നല്ല സ്ഥാനാർഥി പട്ടികയുടെ ഗുണഫലം അനുഭവിക്കാനാകാതെ കോൺഗ്രസ്‌


കോഴിക്കോട് - തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തെ കാത്തിരിക്കുന്നത് പാർട്ടിക്കുള്ളിൽ നിന്നുള്ള രൂക്ഷ വിമർശനം. ജയിച്ചാൽ എം.എൽ.എമാരും ഘടകകക്ഷികളും തീരുമാനങ്ങൾ കൈക്കൊള്ളും. അധികാരം ലഭിച്ചില്ലെങ്കിൽ വിമർശനം കടുക്കും. യുവാക്കൾക്കും സ്ത്രീകൾക്കും മികച്ച പ്രാതിനിധ്യം നൽകിയ സ്ഥാനാർഥി പട്ടികയായിട്ടും അതിന്റെ നേട്ടം ഒട്ടും കിട്ടിയില്ല. സ്ഥാനാർഥിത്വം കിട്ടാത്തതിന് തല മുണ്ഡനം ചെയ്ത ലതികാ സുഭാഷ് കലം ഉടച്ചു. അതിന് പിന്നാലെയാണ് പി.സി. ചാക്കോ, റോസക്കുട്ടി ടീച്ചർ എന്നിവരുടെ രാജി. പി.ജെ. കുര്യൻ, കെ.വി. തോമസ് തുടങ്ങി അസംതൃപ്തർ ഏറെയാണ്. എല്ലാവരും ദീർഘകാലമായി പാർട്ടിയിലും അധികാരത്തിലും അവസരങ്ങൾ നന്നായി കിട്ടിയവരാണ്. 


കെ. മുരളീധരനും കെ. സുധാകരനും നേതൃത്വത്തിന് നേരെയുള്ള വിമർശനങ്ങൾ ഒളിഞ്ഞും തെളിഞ്ഞും തുടരുകയാണ്. ഇപ്പോൾ വർക്കിംഗ് പ്രസിഡന്റായ കെ. സുധാകരൻ കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തേക്ക് വരുമെന്ന് പ്രതീക്ഷിച്ചതാണ്. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നിയമസഭയിലേക്ക് മത്സരിക്കുകയാണെങ്കിൽ സുധാകരന് ആ സ്ഥാനത്തേക്ക് വരാമായിരുന്നു. സുധാകരന്റെ വരവിനെ മറ്റുള്ളവരെല്ലാവരും ഭയക്കുന്നു. പ്രത്യേകിച്ച് രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും. പാർട്ടിയെ സമ്മർദത്തിലാക്കുന്ന വിമർശനങ്ങൾക്ക് ഒരുമ്പെടുന്നില്ലെങ്കിലും വി.എം. സുധീരനും വെറുതെയിരിക്കില്ല. വി.ഡി. സതീശനും നേതൃത്വത്തിന് നേരെ അതൃപ്തിയുള്ളയാളാണ്. 
സുധാകരനും മുരളിക്കും അനുയായികൾ ഉണ്ടെങ്കിൽ മുല്ലപ്പള്ളിക്ക് സ്വന്തമായി അനുയായി വൃന്ദം ഇല്ല. എ, ഐ ഗ്രൂപ്പുകളുടെ ഭാഗമല്ല എന്നതാണ് മുല്ലപ്പള്ളിയെ പ്രസിഡന്റ് സ്ഥാനത്തേക്ക് നിയോഗിക്കാൻ കാരണമായത്. 


ഇപ്പോൾ പാർട്ടി വിട്ടവരെല്ലാം അധികാരം കിട്ടാതായപ്പോൾ മാത്രം കെറുവിച്ചിവരാണെന്നത് ശരിയാകുമ്പോൾ തന്നെ ഇവരുടെ കൂട്ടത്തോടെയുള്ള ഒഴിഞ്ഞുപോക്കും വിമർശനവും പാർട്ടിയെയും മുന്നണിയെയും ബാധിക്കും. ദീർഘകാലം ലോക്‌സഭയിലും രാജ്യ സഭയിലും നിയമസഭയിലും ഇരുന്നവരാണ് പി.ജെ. കുര്യൻ, കെ.വി. തോമസ്, പി.സി. ചാക്കോ എന്നിവർ. പി.സി. ചാക്കോ എൻ.സി.പി.യിലെ പഴയ ലാവണം തേടിപ്പോയപ്പോൾ റോസക്കുട്ടി ശോഭനാ ജോർജിന്റെയും ശാഹിദാ കമാലിന്റെയും പാതയാണ് തേടിയത്. 
ദേശീയ തലത്തിലും കോൺഗ്രസ് ഈ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നുണ്ട്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും തൊട്ടു മുമ്പ് നടന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പുകളിലും പുതിയ നേതൃത്വത്തെ വാഴിക്കാനുള്ള രാഹുലിന്റെ ശ്രമം മുതിർന്നവർ വെട്ടി. മധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യയെ മുഖ്യമന്ത്രിയാക്കാനായിരുന്നു രാഹുലിന്റെ പദ്ധതിയെങ്കിൽ കമൽനാഥ് വിട്ടുവീഴ്ചക്കില്ലായിരുന്നു. രാജസ്ഥാനിൽ ഗെഹ്‌ലോട്ടും ഇതേ വഴിയിൽ. 
യുവാക്കൾക്ക് അവസരം നൽകിയതോടെ നിരാശരായ മുതിർന്ന നേതാക്കൾ കേരളത്തിലെ എല്ലാ ജില്ലകളിലുമുണ്ട്. പാലക്കാട് ഗോപിനാഥ് റിബൽ ഭീഷണി മുഴക്കിയതാണ്. തൃശൂരിലും പത്തനംതിട്ടയിലും കോഴിക്കോട്ടും വയനാട്ടിലും എല്ലാം മുതിർന്നവരുടെ കലാപം ഉണ്ട്. 


 

Latest News