Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അലി സാലിഹിന്റെ മയ്യിത്ത് രഹസ്യമായി മറവു ചെയ്തു


സൻആ - മുൻ യെമൻ പ്രസിഡന്റ് അലി സാലിഹിന്റെ മയ്യിത്ത് രാത്രിയുടെ മറവിൽ രഹസ്യമായി മറവു ചെയ്തതായി സ്ഥിരീകരണം. ഔദ്യോഗിക ബഹുമതികളോ ചടങ്ങുകളോ ഇല്ലാതെയാണ് സൻആയിലെ അൽശുഹദാ ഖബർസ്ഥാനിൽ ചൊവ്വാഴ്ച രാത്രി ഹൂത്തികൾ അലി സാലിഹിന്റെ മയ്യിത്ത് മറവു ചെയ്തത്. അകന്ന ബന്ധുക്കളിൽ പെട്ട ഏതാനും പേരും അലി സാലിഹിന്റെ ജന്മസ്ഥലമായ സൻഹാനിൽ നിന്നുള്ള വളരെ കുറച്ചു പേരും മാത്രമാണ് അനന്തര ചടങ്ങിൽ സംബന്ധിച്ചത്. മൊബൈൽ ഫോണുകൾ കൈവശം വെക്കുന്നതിൽ നിന്ന് ഇവരെ ഹൂത്തികൾ വിലക്കി. സ്വന്തം കുടുംബത്തിൽ നിന്നുള്ള അഞ്ചു പേർ മാത്രമാണ് അനന്തര ചടങ്ങിൽ സംബന്ധിച്ചത്. വിളക്കിന്റെ വെളിച്ചത്തിൽ അതീവ രഹസ്യമായാണ് മയ്യിത്ത് മറവു ചെയ്തതെന്ന് അനന്തര ചടങ്ങിൽ പങ്കെടുത്തവരിൽ ഒരാൾ പറഞ്ഞു. മയ്യിത്ത് മറവു ചെയ്യുന്ന സമയം പരസ്യപ്പെടുത്തരുത്, ജനകീയ വിലാപയാത്ര നടത്തരുത്, അൽസാലിഹ് മസ്ജിദ് കോംപൗണ്ടിൽ മറവു ചെയ്യരുത് എന്നിവ അടക്കം അലി സാലിഹിന്റെ മയ്യിത്ത് വിട്ടുകൊടുക്കുന്നതിന് ഹൂത്തികൾ ഏതാനും വ്യവസ്ഥകൾ വെച്ചിരുന്നു. സൻആ അൽസാലിഹ് മസ്ജിദ് കോംപൗണ്ടിൽ തന്നെ ഖബറടക്കണമെന്ന് അലി സാലിഹ് നേരത്തെ ഒസ്യത്ത് ചെയ്തിരുന്നു. 
അതേസമയം, അലി സാലിഹിന്റെ വധത്തിന് ഇറാൻ പിന്തുണയുള്ള ഹൂത്തികളോട് പ്രതികാരം ചെയ്യുന്നതിന് പുത്രൻ സലാഹ് സാലിഹ് മുഴുവൻ യെമനികളോടും ആവശ്യപ്പെട്ടു. ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളും കേന്ദ്രങ്ങളും തിരിച്ചുപിടിക്കുന്നതിന് പോരാട്ടം നടത്തുന്നതിനും സലാഹ് സാലിഹ് ആവശ്യപ്പെട്ടു. ചതിക്കും വഞ്ചനക്കുമാണ് പിതാവ് വിധേയനായത്. പിതാവിന്റെ ഘാതകരോട് പ്രതികാരം ചെയ്യാതെ പിതാവിന്റെ വിയോഗത്തിൽ കുടുംബം അനുശോചനം സ്വീകരിക്കില്ലെന്നും സലാഹ് സാലിഹ് പറഞ്ഞു. 
