കർഷക സമര പശ്ചാത്തലത്തില്‍ ട്രാക്ടർ ചിഹ്നത്തില്‍ അഭിമാനത്തോടെ ജോസഫ്; പി.സി.ജോർജിനു കിട്ടിയത് തൊപ്പി

കോട്ടയം- അനിശ്ചിതത്വങ്ങൾക്കൊടുവിൽ ജോസഫ് വിഭാഗത്തിൻ്റെ എല്ലാ സ്ഥാനാർത്ഥികൾക്കും ട്രാക്ടർ ഓടിക്കുന്ന കർഷകൻ ചിഹ്നം ലഭിച്ചു. പാലായിൽ ജോസിനെതിരെ മത്സരിക്കുന്ന എൻസികെ സ്ഥാനാർത്ഥി മാണി സി കാപ്പനും ട്രാക്ടർ ഓടിക്കുന്ന കർഷകൻ്റെ ചിഹ്നം അനുവദിച്ചിട്ടുണ്ട്.

പി സി ജോർജ്ജിന് തൊപ്പി ചിഹ്നവും ചങ്ങാനാശേരിയിലെ യുഡിഎഫ് സ്ഥാനാർത്ഥി വിജെ ലാലിക്ക് ട്രാക്ടർ ചിഹ്നവും ചങ്ങനാശ്ശേരിയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ലതിക സുഭാഷിന് ഓട്ടോറിക്ഷാ ചിഹ്നവുമാണ് അനുവദിച്ചത്. 

എല്ലാവർക്കും ഒരേ ചിഹ്നം കിട്ടുമോയെന്ന ആകാംക്ഷയിലായിരുന്നു രണ്ടിലക്കായുള്ള നിയമപ്പോരിൽ ജോസിനോട് തോല്‍ക്കേണ്ടി വന്ന ജോസഫ്.

സ്വയം കർഷകനെന്ന് വിളിക്കുന്ന ജോസഫിന് ട്രാക്ടർ ഓടിക്കുന്ന കർഷകൻ ചിഹ്നം ഏറെ ആശ്വാസമായി. ട്രാക്ടർ ഓടിക്കുന്ന കർഷകൻ്റെ ചിഹ്നം പാർട്ടിക്ക് അനുവദിച്ചതിൽ സന്തോഷമുണ്ടെന്ന് പി ജെ ജോസഫ് പറഞ്ഞു. ദല്‍ഹിയിലെ കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ ചിഹ്നത്തിന്റെ പ്രസക്തിയേറെയാണെന്ന് അദ്ദേഹം പറഞ്ഞു.  ചിഹ്നവുമായി സ്ഥാനാർത്ഥികൾ പ്രചാരണത്തിൽ സജീവമാകുമെന്നും 10 മണ്ഡലങ്ങളിലും വിജയ പ്രതീക്ഷയാണ് ഉള്ളതെന്നും പി ജെ ജോസഫ് കൂട്ടിച്ചേർത്തു.

Latest News