Sorry, you need to enable JavaScript to visit this website.

അമേരിക്കൻ എംബസി മാറ്റം:പശ്ചിമേഷ്യ എരിതീയിലേക്ക്

  • ട്രംപിന്റെ ജറൂസലം നീക്കത്തിനെതിരെ മുസ്‌ലിം ലോകം
  • ഫലസ്തീനിൽ പ്രക്ഷോഭം തെരുവിലേക്ക് പടരുന്നു
  • ലോകമെങ്ങും പ്രതിഷേധാഗ്നി

ബൈറൂത്ത് - ജറൂസലമിനെ ഇസ്രായിലിന്റെ തലസ്ഥാനമായി അംഗീകരിക്കാനും അമേരിക്കൻ എംബസി തെ അവീവിൽനിന്ന് ജറൂസലമിലേക്ക് മാറ്റാനുമുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ  പ്രഖ്യാപനം പശ്ചിമേഷ്യയിലുടനീളം സംഘർഷത്തിന്റെ പുതിയ അധ്യായങ്ങൾ രചിച്ചേക്കും. ഇക്കാര്യത്തിൽ ട്രംപ് ഇന്നലെ നടത്തിയ പ്രഖ്യാപനത്തിനെതിരെ മുസ്‌ലിം ലോകത്തുടനീളം പ്രതിഷേധമുയർന്നു കഴിഞ്ഞു. പശ്ചിമേഷ്യയിൽ മാത്രമല്ല, മുസ്‌ലിം സാന്നിധ്യമുള്ള എല്ലായിടത്തും അമേരിക്കക്കും ഇസ്രായിലിനുമെതിരെ വികാരം തിളക്കുകയാണ്.
അമേരിക്കയുമായി അടുത്ത ബന്ധം പുലർത്തുന്ന സൗദി അറേബ്യ ഇതിനകം തന്നെ ട്രംപിന്റെ പ്രസ്താവനയുണ്ടാക്കുന്ന ഭവിഷ്യത്തിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. പ്രസിഡന്റ് ട്രംപുമായി നേരിട്ട് ബന്ധപ്പെട്ടാണ് സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് ഇക്കാര്യം അറിയിച്ചത്. തെഹ്‌റാൻ മുതൽ അങ്കാറയും യുദ്ധകലുഷിതമായ സിറിയയും വരെ ട്രംപിന്റെ നീക്കത്തിനെതിരെ പ്രതിഷേധമറിയിച്ചു കഴിഞ്ഞു.
ജറൂസലമിനെ ഇസ്രായിലിന്റെ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള ട്രംപിന്റെ പ്രഖ്യാപനം അമേരിക്കൻ സഖ്യകക്ഷികളെത്തന്നെ രോഷാകുലരാക്കിയിട്ടുണ്ട്. ചരിത്രവിഡ്ഢിത്തത്തിനെതിരെ മുന്നറിയിപ്പ് നൽകിയവരിൽ പോപ്പ് ഫ്രാൻസിസും ഉൾപ്പെടുന്നു. ജോർദൻ, യൂറോപ്യൻ യൂനിയൻ, ഫ്രാൻസ്, ജർമനി, തുർക്കി എന്നിവയും ട്രംപിന്റെ പ്രസ്താവനയെ അപലപിച്ചു.
പശ്ചിമേഷ്യയിൽ അസ്ഥിരതയും കലാപവുമുണ്ടാക്കാനേ ട്രംപിന്റെ നീക്കം ഉപകരിക്കൂ എന്നാണ് എല്ലാവരുടേയും മുന്നറിയിപ്പ്. ഏഴ് ദശാബ്ദങ്ങളായുള്ള അമേരിക്കയുടെ നയത്തിലെ കാതലായ മാറ്റമാണ് ട്രംപിന്റെ നിലപാട്. ലോകമെങ്ങും അക്രമാസക്തമായ പ്രക്ഷോഭങ്ങൾക്ക് ഇത് ഇടവരുത്തുമെന്നാണ് ഭയം. അമേരിക്കൻ എംബസി ജറൂസലമിലേക്ക് ക്രമേണ മാറ്റുന്നതിനെക്കുറിച്ച് ട്രംപ് വിദേശകാര്യ വകുപ്പിന് നിർദേശം നൽകി. ഇസ്രായിലിന്റെ തലസ്ഥാനമെന്ന നിലയിൽ ജറൂസലമിന്റെ പദവിയെക്കുറിച്ച് ട്രംപ് സുദീർഘമായ പ്രസ്താവനയാണ് നടത്തിയത്. ഇതിലൂടെ തന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് അദ്ദേഹം പാലിക്കുകയും ചെയ്തു. 
മുസ്‌ലിംകളുടെ പുണ്യസ്ഥലങ്ങളിലൊന്നാണ് ജറൂസലം. ലോകമെങ്ങുമുള്ള മുസ്‌ലിംകൾക്ക് വൈകാരികമായ അടുപ്പം ആ പ്രദേശത്തോടുണ്ട്. അതുപോലെ നിരവധി ക്രിസ്ത്യൻ ചരിത്ര പ്രദേശങ്ങളുടേയും ജൂത മതവുമായി ബന്ധപ്പെട്ട വിശ്വാസങ്ങളുടേയും കേന്ദ്രമാണത്. 
മുസ്‌ലിംകളുടെ മൂന്നാമത്തെ പുണ്യഗേഹമായ ബൈത്തുൽ മുഖദ്ദിസ് സ്ഥിതി ചെയ്യുന്നത് ജറൂസലമിലാണ്. അറബ്-ഇസ്രായിലി സംഘർഷത്തിന്റെ പ്രധാന കേന്ദ്രബിന്ദുവാണ് ജറൂസലം. അതിനാൽ തന്നെ ജറൂസലമിലെ മുസ്‌ലിം അവകാശവാദങ്ങൾക്കെതിരായ ഏതു നീക്കവും രൂക്ഷമായ പ്രക്ഷോഭങ്ങൾക്കും കലാപങ്ങൾക്കുമിടയാക്കുമെന്നതിൽ സംശയമില്ല. 