അലി സാലിഹിനെ വധിച്ച സ്ഥലവുമായും വധിച്ച രീതിയുമായും ബന്ധപ്പെട്ട് വ്യത്യസ്ത റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. സ്വന്തം വീട്ടിൽ വെച്ചാണ് അലി സാലിഹ് കൊല്ലപ്പെട്ടത് എന്നതിന് തന്റെ പക്കൽ വ്യക്തമായ തെളിവുണ്ടെന്ന് യെമൻ പ്രതിരോധ മന്ത്രിയുടെ ഉപദേഷ്ടാവ് ബ്രിഗേഡിയർ യഹ്‌യ അബൂഹാതിം പറഞ്ഞു. സ്വന്തം അനുയായികൾ തന്നെ അലി സാലിഹിനെ ചതിക്കുകയായിരുന്നു. അലി സാലിഹ് കഴിയുന്ന സ്ഥലത്തെ കുറിച്ച് മുൻ പ്രസിഡന്റുമായി അടുത്ത വൃത്തങ്ങളിൽ ഒരാളും മുൻ യെമൻ പ്രതിരോധ മന്ത്രിയുമായ മേജർ ജനറൽ അബ്ദുൽമലിക് അൽസയാനി ആണ് ഹൂത്തികൾക്ക് വിവരം നൽകിയത്. അൽസയാനി ഹൂത്തി വിഭാഗക്കാരനാണ്. ഖത്തർ ഗൂഢാലോചനയുടെ അടിസ്ഥാനത്തിലാണ് അലി സാലിഹിനെ വകവരുത്തിയത്. സ്ഥിതിഗതികൾ ശാന്തമാക്കുന്നതിന് ഹൂത്തികൾ ആഗ്രഹിക്കുന്നതായി അറിയിച്ച് ഖത്തർ വഴി അൽസയാനി മുൻ പ്രസിഡന്റുമായി ആശയ വിനിമയം നടത്തിയിരുന്നു. ഇതിലൂടെ അലി സാലിഹ് കഴിയുന്ന സ്ഥലം അറിയുക എന്ന ഏക ലക്ഷ്യം മാത്രമാണ് അൽസയാനിക്കുണ്ടായിരുന്നത്. അലി സാലിഹിന്റെ നിരവധി അനുയായികൾ ഹൂത്തികളുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. അലി സാലിഹിന്റെ വീടിനു നേരെ ഹൂത്തികൾ രൂക്ഷമായ ഷെല്ലാക്രമണവും നടത്തിയിരുന്നു. ഒടുവിൽ അലി സാലിഹിനെ വളഞ്ഞ ഹൂത്തികൾ ശിരസ്സിന് നിറയൊഴിച്ചാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്നും ബ്രിഗേഡിയർ യഹ്‌യ അബൂഹാതിം പറഞ്ഞു. 
സൻഹാനിലേക്ക് രക്ഷപ്പെടുന്നതിനിടെയല്ല, മറിച്ച്, സൻആയിൽ അൽസിയാസി ഡിസ്ട്രിക്ടിലെ വീട്ടിൽ വെച്ചാണ് അലി സാലിഹിനെ ഹൂത്തികൾ കൊലപ്പെടുത്തിയതെന്ന് അലി സാലിഹിന്റെ മറ്റൊരു മകനായ അഹ്മദ് സാലിഹും പറഞ്ഞു. അലി സാലിഹിന്റെ അംഗരക്ഷകരിലും കുടുംബത്തിലും പെട്ട നിരവധി പേരെ കാണാതായിട്ടുണ്ട്. ഇവർക്ക് എന്താണ് സംഭവിച്ചത് എന്നറിയില്ലെന്നും അഹ്മദ് പറഞ്ഞു. ജന്മദേശമായ സൻഹാനിലേക്ക് രക്ഷപ്പെടുന്നതിനിടെയാണ് അലി സാലിഹ് കൊല്ലപ്പെട്ടതെന്നാണ് ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള മാധ്യമങ്ങൾ പ്രചരിപ്പിച്ചത്. 
