലനത്തിനു പുതിയ ഉപകരണങ്ങൾ വാങ്ങുന്ന കാര്യം പറയാൻ ഉദ്യോഗസ്ഥരെ കാണാൻ ഇറങ്ങിയതാണ്. എന്നാൽ വഴിയിൽ ജമ്മു കശ്മീർ പോലീസ് തടഞ്ഞ് അപമര്യാദയായി പെരുമാറാൻ തുടങ്ങി. ഒപ്പമുണ്ടായിരുന്ന പെൺകുട്ടികളെ പോലീസുകാർ ശാരീരികമായും ഉപദ്രവിക്കാൻ തുടങ്ങി. ഇതോടെ ഗതികെട്ടാണു ടീം അംഗങ്ങൾ ഉൾപ്പെടെ അവിടെയുണ്ടായിരുന്നു യുവാക്കളെല്ലാം പോലീസിനു നേരെ തിരിഞ്ഞത്. അവർ പോലീസിനു നേരെ കല്ലെടുത്തെറിഞ്ഞു.

തങ്ങളുടെ പ്രതിഷേധത്തിന് താഴ്‌വരയിൽ പതിവായി നടക്കാറുള്ള കല്ലേറുമായി യാതൊരു ബന്ധവും ഇല്ലായിരുന്നു. അന്നല്ലാതെ മറ്റൊരിക്കലും തങ്ങൾ കല്ലെറിയാനോ മറ്റു പ്രതിഷേധത്തിനോ പോയിട്ടില്ല. അന്നു കല്ലെറിയേണ്ടി വന്നതിൽ വിഷമമുണ്ട്. എന്നാൽ തങ്ങളുടെ ടീമംഗങ്ങളുടെ അന്തസ്സിനും അഭിമാന സംരക്ഷണത്തിനും വേണ്ടി നടത്തിയ പ്രതിഷേധം എന്ന നിലക്കു കുറ്റബോധമില്ലെന്നും അഫ്ഷാൻ പറഞ്ഞു. 
അന്നേദിവസം താഴ്‌വരയിൽ ഇത്തരത്തിൽ നിരവധി പ്രതിഷേധങ്ങൾ ഉണ്ടായെങ്കിലും അഫ്ഷാൻ കല്ലെറിയുന്ന ചിത്രമായിരുന്നു വിവിധ മാധ്യമങ്ങളിൽ വന്നത്. യുവ ഫുട്‌ബോൾ താരം കല്ലെറിയാൻ നേതൃത്വം നൽകുന്നു എന്ന അടിക്കുറിപ്പോടെയാണ് ചിത്രവും വാർത്തയും പ്രചരിച്ചത്.

