കുവൈത്ത് സിറ്റി- കുവൈത്തില്‍ 2020 മാര്‍ച്ച് 10 മുതല്‍ 2021 മാര്‍ച്ച് 15 വരെയുള്ള കാലയളവില്‍ കുവൈത്തില്‍ കാലഹരണപ്പെട്ടത് 20,000 റെസിഡന്‍സ് പെര്‍മിറ്റുകള്‍. 20 വ്യത്യസ്ത രാജ്യങ്ങളിലെ പ്രവാസികളുടെ വിസകളാണ് കാലഹരണപ്പെട്ടത്. വിസ റദ്ദായവരില്‍ ഏറെയും ഈജിപ്ഷ്യന്‍ പൗരന്മാരാണ്. തൊട്ടുപിന്നില്‍ ഇന്ത്യക്കാരും മൂന്നാം സ്ഥാനത്ത് ശ്രീലങ്കന്‍ സ്വദേശികളുമാണ്.
കോവിഡ് വ്യാപനത്തിന്റെ കാലത്ത് യാത്രാ വിലക്ക് പ്രഖ്യാപിച്ചതോടെ ആറു മാസത്തേക്ക് വിദേശത്തുള്ളവര്‍ക്ക് ഇളവ് നല്‍കിയിരുന്നു. എന്നാല്‍ ഈ കാലാവധി കഴിഞ്ഞിട്ടും കുവൈത്തില്‍ തിരിച്ചെത്താന്‍ കഴിയാത്തവരുടെ വിസകളാണ് റദ്ദായത്. ആറു മാസം കഴിഞ്ഞിട്ടും വന്നില്ലെങ്കില്‍ സ്വാഭാവികമായും വിസ ക്യാന്‍സലാകുമെന്ന് നേരത്തെയുള്ള അറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു.
1,40,000 പ്രവാസികള്‍ക്കാണ് കോവിഡ് ബാധിച്ച ആദ്യഘട്ടത്തില്‍തന്നെ കുവൈത്തില്‍ ജോലി നഷ്ടമായത്. ഇതില്‍ 39 ശതമാനവും ഗാര്‍ഹിക തൊഴിലാളികളാണ്. കമ്പനികള്‍ അടച്ചുപൂട്ടിയതാണ് മിക്കവര്‍ക്കും ജോലി നഷ്ടപ്പെടാനുണ്ടായ കാരണം. 60 വയസ്സു കഴിഞ്ഞവര്‍ക്കും ഡിഗ്രി സര്‍ട്ടിഫിക്കറ്റില്ലാതെ വലിയ ജോലികള്‍ ചെയ്യുന്നവര്‍ക്കും നേരത്തെ തന്നെ വിസ റദ്ദാക്കിയിരുന്നു. ഇങ്ങനെയും നിരവധി പേര്‍ക്ക് കുവൈത്തില്‍നിന്ന് മടങ്ങേണ്ടി വന്നു.