തിരൂർ മണ്ഡലത്തിലെ പ്രധാന മത്സരം മുൻ പ്രവാസിയായ വ്യവസായ പ്രമുഖനും മലപ്പുറം ജില്ലയിലെ അറിയപ്പെടുന്ന സഹകാരിയും തമ്മിലാണ്. യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റായ തിരൂർ നിലനിർത്താൻ മുസ്‌ലിം ലീഗ് രംഗത്തിറക്കിയിരിക്കുന്നത് പ്രുമുഖ സഹകാരിയായ കുറുക്കോളി മൊയ്തീനെയാണ്. ആദ്യമായാണ് അദ്ദേഹം നിയമസഭയിലേക്ക് മത്സരിക്കുന്നത്. എം.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് തുടങ്ങി പാർട്ടിയുടെ വിവിധ പദവികൾ വഹിച്ചു. ജില്ലാ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, വളവനൂർ സഹകരണ ബാങ്ക് പ്രസിഡന്റ്, താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, കൽപകഞ്ചേരി ഗവ. വൊക്കേഷനൽ ഹയർ സെക്കന്ററി സ്‌കൂൾ പി.ടി.എ പ്രസിഡന്റ്, കടുങ്ങാത്തുകുണ്ട് ക്രസന്റ് സെന്റർ ഉപദേശക സമിതി അംഗം സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
സ്വതന്ത്ര കർഷകസംഘം സംസ്ഥാന പ്രസിഡന്റ്, സ്വതന്ത്ര കർഷകൻ ദൈ്വമാസിക എഡിറ്റർ, പാറയിൽ മഹല്ല് വൈസ് പ്രസിഡന്റ്, ഇസ്‌ലാഹുൽ വിൽദാൻ മദ്രസ പ്രസിഡന്റ്, വളവന്നൂർ സി.എച്ച്.സിയിൽ പ്രവർത്തിക്കുന്ന കമ്യൂണിറ്റി ഡയാലിസിസ് സെന്റർ കൺവീനർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
ഇടതുസ്ഥാനാർഥിയായ അഡ്വ. ഗഫൂർ പി. ലില്ലീസ് നിർമാണ മേഖലയിലെ പ്രമുഖ സ്ഥാപനത്തിന്റെ ഉടമയും നിരവധി പ്രവാസി സംഘടനകളുടെ ഭാരവാഹിയുമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും തിരൂരിൽ ഇടതുസ്ഥാനാർഥിയായിരുന്നു. പൊന്നാനി എം.ഇ.എസ് കോളേജിലെ പഠനകാലത്ത് എസ്.എഫ്.ഐയിൽ മത്സരിച്ച് കോളേജ് യൂനിയൻ ചെയർമാനായി. 19 വർഷം യു.എ.ഇയിൽ പ്രവാസ ജീവിതം. അബുദാബിയിലെ ഇടതുപക്ഷ സമിതികളിൽ സജീവമായിരുന്നു.
ശക്തി തിയേറ്റർ, കേരള സോഷ്യൽ സെന്റർ, അബൂദാബി മലയാളം സമാജം എന്നിവയിൽ പ്രവർത്തിച്ചു. ടീം തിരൂർ യു.എ.ഇ പ്രവാസി സംഘടനയുടെ അബുദാബി കമ്മിറ്റി സെക്രട്ടറി, യു.എ.ഇ കമ്മിറ്റി ജനറൽ സെക്രട്ടറി, തിരൂർ സ്‌പോർട്‌സ് അക്കാദമി (സാറ്റ്) ഭാരവാഹി, സി.പി.എം തിരൂർ ലോക്കൽ കമ്മിറ്റിയംഗം കേരള പ്രവാസി സംഘം മലപ്പുറം ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗം, ലോക കേരള സഭാംഗം, കേരള സ്‌റ്റേറ്റ് പ്രവാസി ക്ഷേമ സഹകരണ സംഘം സെക്രട്ടറി, തിരൂർ ബ്ലോക്ക് പ്രവാസി ക്ഷേമ സഹകരണ സംഘം ഡയറക്ടർ എന്നി നിലകളിലും പ്രവർത്തിച്ചു. എം.ബി.എയും എൽ.എൽ.ബിയുമുള്ള അദ്ദേഹം തിരൂർ കോടതിയിലെ അഭിഭാഷകനുമാണ്.
തിരൂർ മണ്ഡലത്തിൽ എൻ.ഡി.എ രംഗത്തിറക്കിയിരിക്കുന്നത് പ്രമുഖനായ ഒരു മുസ്‌ലിം സ്ഥാനാർഥിയെയാണ്. കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറായ ഡോ. എം. അബ്ദു സലാം ബി.ജെ.പിയുടെ സ്ഥാനാർഥിയായെത്തിയത് രാഷ്ട്രീയ രംഗത്ത് ചർച്ചയായിട്ടുണ്ട്. മുസ്‌ലിം ലീഗിന്റെ പിന്തുണയോടെയാണ് അദ്ദേഹം കാലിക്കറ്റ് വാഴ്‌സിറ്റി വൈസ് ചാൻസലറായത്. കുറച്ചു വർഷങ്ങളായി ബി.ജെ.പിയുമായി അടുപ്പത്തിലാണ്. കൊല്ലം ജില്ലയിലെ ചടയമംഗലമാണ് സ്വദേശം. തിരുവനന്തപുരം കാർഷിക കോളേജിൽ അസി. പ്രൊഫസറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറായാണ് വിമരിച്ചത്. അക്കാദമിക്, ഗവേഷണ, കമ്യൂണിറ്റി സർവീസ് രംഗത്ത് അറിയപ്പെടുന്ന വ്യക്തിത്വമാണ്.
തിരൂരിൽ കഴിഞ്ഞ തവണ യു. ഡി.എഫിന് 73,432. എൽ.ഡി.എഫിന് 66,371, എൻ.ഡി.എക്ക് 9083 വോട്ടുകളാണ് ലഭിച്ചത്.






