തവനൂർ മണ്ഡലം അപ്രതീക്ഷിതമായുണ്ടായ ഒരു പേരാട്ടത്തിന്റെ ആവേശത്തിലാണ്. യു.ഡി.എഫിന് ഒരിക്കലും പിടിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ലാത്ത ഈ മണ്ഡലം ജനശ്രദ്ധനേടുന്നത് മന്ത്രിയും കേരള രാഷ്ട്രീയത്തിലെ ജയന്റ് കില്ലർമാരിൽ ഒരാളുമായ കെ.ടി. ജലീലും ലോകമലയാളികൾക്കിടയിൽ അറിയപ്പെടുന്ന ചാരിറ്റി ഹീറോ ആയ ഫിറോസ് കുന്നംപറമ്പിലും തമ്മിലുള്ള മത്സരത്തിന് അരങ്ങൊരുങ്ങിയതോടെയാണ്. മണ്ഡലത്തിലെ സിറ്റിംഗ് എം.എൽ.എയാണ് കെ.ടി. ജലീൽ. കോൺഗ്രസിന് ലഭിച്ചിട്ടുള്ള സീറ്റിൽ ആരെ മത്സരിപ്പിക്കുമെന്നറിയാതെ അവർ കുഴങ്ങുമ്പോഴാണ് മുസ്ലിം ലീഗിന്റെ കൂടി ശക്തമായ പിന്തുണയുള്ള ഫിറോസ് കുന്നംപറമ്പിലിനെ കണ്ടെത്തിയത്.
മുസ്ലിം യൂത്ത് ലീഗിന്റെ പഴയ സംസ്ഥാന നേതാവായ കെ.ടി. ജലീൽ പാർട്ടി വിട്ട് ഇടതുസ്ഥാനാർഥിയായി മത്സരിച്ച് 2006 ൽ മുസ്ലിം ലീഗിന്റെ പ്രമുഖ നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്തി കേരള രാഷ്ട്രീയത്തിൽ ജയന്റ് കില്ലറായി മാറിയതിന് ശേഷം പരാജയമെന്തെന്ന് അറിഞ്ഞിട്ടില്ല. 2011 ൽ തവനൂർ മണ്ഡലത്തിലെ ആദ്യ തെരഞ്ഞെടുപ്പിൽ വിജയിച്ച അദ്ദേഹം 2016 ലും വിജയം ആവർത്തിച്ചു. ഹാട്രിക് വിജയത്തിനാണ് ഇത്തവണ തവനൂരിലെ പോരാട്ടം. നിലവിൽ സംസ്ഥാന മന്ത്രി സഭയിൽ അംഗമാണ്. എം.എസ്.എഫിലൂടെ പൊതുപ്രവർത്തനം തുടങ്ങിയ ജലീൽ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് യൂനിയൻ ചെയർമാൻ, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി, മലപ്പുറംജില്ലാ പഞ്ചായത്ത് മെമ്പർ, മാർകോടെക്സ് ഡയറക്ടർ തുടങ്ങി വിവിധ പദവികൾ വഹിച്ചിട്ടുണ്ട്.
37 കാരനായ ഫിറോസ് കുന്നംപറമ്പിലിന് ഉയർത്തി കാട്ടാൻ വലിയ രാഷ്ട്രീയ പാരമ്പര്യമൊന്നില്ല. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഉഴിഞ്ഞവെച്ചതാണ് ജീവിതം. സ്കൂൾ പഠനത്തിന് ശേഷം ഹോട്ടൽ തൊഴിലാളിയും ഓട്ടോ ഡ്രൈവറും പിന്നീട് മൊബൈൽ കടയിലെ ജോലിക്കാരനുമായി. ജീവകാരുണ്യ പ്രവർത്തനത്തിൽ ചെറുപ്പത്തിലേ തൽപരനായിരുന്നു. പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിയാണ് പ്രസിദ്ധനായത്. ചെറുപ്പത്തിൽ കെ.എസ്.യുക്കാരനായും യൂത്ത് കോൺഗ്രസുകാരനായും പിന്നീട് യൂത്ത് ലീഗുകാരനായും പ്രവർത്തിച്ച ഫിറോസ് ചാരിറ്റി പ്രവർത്തനത്തിലേക്കു തിരിയുകയായിരുന്നു. മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള രാജീവ് ഗാന്ധി യൂത്ത് ഫൗണ്ടേഷൻ പുരസ്കാരം, സോഷ്യൽ മീഡിയ ഐക്കൺ, ഡോ. എ.പി.ജെ. അബ്ദുൽ കലാം പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. പാലക്കാട് ആലത്തിയൂർ സ്വദേശിയാണ്.
ബി.ഡി.ജെ.എസ് നേതാവും പെരിന്തൽമണ്ണയിലെ ബിസിനസുകാരനുമായ രമേഷ് കോട്ടയപ്പുറത്താണ് തവനൂരിൽ എൻ.ഡി.എക്ക് വേണ്ടി മത്സരിക്കുന്നത്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ യൂത്ത്വിംഗ് ജില്ലാ വൈസ് പ്രസിഡന്റ്. ടെക്സ്റ്റയിൽ ഡീലേഴ്സ് അസോസിയേഷൻ പെരിന്തൽമണ്ണ സ്ഥാപക ജനറൽ സെക്രട്ടറി, ജൂനിയർ ചേമ്പർ ചെയർമാൻ, ലയൺസ് ക്ലബ് സെക്രട്ടറി, വിവിധ ക്ഷേത്രങ്ങളുടെ ഭരണസമിതി അംഗം, എസ്.എൻ.ഡി.പി യോഗം ബോർഡ് മെമ്പർ, യൂത്ത്മൂവ്മെന്റ് കേന്ദ്രസമിതി ഓർഗനൈസർ, ബി.ഡി.ജെ.എസ് മലപ്പുറം ജില്ലാ സംഘടന ജനറൽ സെക്രട്ടറി എന്നീ പദവികൾ വഹിക്കുന്നു.
തവനൂർ മണ്ഡലത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് 68,179,യു.ഡിഎഫിന് 51,115, എൻ.ഡി.എക്ക് 15,801 എന്നിങ്ങിനെ വോട്ടുകളാണ് ലഭിച്ചത്.