ഏറ്റുമുട്ടലിൽ തങ്ങൾ പരാജയപ്പെടാൻ പോകുന്നതായി സഹായികൾ അറിയിച്ചതോടെ വെടിനിർത്തി കീഴടങ്ങുന്നതിന് അലി സാലിഹ് അംഗരക്ഷകരോട് ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ച അംഗരക്ഷകർ ആക്രമണം തുടർന്നു. പാറ്റൻ ടാങ്കുകൾ വരെ ഉപയോഗിച്ച് ഹൂത്തികൾ നടത്തിയ ആക്രമണത്തിൽ ഭൂരിഭാഗം പേരും കൊല്ലപ്പെട്ടു. അലി സാലിഹിനെയും സഹായികളെയും ഹൂത്തികൾ ബന്ദിയാക്കി. സഹായികളുടെ മുന്നിലിട്ട് അലി സാലിഹിനെ ഹൂത്തികൾ ക്രൂരമായി മർദിക്കുകയും കൈകാലുകൾ ബന്ധിക്കുകയും ചെയ്തു. ഇതിനു ശേഷമാണ് അലി സാലിഹിനെ വകവരുത്തുന്നതിനുള്ള കൽപന എത്തിയത്. സഹായികളുടെ മുന്നിലിട്ടു തന്നെ അലി സാലിഹിനെ സംഘം നിഷ്ഠുരമായി വധിക്കുകയായിരുന്നു. ഇതിനു ശേഷം മൃതദേഹം സൻആയിൽ നിന്ന് 30 കിലോമീറ്റർ ദൂരെ സയാൻ ഗ്രാമത്തിനു സമീപം ഫോർവീൽ കാറിൽ എത്തിച്ച് വീഡിയോ ചിത്രീകരിച്ച് പുറത്തുവിട്ട് രക്ഷപ്പെടുന്നതിനിടെയാണ് അലി സാലിഹ് കൊല്ലപ്പെട്ടതെന്നും സ്വന്തം ഗോത്രക്കാർ തന്നെ അലി സാലിഹിനെ കൈയൊഴിഞ്ഞതായും ഹൂത്തികൾ പ്രചരിപ്പിക്കുകയായിരുന്നു. 
ജനറൽ പീപ്പിൾസ് കോൺഗ്രസ് നേതാക്കൾ, റിപ്പബ്ലിക്കൻ ഗാർഡ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ, സാമൂഹിക നേതാക്കൾ എന്നിവരെ അറസ്റ്റ് ചെയ്യുന്നത് ഹൂത്തികൾ തുടരുകയാണ്. തങ്ങളെ എതിർക്കുന്ന മുഴുവൻ നേതാക്കളെയും പ്രമുഖരെയും അറസ്റ്റ് ചെയ്യുന്നതിനാണ് ഹൂത്തികൾ ശ്രമിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ടു വരെ മാത്രം സൻആയിൽ നിന്ന് 250 ലേറെ നേതാക്കളെ ഹൂത്തികൾ അറസ്റ്റ് ചെയ്തു. അലി സാലിഹുമായി അടുപ്പമുള്ളവരുടെ വീടുകൾ റെയ്ഡ് ചെയ്ത് വിലപിടിച്ച മുഴുവൻ വസ്തുക്കളും ഹൂത്തികൾ കൊള്ളയടിച്ചു. അറസ്റ്റ് ചെയ്തവരെ ഹൂത്തികൾ കൂട്ടത്തോടെ വധിക്കുന്നുമുണ്ട്. ബന്ദികളിൽ പെട്ട നൂറിലേറെ പാർട്ടി നേതാക്കളെയും സൈനിക, സുരക്ഷാ ഉദ്യോഗസ്ഥരെയും ഹൂത്തികൾ കൊലപ്പെടുത്തിയിട്ടുണ്ട്. സൻആയിൽ മാത്രമല്ല, മറ്റു പ്രവിശ്യകളിലും ജനറൽ പീപ്പിൾസ് കോൺഗ്രസ് പാർട്ടി നേതാക്കളെയും റിപ്പബ്ലിക്കൻ ഗാർഡ് ഉദ്യോഗസ്ഥരെയും ഹൂത്തികൾ തട്ടിക്കൊണ്ടുപോയിട്ടുണ്ട്. 



 

Latest News