 

ഗാസയിലെ അജ്ഞാത സൈനിക ചത്വരത്തിൽ ട്രംപിനെതിരെ പ്രതിഷേധിക്കുന്ന ഫലസ്തീൻ വനിതകൾ.


ഗാസയിൽ ഇപ്പോൾ തന്നെ അതിന്റെ അനുരണനങ്ങൾ കണ്ടുതുടങ്ങി. നൂറുകണക്കിന് ഫലസ്തീനി പ്രക്ഷോഭകർ അമേരിക്കയുടേയും ഇസ്രായിലിന്റേയും പതാകകൾ കത്തിച്ചു. ഫലസ്തീൻ പതാകകൾ ഉയർത്തിവീശിയ പ്രക്ഷോഭകർ, ജറൂസലം തങ്ങളുടെ പൈതൃക തലസ്ഥാനമാണെന്നും അത് ചുവന്ന രേഖയാണെന്നും പ്രഖ്യാപിച്ചു.
ഗാസയുടെ നിയന്ത്രണമുള്ള ഹമാസ് വരും ദിവസങ്ങളിൽ കൂടുതൽ പ്രക്ഷോഭങ്ങൾക്ക് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഫലസ്തീനികൾ അപകടകരമായ ഒരു ബിന്ദുവിലാണ് ഇപ്പോൾ. ഒന്നുകിൽ നമ്മൾ നിലനിൽക്കും, ഇല്ലെങ്കിൽ നശിക്കും -ഹമാസ് നേതാവ് സലാഹ് ബർദാവിൽ പറഞ്ഞു. ഈ നീക്കം തങ്ങൾക്കോ തങ്ങളുടെ രാജ്യത്തിനോ സമര പ്രസ്ഥാനത്തിനോ തടുക്കാൻ കഴിയില്ലെന്ന് ട്രംപോ മറ്റാരെങ്കിലുമോ ചിന്തിക്കുന്നുവെങ്കിൽ അവർക്ക് തെറ്റിയെന്നും അദ്ദേഹം പറഞ്ഞു. 
ഫലസ്തീനികൾ അനുയോജ്യമായ പ്രതികരണം തന്നെ ഈ നീക്കത്തിന് നൽകുമെന്ന് ഹമാസ് പോളിറ്റ്ബ്യൂറോ ചീഫ് ഇസ്മായിൽ ഹനിയ പറഞ്ഞു. ഒരു ജനതയെന്ന നിലക്ക് അമേരിക്കയുടെ നിലപാടിനെ അംഗീകരിക്കാനാവില്ല. ബൈറൂത്തിൽ നൂറുകണക്കിന് ഫലസ്തീൻ അഭയാർഥികൾ തങ്ങളുടെ ക്യാമ്പ് സ്ഥിതി ചെയ്യുന്ന ബുർജുൽ ബരാജനെക്ക് സമീപം പ്രകടനം നടത്തി. ട്രംപ്, നിങ്ങൾ ഭ്രാന്തനാണ് എന്ന് മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രകടനം.
ജറൂസലം ഫലസ്തീന്റെ പൈതൃക തലസ്ഥാനമാണ് എന്ന് ട്രംപിനോട് പറയാനാണ് ഞങ്ങൾ ഇവിടെ കൂടിയിരിക്കുന്നത് -ഫലസ്തീൻ അഭയാർഥിയായ നദ അദ്‌ലൂനി പറഞ്ഞു. ലെബനീസ് പത്രങ്ങളിലും ട്രംപിനെതിരായ വികാരം ആഞ്ഞടിക്കുകയാണ്. യു.എസ് പ്രസിഡന്റിനെ മുൻ ബ്രിട്ടീഷ് വിദേശ സെക്രട്ടറി ആർതർ ബാൽഫറുമായാണ് അൽ നഹർ പത്രം താരതമ്യം ചെയ്തത്. ഫലസ്തീനെ ജൂതരുടെ ദേശീയ ഭവനമായി നൂറുവർഷം മുമ്പ് പ്രഖ്യാപിച്ചയാളാണ് ബാൽഫർ. 
