യു.എ.ഇയില്‍ കോവിഡ് ടെസ്റ്റിന് ഇനി മൊബൈല്‍ യൂനിറ്റുകള്‍

അജ്മാന്‍- കോവിഡ് റാപ്പിഡ് ടെസ്റ്റിന് മൊബൈല്‍ യൂനിറ്റുകളുമായി യു.എ.ഇ. അജ്മാനില്‍ ഇതിനുള്ള സൗകര്യം ആരംഭിച്ചു. വലിയ വാഹനത്തില്‍ പ്രത്യേക പ്രദേശങ്ങളില്‍ തമ്പടിച്ചാണ് കോവിഡ് ടെസ്റ്റിന് സാമ്പിള്‍ ശേഖരിക്കുക. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ ആരോഗ്യ മന്ത്രാലയമാണ് മൊബൈല്‍ യൂനിറ്റുകള്‍ ആരംഭിക്കുന്നത്. ശൈഖ ഫാത്തിമ ബിന്‍ത് മുബാറക് വളണ്ടിയറിംഗ് പ്രോഗ്രാമിന്റെ സഹകരണത്തോടെയാണ് സമൂഹത്തിലെ എല്ലാവരിലേക്കും കോവിഡ് പരിശോധന എത്തിക്കാന്‍ നടപടി സ്വീകരിച്ചത്. കോവിഡ് വ്യാപനം തടയുകയാണ് റാപ്പിഡ് പരിശോധനയുടെ ലക്ഷ്യം.
12 മൊബൈല്‍ യൂനിറ്റുകളുടെ ഉദ്ഘാടനമാണ് പ്രഥമഘട്ടത്തില്‍ പൂര്‍ത്തിയായത്. അജ്മാന്‍ പോലീസ് കമാണ്ടര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല അല്‍നുഐമി പദ്ധതി ഉദ്ഘാടനം ചെയ്തു. വാക്‌സിനേഷനും രോഗം കണ്ടെത്തുന്നതിനും ഈ യൂനിറ്റുകള്‍ ഉപയോഗിക്കും. മൊബൈല്‍ യൂനിറ്റുകളുമായി രംഗത്തിറങ്ങിയ ആരോഗ്യ അതോറിറ്റിയെ അല്‍നുഐമി അഭിനന്ദിച്ചു. നിരവധി പ്രമുഖ വ്യക്തിത്വങ്ങള്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ചാണ് മൊബൈല്‍ യൂനിറ്റ് കോവിഡ് പരിശോധന നടത്തുക. അതിനുള്ള ജീവനക്കാരും വാഹനങ്ങളും സജ്ജമാണ്. രാജ്യത്തുനിന്ന് കോവിഡ് നിര്‍മാര്‍ജനം ചെയ്യാന്‍ എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ചു നില്‍ക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

 

Latest News