ദല്‍ഹിയിലേക്ക് വരില്ല, വേണമെങ്കില്‍ കശ്മീരിലേക്ക് വരണം; ഇഡിക്ക് മെഹ്ബൂബയുടെ മറുപടി

ശ്രീനഗർ- കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി ദല്‍ഹിയിലേക്ക് വരാനാകില്ലെന്നും വേണമെങ്കില്‍ എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥർ കശ്മീരിലേക്ക് വരണമെന്നും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) പ്രസിഡന്റും  ജമ്മു കശ്മീർ മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി.

തിങ്കളാഴ്ച ദൽഹിയിൽ ഹാജരാകാൻ പിഡിപി മേധാവി മെഹബൂബ മുഫ്തിക്ക് മാർച്ച് 15 ന് ഇഡി സമൻസ് അയച്ചിരുന്നു.

ഏജൻസിയുടെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യാനായി ശ്രീനഗറിലേക്ക് വരികയോ വീഡിയോ കോൺഫറൻസിലൂടെ അതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയോ വേണമെന്ന് മെഹ്ബൂബ ഇഡിയെ അറിയിച്ചിരുന്നുവെന്ന് പിഡിപി വക്താവ് താഹിർ സഈദ് പറഞ്ഞു.

മെഹബൂബയ്ക്ക് നൽകിയ ഇഡി സമൻസ് സ്റ്റേ ചെയ്യാൻ കഴിഞ്ഞയാഴ്ച ദല്‍ഹി ഹൈക്കോടതിവിസമ്മതിച്ചിരുന്നു.

പ്രതി ആയാണോ സാക്ഷി ആയോണോ വിളിച്ചുവരുത്തുന്നതെന്ന് ഇഡി തന്നെ അറിയിച്ചിട്ടില്ലെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജിയിൽ മെഹ്ബൂബ പറഞ്ഞിരുന്നു.

രാഷ്ട്രീയ എതിരാളികളെ ഭയപ്പെടുത്തുന്നതിനും ഭീഷണിപ്പെടുത്തുന്നതിനുമുള്ള തന്ത്രങ്ങളുടെ ഭാഗമാണ് ഇഡി സമന്‍സെന്ന് നേരത്തെ  മെഹ്ബൂബ ആരോപിച്ചിരുന്നു.

 

Latest News