അറബ് ലീഗ് വിദേശ മന്ത്രിമാരുടെ അടിയന്തര സമ്മേളനം ശനിയാഴ്ച വിളിച്ചുചേർത്തിട്ടുണ്ട്. ഇസ്‌ലാമിക രാജ്യങ്ങളുടെ സമ്മേളനം അടുത്താഴ്ച വിളിച്ചു ചേർക്കുമെന്ന് തുർക്കി പ്രഖ്യാപിച്ചു. 
ട്രംപിന്റെ നീക്കത്തിനെതിരെ മുസ്‌ലിം നേതാക്കൾക്ക് ഫലപ്രദമായി പ്രവർത്തിക്കാൻ അവസരമൊരുക്കാനും പ്രതിഷേധത്തിന് ഏകോപിത രൂപം നൽകാനുമാണിതെന്ന് തുർക്കി അറിയിച്ചു.
പശ്ചിമേഷ്യൻ സമാധാന പ്രക്രിയക്ക് ഇതോടെ അന്ത്യമായെന്നാണ് ഫലസ്തീൻ നേതാക്കൾ പ്രതികരിച്ചത്. ഫലസ്തീൻ പ്രധാനമന്ത്രി റാമി ഹംദല്ല ഇന്നലെ യൂറോപ്യൻ നയതന്ത്ര ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ജറൂസലമിന്റെ കാര്യത്തിൽ അമേരിക്കയുടെ നയംമാറ്റം സംഘർഷത്തിന് എരിതീ പകരുമെന്നും മേഖലയിലുടനീളം അക്രമത്തിന് കാരണമാകുമെന്നും അദ്ദേഹം അവരോട് പറഞ്ഞു. ട്രംപിന്റെ പ്രഖ്യാപനത്തിന് ശേഷം ഉപദേഷ്ടാക്കളുടെ യോഗം വിളിച്ചു ചേർത്ത് അനന്തര നടപടി സ്വീകരിക്കുമെന്ന് ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പറഞ്ഞു. ട്രംപിന്റെ തീരുമാനത്തെ ശക്തമായി എതിർത്ത് ഇറാൻ നേതാവ് ആയത്തുല്ല അലി ഖാംനഈ രംഗത്തു വന്നിട്ടുണ്ട്. 
അപകടകരമായ നടപടി എന്നാണ് സിറിയൻ വിദേശ മന്ത്രാലയത്തിന്റെ പ്രതികരണം. ആഗോള സംഘർഷത്തിന് ഇത് ഇടയാക്കുമെന്ന് അവർ പറഞ്ഞു. ഇസ്രായിലുമായുള്ള ബന്ധങ്ങൾ സാധാരണ നിലയിലാക്കുന്നത് നിർത്തിവെക്കാൻ അറബ് രാജ്യങ്ങളോട് അവർ ആവശ്യപ്പെട്ടു. 
ലോകം മുഴുവനും ട്രംപിന്റെ നിലപാടിന് എതിരാണെന്ന് തുർക്കി വിദേശ മന്ത്രി മെവ്‌ലുത് കാവുസോഗ്ലു പറഞ്ഞു. ജറൂസലമിലേക്ക് എംബസി മാറ്റുന്നത് ഗുരുതരമായ പിഴവാണെന്നും അദ്ദേഹം പറഞ്ഞു. ബ്രസ്സൽസിൽ നാറ്റോ ആസ്ഥാനത്ത് യു.എസ് വിദേശ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കാവുസോഗ്ലുവിന്റെ പ്രസ്താവന പുറത്തു വന്നത്. ലോകത്ത് സ്ഥിരതയും സുരക്ഷയുമൊരുക്കുന്നതിന് പകരം അശാന്തിയും സംഘർഷവും വിതക്കുന്നതാണ് ട്രംപിന്റെ നീക്കമെന്നും അദ്ദേഹം പറഞ്ഞു.


 

 

Latest News