ചിത്രം അഫ്ഷാനെ ഒരേ തരത്തിൽ പ്രശസ്തയും കുപ്രസിദ്ധയുമാക്കി. നിയമ നടപടി നേരിടേണ്ടി വരുമെന്ന് മാതാപിതാക്കൾ ഭയന്നു. ഒരു മാസത്തോളം ഫുട്‌ബോൾ പരിശീലനത്തിൽ നിന്നു വിട്ടുനിന്നു. ജീവിതത്തിൽ ഒരിക്കൽ മാത്രമേ കല്ലെടുത്തെറിഞ്ഞിട്ടുള്ളൂ എങ്കിലും തന്റെ ഐഡന്റിറ്റി തന്നെ കല്ലേറുകാരി എന്ന നിലയിൽ ആയിപ്പോയെന്ന് അഫ്ഷാൻ പറഞ്ഞു. ഒരു ബിരുദ വിദ്യാർഥിയും ഫുട്‌ബോൾ താരവും ആയിട്ടും മാധ്യമങ്ങൾ കല്ലേറുകാരി എന്ന നിലയിലാണ് പ്രചരിപ്പിച്ചതെന്നും അഫ്ഷാൻ ചൂണ്ടിക്കാട്ടി. ഒരു പിന്തുണയും കിട്ടാതിരുന്നിട്ടും കഠിന പരിശ്രമത്തിലൂടെയും പരിശീലനത്തിലൂടെയും ഫുട്‌ബോളിലൂടെ അന്താരാഷ്ട്ര തലത്തിൽ വരെ എത്താൻ കഴിഞ്ഞുവെന്നും അഫ്ഷാൻ അഭിമാനത്തോടെ പറഞ്ഞു. ഇപ്പോൾ കശ്മീർ ഫുട്‌ബോൾ ടീമിന്റെ ക്യാപ്റ്റനായ അഫ്ഷാൻ ദേശീയ തലത്തിലും ഇന്ത്യൻ വനിത ലീഗിലും ശ്രദ്ധേയമായ താരമാണ്. മുംബൈ ക്ലബിനു വേണ്ടിയും കളിക്കുന്നുണ്ട്. പട്യാലയിലെ ദേശീയ കായിക ഇൻസ്റ്റിറ്റിയൂട്ടിൽ നിന്നാണ് അഫ്ഷാൻ പരീശീലനം നേടിയത്. അഫ്ഷാന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ബോളിവുഡിൽ ഒരു സിനിമയും ഒരുങ്ങുന്നുണ്ട്. അന്നു കല്ലെറിഞ്ഞ അതേ കൈകൾ കൊണ്ടു തന്നെയാണ് ഇപ്പോൾ അഫ്ഷാൻ തന്റെ ഗോൾ പോസ്റ്റിലേക്കു വരുന്ന ഉഗ്രൻ ഷോട്ടുകൾ തടുത്തു നിർത്തുന്നതിൽ മിടുക്കു കാണിക്കുന്നത്. 

രാജ്‌നാഥുമായുള്ള കൂടിക്കാഴ്ചയിൽ രാഷ്ട്രീയം കടന്നു വന്നോ എന്ന ചോദ്യത്തിന് താഴ്‌വരയിൽ യുവാക്കൾ എന്തുകൊണ്ടാണു ഭീകര പ്രവർത്തനങ്ങളിലേക്കു പോകുന്നതെന്ന് മന്ത്രി ചോദിച്ചുവെന്ന് അഫ്ഷാൻ പറഞ്ഞു. തങ്ങൾ കായിക താരങ്ങളാണെന്നും എങ്ങനെയാണ് ഭീകരർ ഉണ്ടാകുന്നതെന്ന് തങ്ങളോടു ചോദിക്കരുതെന്നുമായിരുന്നു നൽകിയ മറുപടി. കശ്മീരിൽ കായിക രംഗത്തെ പ്രോത്സാഹിപ്പിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളൊന്നും തന്നെയില്ലെന്ന് രാജ്‌നാഥിന്റെ ശ്രദ്ധയിൽ പെടുത്തി. മന്ത്രി ഉടൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ ഫോണിൽ വിളിച്ച് വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്തു. 

കൂടിക്കാഴ്ചയ്ക്കു ശേഷം കശ്മീരിന്റെ ഊർജസ്വലരായ വനിത ഫുട്‌ബോൾ ടീം അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് രാജ്‌നാഥ് സിംഗ് ട്വിറ്ററിൽ കുറിച്ചത്. ഈ പെൺകുട്ടികൾ പുതിയ തലമുറയ്ക്കു മാതൃകയും ഉദാഹരണവും ആണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. അതിർത്തി മേഖലയിൽ കായിക രംഗത്തിനു ലഭിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ വളരെ മോശമാണെന്ന് ടീം മാനേജർ ത്സെറിംഗ് ആംഗ്മോ ചൂണ്ടിക്കാട്ടി. ഇത്തരം കാര്യങ്ങളിൽ സംസ്ഥാന, കേന്ദ്ര സർക്കാരുകൾ കൂടുതൽ ശ്രദ്ധ പതിപ്പിച്ചാൽ യുവാക്കൾ മറ്റു പ്രശ്‌നങ്ങളിൽ നിന്ന് അകന്നു നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Latest News